രചന : ബി.സുരേഷ് ✍

സൂര്യൻ്റെ തീഷ്ണതയേറുന്നു
ചാവുകടലിൽ തിരയിളക്കം
ആകാശ മദ്ധ്യത്തിൽ
കഴുകൻ വട്ടമിട്ടു പറക്കുന്നു

അന്യൻ്റെ അസ്ഥികൾ
ആദർശം അറുത്തെടുക്കുന്നു
നിണച്ചാലുകൾ തളം കെട്ടി ഉറയുന്നു
മർത്യ ശിരസുകൾ മതിലിൽ
കോലം തീർത്തു ചിരിക്കുന്നു
തെരുവുകൾ ഭ്രാന്തൻകേളിക്കു
വിളനിലങ്ങളാക്കി രസിക്കുന്നു
വായുവിൽ വടിവാളുയരുന്നു
വാക്കുകൾ മുറിഞ്ഞു
കബന്ധം വീഴുന്നു
അടർക്കളം വിട്ടോടി
അംഗഭംഗത്തിൻ ഇരകൾ
വിധവകൾ ഇരുട്ടും വെളിച്ചവും
ഭയന്നു വിലപിക്കുന്നു

മാറുമറച്ച പെണ്ണിൻ ചേലകൾ
വായുവിൽ അലഞ്ഞു പറക്കുന്നു
അക്ഷരം പകർന്നവർ
അര അഴിച്ചു പുതുപാഠം ചമക്കുന്നു
അന്യൻ പെറ്റ പൈതലെ
അപകരിച്ചു പാതിവൃത്യത്തിൻ
ഭാവശുദ്ധി തെളിയിക്കുന്നു

ഏഴു വലം വെച്ചവളെ
എഴുപതാൾക്കായ്
എണ്ണികൊടുക്കുന്നു
എണ്ണിയതുട്ടുകൾ
എണ്ണമറന്ന് ആടി തീർക്കുന്നു

പണമെറിഞ്ഞു പാപം തീർക്കുന്നു
മേടകൾ പാട്ടുപാടി ആഘോഷിക്കുന്നു
പരസഹായമില്ലാതെ ഇരകൾ ഒടുങ്ങുന്നു
നീതിദേവത കണ്ണിൻ
കെട്ടുമുറുക്കി മൗനമാചരിക്കുന്നു
നീതിയും ന്യായവും
അകാലമൃത്യു അടയുന്നു
താതൻ്റെ കത്തിമുനയിൽ
പിടയുന്നു പുത്രൻ
പോറ്റി ഊട്ടിയ മാതാവ്
പുത്ര പീഡനമേറ്റു വീഴുന്നു
ചങ്ങല ഭ്രാന്തിനാൽ
കുതറി പുളയുന്നു
കുറുന്തോട്ടിവാതം മൂത്തു തളർന്നു
അനാഥർ അരങ്ങൊഴിയുന്നു
അവകാശം അന്ത്യയാത്രയിലും
അകലങ്ങളിൽ തന്നെ

വേലികൾ വിളവു
തിന്നു മുടിക്കുന്നു
അധികാരികൾ
അന്ധരായ് ചലിക്കുന്നു
പുതിയ പ്രതിഭാസം മണ്ണിൽ
പുതു കാഴ്ചകളൊരുക്കുന്നു
കൈരളി കാഴ്ചഴയറ്റു
കണ്ഡമിടറി നിൽപ്പൂ.

ബി.സുരേഷ്

By ivayana