രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

കവിതയുടെ നടവഴിയിലൂടെയടിപതറിടാ-
താവോ,നടക്കുന്നു സാമോദമിന്നുഞാൻ!
അവികലസുഗന്ധിയായ് മമമനസിയതിലുപരി-
യേതൊന്നുവേണ,മാനന്ദലബ്ധിക്കഹോ!

ധരയിലതിനിയതമൊടുസദയമതിനായ് സദാ –
വാണിമാതാവേ,തുണച്ചീടുകെന്നെനീ
ഇഹമഖിലമതികഠിനതരമഴലിൽമുങ്ങവേ;
ഓർത്തുപോയെന്തിതിൻ കാരണമെന്നുഞാൻ!

ഒരുപഴുതുമകതളിരിലില്ലാതെയല്ലയോ,
മാനവരൊട്ടു കേഴുന്നതീയൂഴിയിൽ !
അനുനിമിഷമണുകവരുമതുലശതമോഹങ്ങ –
ളോരുവാനാർക്കിന്നു സാധ്യമായ് വന്നിടൂ!

നൊടിയിടയിലുലകമടിമുടിതകരുമോർപ്പുനാം
ആർക്കുമാവില്ലതു തെല്ലുതടുക്കുവാൻ!
കരുണയെഴുമൊരുഹൃദയമുണ്ടാകണംനമു-
ക്കെന്നാലു,മീജീവിതാന്ത്യംവരേക്കുമേ

നരജനസഹസ്രമടിപതറിനിർവേദമാം
ചേതസാ,കണ്ണീർപൊഴിച്ചതിദീനമായ്,
ഇലകളിഹതുരുതുരെയടർന്നിടുംപോലവേ-
യോരോനിമേഷവും വീണടിയുന്നിതാ!

നിജനടനപദചലനമൊട്ടുംപിഴച്ചിടാ-
തേവമാത്മാനന്ദമേകുകമാധവാ
ശുഭസുഭഗസുഖമുദിതഹൃദയമണിദീപമായ്,
സാദരം നിന്നാഗമംകാത്തിരിപ്പുഞാൻ

ജഗദുദയവിബുധനനന്തനതികായനാ-
മാരബ്ധകർമ്മസമുദ്ഭവൻ കൃഷ്ണന്റെ;
പദകമലമനിശമതിവിനയമൊടുകുമ്പിട്ടു
കാലങ്ങൾ പോക്കുകിൽ മോക്ഷമല്ലോ,ഫലം!

നവനവദിനങ്ങളിവിടരുണാഭയാർന്നുഹാ-
യേതേതുമാരിയും നിഷ്പ്രഭമാകുവാൻ;
കരളിലഥമധുരതരഗുണഗരിമയാർന്നിദം
ആർദ്രമണഞ്ഞീടുകാനന്ദദായകം

തവചരിതമവനിയിലനാരതംജീവന്റെ
ശാന്തിമന്ത്രങ്ങളായുദ്ഗമിക്കുന്നിതാ!
പരിചൊടെദുകുലമഹിമതെല്ലുംവെടിഞ്ഞിടാ-
താദർശധീരനായ് കൃഷ്ണാ,മുരാന്തകാ,

തിരുഗമനനിപുണമണിമാദിഗുണമാർന്നിദം
വേദാന്തസാരമായ്തന്നെതുടർന്നിടൂ
ജയകമലദലനയന,ജയഭുവനപാലകാ,
പാഹിമാംപാഹിമാംഹേ,ധർമ്മരക്ഷകാ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana