രചന : ജോളി ഷാജി (പ്രണയദിനത്തിന് )✍️

പ്രിയനേ,
നിനക്കായൊരു ലേഖനം കുറിക്കാൻ തൂലിക കയ്യിലെടുത്തപ്പോൾ എവിടെനിന്നോ ഒഴുകിയെത്തിയൊരു കുളിർക്കാറ്റ് എന്റെ മേനിയെ പുൽകി കടന്നുപോകുന്നല്ലോ…. ഒരുപക്ഷെ നിന്റെ സാമിപ്യം ഞാൻ കൊതിക്കുമ്പോഴൊക്കെ നീയെന്നിൽ ഒരു തലോടലായി കടന്നുവരുന്നതാവുമോ..

പിന്നെന്റെ ഓർമ്മകളിൽ നീയും ഞാനും ഇന്നലകളിലൂടെ ജീവിക്കുകയായിരുന്നു.. നിന്റെ കുസൃതികൾ, പിണക്കങ്ങൾ, തമാശകൾ, പുഞ്ചിരി എല്ലാം ഇന്നെന്റെ കൂടെ മായാതെ മറയാതെയുണ്ട്… ജീവിതത്തിൽ ആദ്യമായും അവസാനമായും പ്രണയം എന്തെന്ന് അറിഞ്ഞത് നിന്റെ ഒരോ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയുമാണ്…

നിനക്കൊപ്പം ഉണ്ടായിരുന്ന നാളുകളിൽ ആഴിയിൽ നീന്തിതുടിക്കുന്ന പരൽ മീനായിരുന്നു ഞാൻ… നിന്റെ സംരക്ഷണയിൽ കടലിലെ ഒരു വൻ മത്‍സ്യത്തിന്പോലും എനിക്ക് നേരെ തിരിയുവാൻ ഭയമായിരുന്നു… അവിചാരിതമായി നിന്നെ കണ്ടുമുട്ടിയതും പരിചയക്കാർ പ്രണയത്തിലായതുമൊക്കെ എത്ര പെട്ടന്ന് ആയിരുന്നു…

എനിക്കായ് ലോകം കരുതിവെച്ച നിധിയെ എന്റെ മുന്നിൽ തുറന്ന് തന്നപ്പോൾ എന്റെ മനസ്സിന്റെ വാതായനങ്ങൾ ഞാൻ നിനക്കായ്‌ തുറന്ന് വെക്കുകയായിരുന്നു… പിന്നീട് എന്റെ കനവുകളിലും നിനവുകളിലും നീയെന്ന ഒറ്റ മുഖം മാത്രമേ ഉണ്ടായിട്ടുള്ളൂ… ശൂന്യത നിറഞ്ഞയെൻ ഹൃദയ വാടിയിൽ സ്നേഹത്തിൻ പനിനീർ മഴ പൊഴിയിച്ച നീയാണെന്നുമെൻ പ്രണയം…

നീയില്ലാതെയെൻ മനോവാടിയിൽ സുഗന്ധം പടരുകയില്ല.. നീയെന്ന മഴനൂലിന്നാൽ ബന്ധിക്കപ്പെടാൻ മാത്രം കൊതിച്ചിരിക്കുന്ന മഞ്ഞുതുള്ളിയാണ് ഞാനെന്നും….

നിന്റെ മാത്രം സ്വന്തം മഞ്ഞുതുള്ളി.. (ജോളി.)

By ivayana