രചന : സുനു വിജയൻ. ✍

“സുനു നിന്നെ അത്യാവശ്യമായി ഒന്നു കാണണം. ഒരു വിഷയം ചർച്ച ചെയ്യാനാണ്. വൈകുന്നേരം നമുക്ക് പുഴക്കരയിൽ കാണാം “
എന്റെ സ്നേഹിതൻ സക്കറിയ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു. എന്തോ ഗൗരവമുള്ള വിഷയം തന്നെ അല്ലങ്കിൽ അവൻ ഇങ്ങനെ ഒരാമുഖം പറയാറില്ല.
സക്കറിയ സ്കൂൾ കാലഘട്ടം മുതൽ എന്റെ ഉറ്റ ചങ്ങാതിയാണ്. ഇടുക്കിയിൽ ഒരു സ്കൂളിൽ അധ്യാപകനായി ജോലി നോക്കുന്നു. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആണ് സക്കറിയ സാർ. സ്കൂളിൽ പഠനത്തിനു മാത്രമല്ല, കുട്ടികളുടെ ഓരോ കഴിവും മനസ്സിലാക്കി അവരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കാൻ സക്കറിയ സാറിനു പ്രത്യേക കഴിവുണ്ട്. അതോടൊപ്പം മികച്ച ഒരു വാഗ്മിയും, കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന ഒരു കൗൺസിലർ കൂടിയാണ് എന്റെ സ്നേഹിതൻ സക്കറിയ .

ഞാൻ വൈകിട്ട് അഞ്ചുമണി കഴിഞ്ഞപ്പോൾ പിറവം പട്ടണത്തിൽ എത്തി. സക്കറിയ പിറവത്തിനു അടുത്താണ് താമസിക്കുന്നത്. പിറവത്തെ അതിപുരാതനമായ മൂന്നു രാജാക്കന്മാരുടെ പള്ളി വളരെ പ്രശസ്തമാണ്. പള്ളിയോട് ചേർന്നു പിഷാരു കോവിൽ ദേവി ക്ഷേത്രം. പള്ളിയുടെയും, ക്ഷേത്രത്തിന്റെയും മതിൽക്കെട്ടോടു ചേർന്നു ശാന്തമായി പിറവം പുഴ ഒഴുകുന്നു. മൂവാറ്റുപുഴ ആറു പിറവത്തെത്തുമ്പോൾ അത് പിറവം പുഴയായി. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും ചൈതന്യം ആവോളം ഏറ്റുവാങ്ങി പുഴ വൈക്കം കായലിലും, അവിടെ നിന്ന് അറബിക്കടലിലേക്കും എത്തും.
യാക്കോബായ വിഭാഗവും, ഓർത്തടോക്ക്സ് വിഭാഗവും വളരെ വർഷങ്ങളായി നടത്തിവരുന്ന പള്ളിത്തർക്കത്തിൽ കോടതി വിധി പറഞ്ഞപ്പോൾ വിശ്വാസികൾ രണ്ടു തട്ടിലായി.(വളരെ പണ്ട് മമതയിൽ വർത്തിച്ചിരുന്നവരാണ് )അങ്ങനെ പുഴയോട് ചേർന്നുതന്നെ മറ്റൊരു പുതിയ പള്ളി ഉയർന്നുവന്നു. സത്യത്തിൽ ഒരാഴ്ചകൊണ്ട് ഉരുത്തിരിഞ്ഞ പള്ളി എന്നു തന്നെ പറയാം.

പിറവം പുഴയുടെ തണുത്ത കാറ്റ് നിർലോഭം പുതിയ പള്ളിക്കും ലഭിക്കുന്നുണ്ട്. അലങ്കാര ഗോപുരങ്ങളും, ചിത്ര കമാനങ്ങളും, നൂറ്റാണ്ടിന്റെ പാരമ്പര്യവും അവകാശപ്പെടാൻ ഇല്ലങ്കിലും പുതിയ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥിക്കാൻ, ദൈവത്തെ കാണാൻ പള്ളിയിൽ ധാരാളമായി എത്താറുണ്ട്. വിശ്വാസങ്ങളും, കടുംപിടുത്തങ്ങളും, മനുഷ്യമനസ്സുകൾക്കല്ലേ പ്രകൃതിക്ക് അതില്ലല്ലോ. ദൈവം ഞങ്ങളുടേത്‌, അതല്ല ദൈവം ഞങ്ങളുടേത്‌ എന്ന് പരസ്പ്പരം ആളുകൾ കലഹിക്കുന്നത് കേട്ട് ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് പിറവം പുഴ അനസ്യൂതം ശാന്തമായി ഒഴുകുന്നു
പുതിയ പള്ളിയുടെ താഴെ, പുഴയോട് ചേർന്ന് പിറവം മുനിസിപ്പാലിറ്റിയുടെ പാർക്കിലെ ചാരു ബഞ്ചിൽ വലിയ അലങ്കാര പനയുടെ തണലിൽ ഞാൻ സക്കറിയ വരുന്നതും കാത്തിരുന്നു. പ്രത്യേക രീതിയിൽ ഓലകളുള്ള ഈ പനക്ക് കള്ളുചെത്തുന്ന ചൂണ്ടപ്പനയുടെ സാമ്യമുണ്ട്. ഇപ്പോൾ എല്ലാത്തിനും സാമ്യം മാത്രമേയുള്ളൂ. നിലനിൽപ്പ് കുറവാണ്

പുഴയുടെ മറുകരയിൽ വലിയ വള്ളങ്ങൾ അടുപ്പിച്ചിരിക്കുന്നു. പുഴയിൽ നിന്നും മണലുവാരി കരക്കടുപ്പിക്കുന്ന വള്ളങ്ങൾ. ഇപ്പോൾ പുഴ തുരന്നു മണലെടുക്കുന്നത് കോടതി തടഞ്ഞത് പുഴക്കു തെല്ലൊരാശ്വാസം. പുഴയുടെ മാറിലെ മണലൂറ്റു കുഴികളിൽ ചെറിയ ചുഴികൾ കാണാം.പുഴയുടെ മാറിലെ ചുഴികളിൽ കൂടി ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വൈക്കം കായലിലേക്ക് സഞ്ചരിക്കുന്നു അവിടെനിന്നു അത് അറബികടലിലേക്കും. പാവം അറബിക്കടൽ .കടലിപ്പോൾ മാലിന്യക്കൂമ്പാരങ്ങൾ ഏറ്റുവാങ്ങാനുള്ള ഒരു വലിയ ഒരു പാനപാത്രമായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ പാനപാത്രം.

കൃത്യം അഞ്ചര കഴിഞ്ഞപ്പോൾ സക്കറിയ, എന്റെ ചങ്ങാതി പിറവം പാർക്കിൽ എത്തി. വൈകുന്നേരം വീശുന്ന പുഴയുടെ നേരിയ കുളിരുള്ള ആ ജനുവരികാറ്റേറ്റ് ഞാൻ സക്കറിയ പറഞ്ഞ ആ ഗൗരവമുള്ള വിഷയം കേട്ടിരുന്നു. കരളിൽ ഒരു പന്ത്രണ്ടു വയസ്സുകാരനും, പത്തുവയസ്സുകാരിയും കരയുന്ന നൊമ്പരവും പേറി ഞാൻ സക്കറിയയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങിയപ്പോൾ എനിക്കറിയില്ലായിരുന്നു ആരെ കുറ്റപ്പെടുത്തണം എന്ന്.

ഇമ്മാനുവൽ
അതായിരുന്നു അവന്റെ പേര്.
ഇമ്മനുവലിനു പന്ത്രണ്ടു വയസ്സ്.
അവന് ഒരനുജത്തി ഉണ്ട്
വേറൊണിക്ക. അവൾക്ക് വയസ്സ് പത്ത്.

ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു അപ്പന്റെയും അമ്മയുടെയും ഒപ്പം അവർ കഴിഞ്ഞിരുന്നത് ഇമ്മനുവലിന്റെ അപ്പൻ ദേവസ്യ മദ്യപിക്കും. ഭാര്യ സാറയുമായി എന്നും വഴക്കിടും. ദേവസ്യ ലോറി ഡ്രൈവറാണ്.

ഇടുക്കിയുടെ തണുപ്പിൽ ചുരമിറങ്ങി അടിവാരത്തു ചെല്ലുമ്പോൾ എസ്റ്റേറ്റ് റോഡിൽ ഒരു കള്ളുഷാപ്പുണ്ട്. കള്ളും, കപ്പയും, കറിയും, കഞ്ചാവും കിട്ടുന്ന ഷാപ്പ്. അവിടെ ദേവസ്യക്ക് ഒരു കാമുകിയുണ്ട്. ലൈസ. മുൻപ് ആരുടെയോ ഭാര്യ ആയിരുന്ന, ഇപ്പോൾ ഷാപ്പിന്റെ പകുതി മുതലാളിയായ ലൈസ.. ഷാപ്പിലെ കറികൾ പോലെ സുഖംനിറഞ്ഞ രുചിയുള്ള, മനസ്സു ഉന്മത്തമാക്കുന്ന കള്ളുപോലെ, സിരകളിൽ ലഹരി പടർത്തുന്ന കഞ്ചാവുപോലെ, മദാലാസയായ ലൈസ.

ഒരു ദിവസം ഉച്ചക്ക് മദ്യപിച്ചു വീട്ടിൽ എത്തിയ ദേവസ്യ ഭാര്യ സാറയുമായി വഴക്കിട്ടു. കിണറ്റു കരയിൽ വച്ചു അപ്പൻ അമ്മയോട് വഴക്കിടുന്നത് കണ്ടപ്പോൾ കുട്ടികൾ പേടിച്ചു വീടിനുള്ളിൽ കയറി.

അന്നു വൈകുംന്നേരം നാട്ടുകാരാണ് കിണറ്റിൽ നിന്നും സാറയുടെ ശവശരീരം പുറത്തെടുത്തത്. ദേവസ്യക്ക് ഒന്നും അറിയില്ല എന്നു പറഞ്ഞു അയാൾ സങ്കടം ആവോളം പ്രകടിപ്പിച്ചു.. അപ്പൻ അമ്മയെ കിണറ്റിലേക്ക് തള്ളിയിട്ടതാണോ എന്നു ചോദിച്ചാൽ വാവിട്ടു കരയും ആ കുഞ്ഞുങ്ങൾ.സാറക്ക് അപ്പനും അമ്മയും ഇല്ലാതിരുന്നതിനാൽ, വേണ്ടപ്പെട്ടവർ സാറയുടെ മരണത്തിന്റെ പിന്നാലെ പോകാൻ മെനക്കെടാൻ തയ്യാറാകാതിരുന്നതിനാൽ. സാറയുടെ മരണം ആത്മഹത്യ തന്നെയായി വിധിയെഴുതപ്പെട്ടു.

ദേവസ്യ ഒന്നും അറിയാത്തവനെപോലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഭാര്യയെ ഓർത്ത് ദുഖിതനായി നടന്നു അയാൾ ദുഃഖം മറക്കാൻ കൂടുതൽ കുടിച്ചു സങ്കടം കലശലായപ്പോൾ കുട്ടികളുമായി അയാൾ ചുരമിറങ്ങി ഷാപ്പിന് സമീപം അടിവാരത്തെ ഒരു വാടക വീട്ടിലേക്കു താമസം മാറി.അവിടെയാകുമ്പോൾ ആശ്വസിപ്പിക്കാൻ ലൈസ ഉണ്ടല്ലോ.

ലോറിയിൽ ദേവസ്യ തമിഴ്നാട്ടിലേക്ക് പോകുമ്പോൾ കുട്ടികൾ ലൈസയുടെ സംരക്ഷണത്തിൽ ആയിരുന്നു. രണ്ടു കുട്ടികളെയും ഒരുമിച്ച് നോക്കാൻ ലൈസക്ക് കഴിയില്ല എന്നറിയിച്ചപ്പോൾ ഇമ്മാനുവലിനെ അരമനയോട് ചേർന്നുള്ള ഓർഫനെജിൽ ചേർത്തു.

ചുരമിറങ്ങി അഞ്ഞൂറ് മീറ്റർ നടന്നാൽ ഗവൺമെന്റ് യൂ പി സ്കൂൾ ഉണ്ട്. സക്കറിയ അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂൾ.

പുതിയതായി സ്കൂളിൽ ചേർന്ന ഇമ്മാനുവലും, വേറൊണിക്കയും പഠനത്തിൽ തീരെ ശ്രദ്ധിക്കുന്നില്ല. ഇരുവരും എപ്പോഴും മ്ലാന വദനർ. കളി ചിരിയില്ല, സന്തോഷം തെല്ലുമില്ല. എപ്പോഴും കുരുന്നു കണ്ണുകളിൽ സ്ഥായിയായ സങ്കട ഭാവം .
സമയം കിട്ടുമ്പോഴൊക്കെ സക്കറിയ ഇമ്മാനുവലിനെയും, വേറൊണിക്കയേയും അടുത്തു വിളിച്ചു സ്നേഹത്തോടെ സംസാരിക്കും. പല കാര്യങ്ങളും ആവർത്തിച്ചാവർത്തിച്ചു ചോദിക്കും. ചില സംശയങ്ങൾ തോന്നിയപ്പോൾ ആണ് കുട്ടികളുടെ ശരീരം പരിശോധിച്ചത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ, നഖക്ഷതങ്ങൾ, തിണിർത്ത പാടുകൾ. വേറൊണിക്കയെക്കാൾ കൂടുതൽ ഇമ്മാനുവൽ ആരുടെയൊക്കയോ ഭോഗവസ്തുവായി മാറിയിരുന്നു. ആരൊക്കെ, എവിടെവച്ചൊക്കെ, എപ്പോഴൊക്കെ,,, തീർത്തും അർത്ഥശൂന്യമായ ചോദ്യങ്ങൾ.

സ്ലേറ്റും, കല്ലുപെൻസിലും, പൂമ്പാറ്റകളും, ചിത്രകഥകളും, പാഠ ഭാഗവും ഒന്നും ആ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇല്ല. നീറിപ്പിടഞ്ഞു കരയുമ്പോൾ ലഭിക്കുന്ന ചോക്കലേറ്റും, ഐസ്ക്രീംമും, മധുരമുള്ള പാനീയവും അവർക്ക് ശീലമായി തുടങ്ങിയിരിക്കുന്നു.
ആലോചിച്ചു ഒരു തീരുമാനം നാളെ സക്കറിയയോട് പറയണം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.

മദ്യവും, മതവും, മനുഷ്യരും.. നിസ്സഹായതയെ പിച്ചിച്ചീന്തി കെട്ടിത്തൂക്കുന്നു. കാമവും, കാമനയും, പ്രായഭേദമന്യേ, ആണിനെയും, പെണ്ണിനേയും പ്രാപിച്ചു കിതച്ചു ചിരിക്കുന്നു. അച്ഛൻ മകളെ നിലത്തെറിഞ്ഞു കൊല്ലാൻ ശ്രമിക്കുമ്പോൾ അമ്മ ബക്കറ്റിൽ കുഞ്ഞിനെ മുക്കി കൊല്ലുന്നു. കുഞ്ഞോമനകളെ കാമാർത്തിയുടെ ഇരകളാക്കി കൊന്നു കെട്ടിതൂക്കുന്നു.തൂക്കി മാംസ വിലക്ക് വിൽക്കുന്നു. നിയമം സംതുലിതാവസ്ഥ നിലനിർത്താൻ കണ്ണടച്ചു വിധി പറയുന്നു. പഴുതുകൾ രക്ഷ പെടാനുള്ള കവചങ്ങളാകുന്നു

എന്റെ ഒരു ദിവസത്തെ ഉറക്കം അതു നഷ്ടമായി എന്നുകരുതി ഞാൻ വേവലാതി പൂണ്ടിരിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയാണ്??
പറയൂ നിങ്ങൾ എന്തു ചെയ്യുകയാണ്?
ഓ എന്നെപ്പോലെ നിങ്ങളും ആലോചിക്കുകയാണോ. ആലോചിക്കൂ. ഒരു പതിറ്റാണ്ട് നമുക്ക് ആലോചിക്കാം. അപ്പോഴേക്കും ഉത്തരം, അതു കിട്ടാതിരിക്കില്ല. ആർക്കെങ്കിലും.

By ivayana