രചന : ഹാരിസ് ഖാൻ ✍

ഇന്ന് അയൽഗ്രാമമായ കാരശ്ശേരി വഴി വരികയായിരുന്നു. കാരശ്ശേരി മാഷിൻെറ “പുഴക്കര” വീടിൻെറ ഉമ്മറത്തേക്ക് നോക്കി. ആളില്ല. കെ റെയിലിനേക്കാൾ വേഗതയുളള ജലപാത വഴി തിരുവനന്തപുരത്തോ മറ്റോ പോയോ ആവോ…?
തൊട്ടപ്പുറത്ത് സലാം കാരശ്ശേരിയുടെ വീടുണ്ട്. നടനും, തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു.

തൻെറ ഭാരിച്ച ഭൂസ്വത്ത് മുഴുവൻ ആർട്ട് സിനിമകളെടുക്കാൻ മാത്രമായി വിനിയോഗിച്ച മനുഷ്യൻ. ചുഴി, ചുവന്ന വിത്തുകൾ, പതിനാലാം രാവ്, ക്രിമിനൽസ് (കയങ്ങൾ), ശ്രീനിവാസൻ ആദ്യം നായകനായ സംഘഗാനം, അവസാനം മമ്മൂട്ടി നായകനായ ടി വി ചന്ദ്രൻെറ ഓർമ്മകൾ ഉണ്ടായിരിക്കണം, കബനീനദി ചുവന്നപ്പോളിൽ സഹനടൻ…
സുകുമാരനും, മമ്മൂട്ടിയുമെല്ലാം സൗഹൃദവലയങ്ങളിൽ ഉണ്ടായിട്ടും പണം കൺമുന്നിലൂടെ ഒഴുകി പോയിട്ടും ഒരിക്കലും കൊമേർസ്യൽ സിനിമയുടെ പിറകെ പോയില്ല.

മലയാള സിനിമയെ ഉദ്ധരിക്കുക എന്നതായിരുന്നു അവതാര ലക്ഷ്യം..
സിനിമാ ചരിത്രത്തിൽ അവഗണിക്കപ്പെട്ട മനുഷ്യനായിട്ടാണ് തോന്നാറ്. കൂടുതൽ പരിഗണന അദ്ദേഹം അർഹിക്കുന്നുണ്ടാ യിരുന്നു.
അദ്ദേഹത്തിൻെറ വീടിന് തൊട്ടപ്പുറം വയലിനോട് ചേർന്ന് കരുവോട്ട് അമ്പലം. സിനിമാ ചരിത്രത്തിൽ സലാം കാരശ്ശേരിയെപ്പോലെ ഇതിഹാസങ്ങളിൽ അവഗണിക്കപ്പെട്ട മറ്റൊരു അവതാരമാണ് അവിടെ പ്രതിഷ്ഠ, ബലരാമൻ…
കാരശ്ശേരി എന്ന പേര് തന്നെ ബലരാമൻെറ കലപ്പയിൽ (കരി) നിന്നാണ്…
ഇന്ത്യയിൽ തന്നെ വിരലെണ്ണാവുന്ന അമ്പലങ്ങളെയുള്ളൂ അദ്ദേഹത്തിന്. കർഷകൻെറ ദൈവമായത് കൊണ്ടാവുമോ?
കലപ്പയാണല്ലോ ചിഹ്നം. പാലക്കാട് നെന്മിനി എന്നൊരു ക്ഷേത്രംകൂടിയുണ്ടെന്ന് ഗൂഗിൾ പറയുന്നു

ബലവാനും സർവ്വരേയും ആകർഷിക്കുന്ന രൂപവുമുണ്ടായതിനാൽ പേര് ബലരാമൻ.
നല്ല ഇടയനും, ഇടിയനും, കൃഷിക്കാരനുമായി രുന്നു. ഗദായുദ്ധത്തിൽ വിദഗ്ദനും,സ്ത്രീ വിഷയത്തിൽ തൽപരനും, മദ്യാപാനത്തിൽ അതിലേറെ തൽപരനുമായിരുന്നു…
തൻെറ കർമ്മം മറന്ന് മദ്യാസക്തനായി രിക്കുന്ന ബലരാമനെ ഇതിഹാസങ്ങളിലുടനീളം കാണം.
അദ്ദേഹത്തിന് ഒരു ഭാര്യയെ ഉണ്ടായിരുന്നുള്ളു. സഹോദരനെ പോലെ 16108 ഇല്ലായിരുന്നു. (നിങ്ങൾ 16008 എന്ന് എണ്ണം കുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടി ട്ടുണ്ട്..)
വിഷയ കാര്യങ്ങളിൽ തൽപരനായിരു ന്നേലും ,അദ്ദേഹത്തിന് കുട്ടികളില്ലായിരുന്നു കെട്ടോ..

( “അതെന്തിനാ പട്ടി ഇപ്പോ ഇവിടെ പറഞ്ഞത് ..? ഇന്നസെൻറ് )
കൃഷ്ണനെ പോലെയായിരുന്നില്ല, കൗരവരോട് ഒരു ചെറിയ ചായ്വ്വ് പ്രകടിപ്പിച്ചിരുന്നു.
ഗദായുദ്ധത്തിൽ ദുര്യോധനൻേറയും, (സുയോധനൻ എന്ന് വേണം) ഭീമൻെറയും ഗുരുവായിരുന്നു. സുയോധനായിരുന്നു പ്രിയശിഷ്യൻ…

ചതിയിലൂടെ സുയോധനനെ വധിക്കാൻ ബലരാമൻ സമ്മതിക്കില്ലെന്ന് അറിയാവുന്ന കൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിന് മുന്നെ വഴിച്ചെലവും കള്ളിനുള്ള പൈസയും കൊടുത്ത് ബലരാമനെ തീർത്ഥാടനത്തിന് വിടുകയായിരുന്നു…
അല്ലേൽ കഥമാറിയേനേ…
അവഗണിക്കപ്പെട്ട ഒരു മനുഷ്യനും ദൈവവും അപ്പുറവും ഇപ്പുറവും… ഒരു കൗതുകം

By ivayana