വാസുദേവൻ കെ വി ✍
പ്രശ്നം നീതിന്യായ സമക്ഷം എങ്കിൽ പിന്നെ ജനം ചർച്ച വേണ്ടെന്ന വിചിത്രവാദങ്ങൾ. കീഴ് വഴക്കങ്ങൾ. പ്രോസികൂഷൻ നിലപാടുകളിലൂടെ, തെളിവുകൾ വിശ്വാസയോഗ്യമാവാതെ പ്രതി അപരാധി അല്ലെന്ന് വിധി കല്പിക്കപ്പെടുന്ന കാലിക അപച്യുതി… പ്രതിയെ തോളിലേറ്റി പാർശ്വവർത്തികൾ ആഘോഷാരവങ്ങൾ!!.
പ്രബുദ്ധജനത വെറുക്കുന്ന ചില കീഴ് വഴക്ക ചരിത്രാദ്ധ്യായങ്ങൾ..
വെറുക്കപ്പെട്ട ചില അദ്ധ്യായങ്ങളുമുണ്ട് ചരിത്രത്തിൽ.
1981 ബെൻസൻ ആന്റ് ഹെഡ്ജസ് സീരിസിലെ ബെസ്റ്റ് ഓഫ് ത്രീ ഫൈനൽസ്. അവസാനമത്സരം. ഓരോ കളി വീതം ജയിച്ചു ന്യൂസിലാന്റും ആസ്ത്രലിയയും. ന്യൂസിലാന്റിന് അത് നിർഭാഗ്യദിനം. ഇന്നിങ്സിന്റെ തുടക്കത്തിൽ ഗ്രെഗ് ചാപ്പലിനെ ഡീപ് വിക്കറ്റിൽ ക്യാച്ചെടുത്തെങ്കിലും അമ്പയർ നോട്ട് ഔട്ട് വിധിച്ചു. കിട്ടിയ ഭാഗ്യം മുതലെടുത്ത ചാപ്പൽ 90 റൺസെടുത്ത് ടോപ് സ്കോറർ, 72 റൺസെടുത്ത ഗ്രഹം വുഡുമായി ചേർന്ന് സ്കോർ 235ൽ എത്തിച്ചു . മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാണ്ടിന് അവസാന ബോളിൽ 6 റൺസ് അനിവാര്യം.
ആസ്ത്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ അവസാന ബോളിൽ ബ്രിയാൻ മക്കാനി സികസടിക്കുന്നതൊഴിവാക്കാൻ തന്റെ സഹോദരൻ ട്രവർ ചാപ്പലിന് ‘അണ്ടർ ആം ബൗളിങ്’ ചെയ്യാൻ നിർദ്ദേശം നൽകി. അക്കാലത്ത് അണ്ടർ ആം ബൗളിങ് നിയമ വിരുദ്ധമെന്ന് ക്രിക്കറ്റ് നിയമാവലിയിലില്ലായിരുന്നു. പക്ഷേ ആരും അതിന് ശ്രമിച്ചിരുന്നില്ല.ക്യാപ്റ്റന്റെ നിർദേശം കേട്ട് ആസ്ത്രലിയൻ വിക്കറ്റ് കീപ്പർ റോഡ്നിമാർഷ് ദേഷ്യത്തോടെ തല കുലുക്കി. ട്രവർ ചാപ്പൽ തന്റെ ചേട്ടന്റെ നിർദ്ദേശം അനുസരിച്ചു. അക്കാലത്ത് ഗ്രൗണ്ടിന്റെ അറ്റത്ത് ബൗണ്ടറിലൈൻ.
100 മീറ്ററോളം വരുന്ന ബൗണ്ടറിയിലേക്ക് അണ്ടർ ആം ബൗളിങ്ങിൽ സിക്സറടിക്കുക അസാധ്യം .മത്സരം ഓസ്ട്രേലിയ ജയിച്ചു.എങ്കിലും പ്രബുദ്ധ ആസ്ത്രേലിയൻ കാണികൾ ഗ്രൗണ്ടിൽ കൂക്കുവിളികളോടെയാണ് ചാപ്പലിനേയും സംഘത്തേയും എതിരേറ്റത്.മക്കാനി തന്റെ ബാറ്റ് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.
ജനഹിതം തിരിച്ചറിഞ്ഞ ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാർ സംഭവത്തെ പരസ്യമായി അപലപിച്ചു. എൈ.സി.സി വിമർശിച്ചു. എൈ.സി.സി അണ്ടർ ആം ബൗളിങ് നിയമ വിരുദ്ധമാക്കി.മുൻ ആസ്ത്രലിയൻ ഓൾ റൗണ്ടർ കീത്ത് മില്ലറെഴുതി. ‘ ഇന്നലെ ഏകദിന ക്രിക്കറ്റിന്റെ അന്ത്യ ദിനം. ഗ്രെഗ് ചാപ്പൽ വഴി. “
മൂത്ത സഹോദരൻ ഇയാൻ ചാപ്പൽ പോലും അയാളെ തളളി പറഞ്ഞു. എക്കാലത്തെയും താരം ബ്രാഡ്മാൻ നയം വ്യക്തമാക്കി- “തികച്ചും നിരാശാജനകം ദേശിയ ടീമിന്റെ ഇത്തരം കുടില തന്ത്ര വിജയം. “
ചെയ്തത് ഇത്ര വലിയ തെറ്റെന്ന് അന്നേരം തോന്നിയില്ലെന്ന് ഗ്രെഗ് ചാപ്പൽ. പക്ഷേ കളി കഴിഞ്ഞ്, വരുമ്പോൾ ഒരു കൊച്ചു പെൺകുട്ടി തന്റെ കുപ്പായത്തിൽ പിടിച്ചു വലിച്ച് ‘വഞ്ചകാ’ എന്ന് ഉറക്കെ പറഞ്ഞപ്പോഴാണ് താൻ ചെയ്തത് തന്റെ ജനതക്ക് പോലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റെന്ന് മനസ്സിലാക്കിയത്. അടുത്ത കളിയിൽ ഗ്രെഗ് ചാപ്പലൽ ബാറ്റ് ചെയ്യാൻ വന്നപ്പോൾ ഹോം ഗ്രൗണ്ടിലെ കാണികൾ മൊത്തം എഴുന്നേറ്റ് നിന്ന് കൂവി. ന്യൂസിലാന്റ് ജനതയെക്കാൾ അയാളെ ആ സംഭവത്തിൽ വെറുത്തത് ആസ്ത്രലിയക്കാരായിരുന്നു. ലോകത്തിന് മുമ്പിൽ തങ്ങളെ ചാപ്പൽ വഞ്ചകരാക്കിയെന്ന തിരിച്ചറിവോടെ..,
കൊടിത്തണലിൽ അഭയം തേടുന്ന എഴുത്തുകാരുടെ സങ്കുചിത പ്രസ്താവനകൾ നമ്മുടെ സമൂഹവും ഉൾക്കൊള്ളുന്നതും ഈ വിധം തന്നെ. എഴുത്തുകാർ തിരിച്ചറിയേണ്ട ചരിത്രപാഠം.