രചന : ഷബ്‌നഅബൂബക്കർ ✍

ദൈവത്തിൻ നാടിനെ മടിയേതുമില്ലാതെ
ഭ്രാന്താലയമെന്നുറക്കെ പറയുവാൻ
വിവേകമേറെ നിറഞ്ഞൊരു സ്വാമികൾ
നവോത്ഥാനത്തിന്റെ തീരത്തുദിച്ചു.

കാട് പൂക്കുന്ന കേരള ദേശത്തിൽ
കാടത്വം വളരുന്ന മനസ്സുകൾ കണ്ട്
കാറ്റിൽ പറക്കുന്ന സംസ്കൃതി നോക്കി
കാലത്തിനും മുന്നേ നടന്നു മഹാനവർ.

കാലമോ കാറ്റിന്റെ വേഗത്തിലോടി
തീവണ്ടിയും മാറി മെട്രോയുമായി
പത്രത്തിൽ നിറയുന്ന വർത്തകൾ കാണേ
നോവിനാൽ നേത്രം നിറയുന്നു നിത്യം.

സ്ത്രീയാണ് ധനമെന്ന് പാഠങ്ങൾ തന്നിട്ട്
സ്ത്രീധനം എണ്ണം പറഞ്ഞു വാങ്ങുന്നവർ
ഏറും പ്രതീക്ഷയിൽ ഏൽക്കും കരങ്ങളാൽ
കഴുത്തിൽ മുറുക്കി ഉയിരും കവരുന്നു.

താലികൾ വെറുമൊരു ചരടായി മാറുന്നു
കരടായി ജീവിതം പകയായി മാറുന്നു
മദമിളകിയെത്തുന്ന മതത്തിൻ ചവിട്ടേറ്റ്
മതേതരത്വത്തിൻ പ്രാണൻ പിടയുന്നു.

രക്തബന്ധത്തിൽ മായം കലരുമ്പോൾ
പിതൃസ്ഥാനവും അഴിഞ്ഞു വീണീടുന്നു
കൂടപ്പിറപ്പിലും കാമം നിറയുന്നു
അപ്പനും അപ്പൂപ്പനും ഒന്നായി മാറുന്നു.

പുസ്തകം പിടിക്കുന്ന കൈകളിലെല്ലാം
വാളുകൾ,കത്തികൾ സ്ഥാനം പിടിക്കുന്നു
കൊടിയുടെ നിറം നോക്കി മർദിക്കും നേരം
ഛർദിക്കും ചോരക്ക് നിറമൊന്നു തന്നെ.

വിശന്നെരിയുന്ന വയറുകൾ നോക്കി
വിഫലമാക്കുന്നു ഭക്ഷണ വസ്തുക്കൾ
വിഷമെന്ത് തിന്നുന്നു മർത്യാ നീയിവിധം
വിഷമമില്ലാതെ ക്രൂരത കാട്ടുവാൻ.

അനീതികൾ നഗ്നമായ് ആടിത്തിമർക്കുമ്പോൾ
നീതിയോ കണ്ണുകൾ കെട്ടി മറക്കുന്നു
കണ്ടില്ല കാഴ്ച്ചകൾ ഇനി കാണില്ലൊരിക്കലും
കാണാത്തതിനൊന്നും സാക്ഷികളില്ലല്ലോ.

കനിവ് വറ്റുന്നു മർത്യന്റെ നെഞ്ചിൽ
കത്തി തുളക്കുന്നു, വയറു പിളർക്കുന്നു
രക്തമോ പുഴപോലെ ഒഴുകുമ്പോൾ
ചുവക്കുന്നു എന്റെ കേരളമാകെയും.

മലയാളം മൊഴിയുന്ന മഹാബലി നാട്ടിൽ
മനസാക്ഷി മരവിച്ചു ഭ്രാന്തുപിടിച്ചവർ
മലപോലെ വളരുന്നു മലിനം നിറക്കുന്നു.
മരണം രുചിക്കുന്നു കേരനാടും.

അക്ഷരം തെറ്റാതെ മൊഴിയുന്നു മനസ്സും
കാലമേ നീ തന്നെ സാക്ഷിയെല്ലാത്തിനും
കാലങ്ങൾ മുന്നേ കുറിച്ചിട്ടതെല്ലാം
കാതലായുള്ള സത്യങ്ങളല്ലോ
ഇന്ന് കേരളം വെറുമൊരു ഭ്രാന്താലയം?!

ഷബ്‌നഅബൂബക്കർ

By ivayana