അരവിന്ദൻ പണിക്കശ്ശേരി ✍

റേഡിയോ ശ്രോതാവായിരുന്ന ഒരുവൻ പെട്ടന്നൊരു ദിവസം റേഡിയോ അവതാരകനാവുന്നു !
ആശ്ചര്യത്തോടെ മാത്രമേ ഇന്നും അതോർക്കാൻ കഴിയൂ. സകലകലാവല്ലഭനായ ജ്യേഷ്ഠസുഹൃത്ത് ശ്രീ.കെ.പി.കെ. വെങ്ങരയോടാണ്
നന്ദി പറയേണ്ടത്. ഉമ്മൽ ഖ്വയിൻ റേഡിയോ മലയാള വിഭാഗം പ്രോഗ്രാംഡയറക്ടറായി അദ്ദേഹം ചുമതലയേറ്റപ്പോൾ സുഹൃദ് വലയത്തിലുള്ളവരെയും കൂടെകൂട്ടി. യൗവ്വനാരംഭത്തിൽ കടൽ കടന്ന് പോയവരുടെ നഷ്ട പട്ടികയിൽ ഒരു റേഡിയോ കാലവും ഉണ്ടായിരുന്നു. യു ഏ ഇ -യിൽ ആരംഭിച്ച മലയാള വാണിജ്യ പ്രക്ഷേപണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഢസൻ കണക്കിന് പ്രക്ഷേപണ നിലയങ്ങൾ പിന്നീട് നിലവിൽ വന്നു.

3.3.2000 – വെള്ളിയാഴ്ച .
അബൂദാബിയിൽ നിന്ന് ഏഷ്യാനെറ്റ് റേഡിയോ വാണിജ്യപ്രക്ഷേപണം ആരംഭിച്ച ദിവസം . ദുബായ് ഷേക് സായിദ് റോഡിലെ അൽമൂസ ടവറിൽ സ്ഥാപിച്ച ഏഷ്യാനെറ്റ് സ്റ്റുഡിയോ നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഒരു പ്രതിവാര സാഹിത്യ പരിപാടി അവതരിപ്പിക്കാൻ പ്രോഗ്രാം ഢയറക്ടർ കെ.കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടിരുന്നു. ദുബായ് ഓർലാഞ്ചിലെ വിൽഫ്രഡിന്റെ ഫ്ലാറ്റിൽ സജ്ജീകരിച്ചിരുന്ന താൽക്കാലിക സ്റ്റുഡിയോവിൽ ചെന്ന് ‘കാവ്യധാര’യുടെ ആദ്യ ഓഡിയോ ക്ലിപ്പ് തയ്യാറാക്കി.

താമസിയാതെ അറ്റ്ലസ് രാമചന്ദ്രൻ ആ പ്രോഗ്രാമിന്റെ സ്പോൺസറായി.
നാലോ അഞ്ചോ സ്ഥിരം ജോലിക്കാരും ഒരു ഢസനോളം പാർട്ട് ടൈം ജീവനക്കാരുമായിരുന്നു തുടക്കത്തിൽ ആ സ്ഥാപനത്തെ നയിച്ചത്.

By ivayana