രചന : പുഷ്പ ബേബി തോമസ്✍
ഏയ് ….. കൂട്ടുകാരാ …
ഒരു കൗതുകം ; പലർക്കും ,
നീയാര് എന്നറിയാൻ ,
നീയെനിക്ക് ആരെന്നറിയാൻ……
എന്തു പറയേണ്ടൂ ഞാൻ ??
എങ്ങനെ പറയേണ്ടൂ ഞാൻ ??
കൈയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും ,
അറിയാതെ ….
പറയാതെ ….
ഇണങ്ങാതെ …..
പിണങ്ങാതെ …
പ്രണയിക്കാനാവാതെ പോയ
പ്രണയമാണ് നീയെന്നോ ??
അകലങ്ങളിൽ കാണാതെ … പറയാതെ …..
സ്വപ്നങ്ങളിൽ ജീവിക്കുന്നവരാണ് നാമെന്നോ ??
ഓർമ്മകളെ സുഗന്ധപൂരിതമാക്കും
ചെമ്പകമാണ് നീയെന്നോ ??
ഈശ്വരൻ എനിക്കേകിയ വരമാണ് നീയെന്നോ ??
എൻ കവിതതൻ ഉയിരാണ് നീയെന്നോ ??
എന്നുയിരാവും ശ്വാസമാണ് നീയെന്നോ ?
എൻ മിഴികളിലെ തിളക്കമാണ് നീയെന്നോ ??
ഞാൻ നനയും പ്രണയ മഴയാണ് നീയെന്നോ ??
ജന്മാന്തരങ്ങളിലെ ആത്മബന്ധമാം
ആകർഷണവലയത്തിലാണ് നാമെന്നോ ??
ജന്മാന്തരങ്ങിൽ ഒന്നായ നമ്മെ
രണ്ടായി കാണുവതെങ്ങനെ ??
നീയാരെന്ന് എനിക്ക് പറയാനാവില്ല ;
നീ ഞാനാണ് ….