അവര്‍ ഒരേവരിയില്‍
നടക്കുകയായിരുന്നു.
അവരുടെ തോളുകളില്‍
കൈക്കോട്ടോ കോടാലിയോ
നുകമോ ഉണ്ടായിരുന്നു.
അവരുടെ കൈകളില്‍
വിത്തോ വളമോ അരിവാളോ
ഉണ്ടായിരുന്നു.
അവര്‍ ഒരേവഴിയില്‍
നടക്കുകയായിരുന്നു.
അതൊരു വരിയായി രൂപപ്പെട്ട വിവരം
അവര്‍ അറിഞ്ഞിരുന്നില്ല.
അവരെല്ലാം തല കുനിച്ചാണ്
നടന്നിരുന്നത്.
മുന്‍പേ നടന്നവരെല്ലാം
ഏതോ ഇരുട്ടിലേക്ക്
മറിഞ്ഞുവീണുകൊണ്ടിരുന്നു.
അവര്‍ക്കു പിന്നില്‍
അവരുടെ കൃഷിഭൂമികള്‍
പുളച്ചുകിടന്നു.
അതിലെ വാഴയും ഇഞ്ചിയും
നെല്ലും പച്ചക്കറിയും
മരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്
അവരെ ഒറ്റുകൊടുത്തു.
ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
ശലഭങ്ങളോ പ്രാണികളോ തിരിച്ചുവിളിച്ചില്ല.
വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍
അവരുടെ പോക്കു കണ്ട് തിരിഞ്ഞുകിടന്നുറങ്ങി.
അവരുടെ കുട്ടികളും സ്ത്രീകളും മാത്രം
ആ നീണ്ട വരികളില്‍
അവരെ അനുഗമിക്കാന്‍ തയ്യാറായി.
അനുഗമിക്കുകയാണെന്ന്
അവരും അറിഞ്ഞിരുന്നില്ല.

ഗ്രാമത്തിലെ മുഴുവന്‍ കര്‍ഷകരും
വീണുമരിക്കുന്ന ആ കൊക്കയിലേക്ക്
ഒരിക്കല്‍ ഒരു കുഞ്ഞ് ചെന്നുനോക്കി.
അവിടെ ഗ്രാമത്തില്‍ നിന്ന് മരിച്ചുപോയ
ആയിരക്കണക്കിന് മനുഷ്യര്‍ മുകളിലേക്ക്
നോക്കി കേഴുന്നുണ്ടായിരുന്നു.
അവര്‍ക്കു മീതെ
കുലമറ്റുപോയ
ആയിരക്കണക്കിന് പ്രാണികളും
ശലഭങ്ങളും കിളികളും
പറന്നുനടന്നിരുന്നു…

അപ്പോള്‍ അഗാധതയില്‍ നിന്ന്
ഒരു കൈ പൊന്തിവന്നു.
ചുക്കിച്ചുളിഞ്ഞ അതിന്റെ വിരലുകള്‍
ആ കുഞ്ഞിനെ വാത്സല്യത്തോടെ തലോടി.
അവന്‍ ആ വിരലുകളില്‍ പിടിച്ചു.
അവ പൊട്ടുകയും കൂടുകയും ചെയ്യുന്ന
മണ്ണായിരുന്നു;
വിഷം തിന്നു മരിച്ച മണ്ണിന്റെ കൈ .

By ivayana