രചന : മോഹൻദാസ് എവർഷൈൻ. ✍

മുക്കുറ്റിപൂക്കുമിടവഴിയിൽ നില്കുന്നു
ഞാനും എന്റെ ബാല്യകൗമാരങ്ങളും.
വാർദ്ധക്യം ജരാനരകളാൽ തഴുകിടും
ഈ സായന്തനത്തിലും കാലിടറാതെ.
ചിതലുകളുപേക്ഷിച്ച സ്വപ്‌നങ്ങൾ ചിലത്
ഇപ്പോഴും ബാക്കിയായ് ഉറങ്ങാതിരിക്കുന്നു.
പതിരുകൾ പാറ്റിയെറിഞ്ഞൊരാ മുറ്റത്ത്
ഉറുമ്പുകൾപരതി നടക്കുന്ന പോലെ ഞാനും
അമ്മ കൊളുത്തി വെച്ചൊരു ചിമ്മിനി വെട്ടം
ഇരുളും തുളച്ചുള്ളിൽ നിറച്ചൊരക്ഷരങ്ങൾ
ഇന്നും വെളിച്ചമായെന്റെ വഴിതെളിച്ചീടുന്നു,
ഓർമ്മകൾ തിരിതാഴ്ത്തിയ ചിരാത് പോലെ.
ആരവങ്ങൾ അകന്ന് പോയെങ്കിലുമിന്നും
ആതിരവന്ന് തിരയുന്നതാ താളിയോലകൾ
ഓലപ്പുരമുകളിൽ മഴതാളം പിടിച്ചരാവുകൾ
തോരാതെ പെയ്യുന്നുമിന്നുമെന്നുള്ളിലായ്.
വാത്സല്യമെന്തെന്ന് ഓർമ്മപ്പെടുത്തുവനായി
വയൽചൂര് മണക്കും അച്ഛന്റെമുത്തങ്ങളും
കാലം മറക്കാതെ കരളിൽ കരുതിവെച്ചിട്ടും
പിൻവിളി കേൾക്കാതെ മുന്നോട്ട് പോകുന്നു.
നടവഴികളിടവഴികളെല്ലാം മറഞ്ഞൊരു
പെരുവഴിയിൽ പട്ടിണി പതിയിരിക്കുമ്പോഴും
പട്ടണം പണിയുവാൻ വിത്ത് വിതയ്ക്കുന്നു,
നന്മകൾ മറക്കുന്നു, നമ്മളെല്ലാം മറക്കുന്നു.
വെറുതെ ഞാനീ സായന്തനതിലെന്തിനോ
തുറന്നൊരാ ഓർമ്മചെപ്പിനിയടയ്ക്കട്ടെ,
മുക്കുറ്റിയും, തുമ്പയും, തുളസിയും അന്ത്യ
വിശ്രമംകൊള്ളുമീവഴിമറന്നങ്ങെ പോയിടും?.

By ivayana