കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞു യുവതി ഇറങ്ങിപ്പോന്നു; ഒരു പ്രവാസി യുവ സംരംഭകയുടെ അനുഭവം..
ലോകത്ത് വ്യവസായം തുടങ്ങാന്‍ ഏറ്റവും പ്രയാസമുള്ള നാട് ഏതാണെന്ന് വ്യവസ്സായ പ്രമുഖനായ എം എ യൂസ്സഫ് അലിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ ഉത്തരം കേരളം എന്നാണ്. അതില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ നമ്മുടെ നാട്ടിലെ വ്യവസായ സൌഹൃദം എത്രത്തോളം ഉണ്ടെന്ന്.
പറഞ്ഞു വന്നത് ചെറുകിട സംരംഭം തുടങ്ങാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ക്ക് അത്ര എളുപ്പമൊന്നും കേരളത്തില്‍ അത് പ്രാപ്യമല്ലന്നാണ്.ഒരു ചെറുകിട വ്യവസായം തുടങ്ങുന്ന ലൈസൻസിനായി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും സർട്ടിഫിക്കറ്റുകളും കീറി എറിയുകയും, കൈക്കൂലി കൊടുത്ത് ഇവിടെ ഒരു സംരംഭവുംതുടങ്ങാൻ താൽപര്യമില്ലെന്നു അറിയിക്കുകയും ചെയ്തു യുവ സംരംഭക
കോർപ്പറേഷൻ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. സംഭവം നടന്നത് കൊച്ചി കോർപ്പറേഷനിലാണ്. പള്ളുരുത്തി സ്വദേശിനി മിനി ജോസ് ആണ് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും മറ്റു സര്‍ട്ടിഫിക്കറ്റുകളും വലിച്ചെറിഞ്ഞത്.
ഇവര്‍ വിദേശത്ത് ജോലി ചെയ്യുക ആയിരുന്നു. തന്റെ പ്രായമായ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ തന്നെ നില്‍ക്കുന്നതിനായി ധാന്യം പൊടിപ്പിക്കുന്ന മില്ല് തുടങ്ങാമെന്ന ഉദ്ദേശത്തോടെ തന്‍റെ തന്നെ പഴയ വീട് തിരഞ്ഞെടുക്കുകയും ചെയ്തു. അതിനായി ലൈസൻസിനായുള്ള അപേക്ഷ സമര്‍പ്പിക്കുകയു ചെയ്തു. മലിനീകരണനിയന്ത്രണ ബോർഡിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസൻസ്ഇവര്‍ക്ക് ലഭിച്ചുവെങ്കിലും കോർപ്പറേഷൻ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ്ലഭിച്ചിരുന്നില്ല.
പലപ്പോഴായി ഇതിനായി ഇവര്‍ കോര്‍പ്പറേഷന്‍ ഒഫ്ഫീസ്സില്‍ കയറി ഇറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിന് ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഒടുവിൽ ഇതേ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകാൻ മിനി ഒരുക്കമായിരുന്നില്ല. എന്നാല്‍ സർട്ടിഫിക്കറ്റ് സമയ ബന്ധിതമായി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വേഗത്തിൽ സര്‍ട്ടിഫിക്കറ്റ് നൽകാൻ എന്തുകൊണ്ടാണ് തയ്യാറാകാത്തതു എന്നു ചോദ്യം ചെയ്ത മിനിക്ക് നേരെ ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും ചെയ്തു. ഇതോടെ അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിഞ്ഞു ഇറങ്ങിപ്പോവുക ആയിരുന്നു.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുള്ളിടത്തോളം തനിക്ക് ഒരിയ്ക്കലും തന്‍റെ സ്വപ്നം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് അപേക്ഷയും നേരത്തെ ലഭിച്ച സർട്ടിഫിക്കറ്റുകളും കീറിയെറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. നേരത്തെ ലഭിച്ച സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി 17,000 രൂപ ചിലവക്കുകയും ചെയ്തു. ഇനി തുടര്‍ന്നുപോകാന്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ സമ്മതിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് തന്‍റെ ഈ സ്വപ്നം ഉപേക്ഷിച്ച് തിരികെ വിദേശത്തേക്ക് തന്നെ മടങ്ങുക ആണെന്നും മിനി പറയുന്നു.
‘പ്രവാസികൾക്ക് സ്വയം തൊഴിൽ ചെയ്യാനായി സർക്കാർ സഹായം ചെയ്യുമെന്ന് പലവട്ടം മുഖ്യമന്ത്രി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഇവിടെ യാഥാർത്ഥ്യമാകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നില്ല. അതിനാലാണ് എന്നെ പോലെ ഉള്ളവർക്ക് ഈ ഗതി വരുന്നത്. ഒന്നും ആരോടും പറയാതെ ഇവിടെ നിന്നും തിരിച്ചു പോകാമെന്ന് കരുതിയതാണ്. പക്ഷേ ഇനിയും സാധാരണക്കാരായ മറ്റുള്ളവർ ഇത്തരം ആർത്തിക്കാരായ ഉദ്യോഗസ്ഥരുടെ മുന്നിൽ വീഴരുത്.
അതുകൊണ്ട് മാത്രമാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. എനിക്കെതിരെ ഇനി എന്തൊക്കെ കഥകളാണ് അവർ പറഞ്ഞു പരത്താൻ പോകുന്നതെന്ന് അറിയില്ല. എന്ത് തന്നെയായാലും അത് നേരിടാൻ ഞാൻ തയ്യാറാണ്’ എന്നും മിനി ജോസ് മറുനാടനോട് പറഞ്ഞു.
അതേ സമയം മിനിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മിനിയുടെ വീട്ടിൽ സ്ഥാപനം തുടങ്ങാൻ നിലവിലെ കെട്ടിട ലൈസൻസ് കൊണ്ട് പറ്റില്ല. അത് കോമേഴ്സ്യൽ ലൈസൻസാക്കിയെങ്കിൽ മാത്രമേ സ്ഥാപനം തുടങ്ങാൻ കഴിയൂ. അതിനായി പഴയ രജിസ്റ്റർ ബുക്കുകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ സമയം എടുക്കും. അക്കാര്യം പറഞ്ഞപ്പോൾ മിനി ഉടൻ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.
ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നിട്ടും അവരെ സമാധാനിപ്പിച്ച് അടുത്ത ദിവസം തന്നെ എല്ലാം ശരിയാക്കി നൽകാമെന്ന് പറഞ്ഞു. പക്ഷേ മിനി അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയായിരുന്നു എന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു…