രചന : നോർബിൻ നോബി ✍

ഞാൻ ആദ്യമായി കാണുമ്പോൾ
എന്തൊരു ചന്തമായിരുന്നു അവൾക്ക്.
കൂടെയുള്ളവരെയും, രക്തബന്ധങ്ങളെയും
വിട്ടുപേക്ഷിച്ച്. കതിർമണ്ഡപത്തിലേക്ക്,
അവൾ നടന്നു നീങ്ങിയതും.
ഞാൻ ചാർത്തിയ താലിയും അണിഞ്ഞു
എന്റെ കൈ കോർത്ത് നടന്നതും .
മനസ്സും, ശരീരവും പരസ്പരം പങ്കുവച്ചു
ഞങ്ങൾ ഒന്നായി തീർന്നതും
ആമോദത്തോടെ തുടർന്നിരുന്ന
ജീവിത ആഘോഷത്തിന്റെ
മധുരം കുറഞ്ഞു തുടങ്ങിയപ്പോൾ
തന്റെ പ്രിയതമ,
തന്റെ ഭാര്യ അത്ര പോരാ,
എന്നറിയുന്നു
ഞാൻ എന്ന മാന്യൻ.
ഭാര്യയുടെ കുറവുകൾ
പലതുണ്ട് പറയുവാൻ
സൗന്ദര്യ കുറവ്, വൃത്തി കുറവ്
കഴിവ് കുറവ്, അറിവ് കുറവ്
സ്വഭാവഗുണം കുറവ്, ആരോഗ്യ കുറവ്
എന്തിനേറെ പറയുന്നു
നടപ്പിലും,ഇരിപ്പിലും,നിൽപ്പിലും
സർവത്ര കുറവോട് കുറവാണ-
വൾക്കിന്ന്.
ഞാൻ ഒരു കലാകാരനാണ്,
എഴുത്തുകാരനാണ്,
ദിനവും അനുമോദനങ്ങളും
ആരാധക വൃന്ദങ്ങളും,എനിക്കേറെയാണ്.
ഒരു ദിനം അക്ഷരങ്ങളെ
ഒരുമിച്ചുകൂട്ടുന്ന വേളയിൽ
എന്റെ” തൂലിക “എന്നോട് മന്ത്രിച്ചു
നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്.
നിന്റെ സൃഷ്ടികൾ ഉത്തമം.
പ്രണയത്തെക്കുറിച്ചുള്ള ഭാവനകളോ
അതിമനോഹരം, നിന്റെ ജീവിത വീക്ഷണങ്ങൾ,
വിലയിരുത്തലുകൾ അതിഗംഭീരം.
എങ്കിലും, നിനക്കെതിരെ
എനിക്കൊന്നു പറയുവാനുണ്ട്.
നൂറായിരം പ്രണയങ്ങളുടെയും
സൗന്ദര്യത്തിന്റെ കഥകളും , കവിതകളും
നിന്റെ തൂലികയിൽ നിന്നും
പിറവിയെടുക്കുമ്പോഴും,
ലോകം അതിനെ വാഴ്ത്തി സ്തുതിക്കുമ്പോഴും.
നിനക്കായ് ജീവിതം ഹോമിച്ചിടുന്ന,
നിന്നെ അഗാതമായി സ്നേഹിച്ചിടുന്ന,
നിന്റെ ഭാര്യ അവളിന്നും
നിന്റെ സ്നേഹത്തിനായ് കാത്തിരിക്കുന്നുണ്ട്.
അവളുടെ പേരിനോടൊപ്പം
നിന്റെ പേരും ചേർത്തുവിളിക്കുമ്പോൾ
എന്തൊരഭിമാനമായിരുന്നു അവൾക്ക്
നിനക്കും കുടുംബത്തിനും വേണ്ടി അവളിന്നും
അടുപ്പിനരികെ പുകഞ്ഞെരിയുന്നുണ്ട്.
നിന്നെ കുറിച്ചുള്ളോരോർമയിൽ
നിന്റെ കുഞ്ഞിനെ താരാട്ടു പാടിയുറക്കുന്നുണ്ട്
ദിനവും ക്രമം തെറ്റാതെ നിനക്കായി
അധ്വാനിക്കുന്നുണ്ട്, നിന്നുടെ കുറവുകൾ മറന്ന്
നിനക്കായി പ്രാർത്ഥിക്കുന്നുണ്ട്
നീ നൽകിയിരുന്ന ആദ്യകാല സ്നേഹത്തിനായ്
ആ ഹൃദയം തുടിക്കുന്നുണ്ട്
നിന്റെ ഒരു തലോടലിനായ് കൊതിക്കുന്നുണ്ട്
അന്നുമിന്നും അവളുടെ ലോകം നീ മാത്രമാണ്
അവളുടെ ജീവനും ജീവിതവും നിന്നിലാണ്
പ്രണയയവും, വിരഹവും
ജീവിത വിസ്മയവുമെല്ലാം
അക്ഷരങ്ങൾ നിരത്തി നീ വർണ്ണിച്ചിടുമ്പോഴും.
നിന്റെ ജീവന്റെ ജീവനും, ഇണയും, തുണയുമായ
നിന്നെ എല്ലാമെല്ലാമായി കരുതുന്ന
നിന്റെ പ്രിയതമ, നിന്റെ ഭാര്യ
അവളുടെ സ്നേഹം കാണാതെ
പോകരുതൊരിക്കലും
നൽകേണ്ട പരിഗണന
നൽകാതിരിക്കരുത് ഒരിക്കലും
കുറവുകൾ ക്ഷമിച്ചു,കഴിവുകൾ കണ്ടെത്തി
നിന്നോടൊപ്പം അതുമല്ലെങ്കിൽ
നിനക്കൊരുപടി മുന്നിൽ
വളർത്തുവാൻ നീ പരിശ്രമിക്കുമ്പോൾ
നിന്റെ തൂലികയാം ഞാൻ പറയും
നീ തന്നെ ലോകം കണ്ടതിൽ
വച്ചേറ്റവും നല്ല ഭർത്താവും,
മനുഷ്യസ്നേഹിയും,എഴുത്തുകാരനും.

നോർബിൻ

By ivayana