രചന : മായ അനൂപ്✍

ജീവിതവീണയിൽ നാദം പകരുവാൻ
കൂട്ടിനായ് വന്നൊരു കൂട്ടുകാരാ
ഹൃദയ വിപഞ്ചിയിൽ നീ ശ്രുതി മീട്ടുമ്പോൾ
രാഗവും താളവും നമ്മളല്ലോ (2)

അഷ്ടമംഗല്യത്തിൻ താലവും വെച്ചൊരാ
കതിർമണ്ഡപത്തിൽ വെച്ചെൻ കഴുത്തിൽ
അഗ്നിസാക്ഷിയായ് പൊൻതാലി ചാർത്തി
നിൻ ജീവിത സഖിയായി സ്വീകരിച്ചു

അന്നണിയിച്ചൊരാ വരണമാല്യത്തിലും
സ്നേഹത്തിൻ പുഷ്പങ്ങളായിരുന്നു
സീമന്തരേഖയിൽ സിന്ദൂരം ചാർത്തിച്ചെൻ
ജീവന്റെ പാതിയായ് പ്രാണനാഥൻ

മാറോടു ചേർത്തെന്റെ നിറുകയിൽ അന്നൊരു
പ്രണയത്തിൻ മുദ്രയും ചാർത്തിച്ചു നീ
ആയിരം വർണ്ണങ്ങൾ ചാലിച്ച സുന്ദര
സ്വപ്‌നങ്ങളെല്ലാം ഞാൻ കാഴ്ച വെച്ചു

അന്ന് തൊട്ടെൻ ജീവരാഗമായ് നീ നിന്റെ
സ്നേഹത്തിൻ ആഴവും ഞാനറിഞ്ഞു
ഈ ജന്മം സുന്ദരസുരഭിലമാക്കിയെൻ
ജീവിത സായൂജ്യമായി മാറി

നീ വേണമെന്നുമിണയായ് തുണയായെൻ
ജീവിതാന്ത്യത്തിൻ നിമിഷം വരെ
ഇനി വരും ജന്മങ്ങളെല്ലാം നീ തന്നെയെൻ
പതിയായി പ്രാണനായി മാറിടേണം (2

മായ അനൂപ്

By ivayana