(കോവിഡ്19ന്റെ അനുഭവസാക്ഷ്യം)
ഭാഗം – 1
മെയ് ഒന്നിനുരാത്രി ഡ്യൂട്ടികഴിഞ്ഞുവന്ന വൈഫിനു ചൊറുതായി ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടിരുന്നു. പിറ്റേന്നു രാവിലെ, മെയ് രണ്ടിന്, അടുത്തുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ചെന്നു വൈഫിന്റെ സ്വാബ് സാമ്പിള്‍ കൊടുത്തു.
സാമ്പിള്‍ കൊടുത്തു തിരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയനിമിഷംമുതല്‍ വൈഫ് സമ്പൂര്‍ണ്ണ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.
ആറാംദിവസം, മെയ് ഏഴിന് ഉച്ചക്കുശേഷം വൈഫിന്റെ റിസല്‍ട്ട് വന്നു. കോവിഡ് പോസ്റ്റിവ്!
പ്രതീക്ഷതവോ അപ്രതീക്ഷിതവോ എന്നുപറയാനാവില്ല. കാരണം, വൈഫ് ജോലിചെയ്യുന്ന ക്ളിനിക്കില്‍ ഏപ്രില്‍ അവസാനവാരം കോവിഡ് ലക്ഷണങ്ങളുമായി പല രോഗികളും വന്നിരുന്നു. അവരില്‍ നാലോളം പേരുടെ പരിശോധനഫലം കോവിഡ് പോസ്റ്റീവുമായിരുന്നു! അപ്പോള്‍, വൈഫിന്റേത് സമ്പര്‍ക്കവ്യാപനം തന്നെ.
ഞങ്ങള്‍ രണ്ടുപേരെക്കൂടാതെ മൂന്നാമതൊരള്‍കൂടെ ഞങ്ങളോടൊപ്പമുണ്ട്. മണിക്കുട്ടന്‍. ഞങ്ങളുടെ pet cat. നാലുവര്‍ഷത്തോളമായി പുള്ളിക്കാരന്‍ ഞങ്ങളോടപ്പമുണ്ട്, ഞങ്ങളുടെയും ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിന്റെയും കേര്‍റ്റേക്കര്‍. അദ്ദേഹത്തെ സുരക്ഷിതമായി ആരെയേല്‍പ്പിക്കും എന്നതായി ഞങ്ങളുടെ ചിന്ത. വൈഫ് ഉടനെ അവന്റെ വെറ്റ് ഡോക്ടറെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. അവന്റെ വെറ്റ് ഡോക്ടര്‍ അവന്റെ സംരക്ഷണം ഏറ്റെടുക്കാമെന്നു സമ്മതിക്കുന്നു. അവരുടെ വെറ്റ് ക്ലീനിക്കില്‍ അതിനുള്ള സൗകര്യങ്ങളുണ്ട്. സമാധാനമായി. അഞ്ചുമണിയോടെ അവനെ കണ്ടുപോകാനുള്ള ആളെത്തുമെന്നും അറിയിക്കുന്നു. അഞ്ചുമണിയോടെ അവനെ ഒരു കൂട്ടിലാക്കി കാത്തിരിപ്പായി. കൂട്ടിലിരുന്നു ദയനിയമായി അവന്‍ ഞങ്ങളെ രണ്ടുപേരേയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. കൃത്യം അഞ്ചുമണിക്കുതന്നെ അവനെ കൊണ്ടുപോകാനുള്ള ആളെത്തി. പോകുംവഴി അവന്‍ കരയുന്നുണ്ടായിരുന്നു.
ഉടനെതന്നെ ഞാനും കോവിഡ് ടെസ്റ്റിനു വിധേയനാകാന്‍ തിരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന, ഷാര്‍ജായൂണിവേഴ്സിറ്റിസിറ്റി റോഡില്‍നിന്നു ആറുകിലോമീറ്റര്‍ അകലെയുള്ള റോളയില്‍ച്ചെന്ന് അവിടെയുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ എന്റെയും സ്വാബ് സാമ്പിള്‍ കൊടുത്തു. തിരിച്ചുപോരുംവഴി അത്യവശ്യത്തിനുള്ള കുറെ മരുന്നുകളും അഞ്ചോളം ബോട്ടില്‍ സാനിറ്ററൈസറും രണ്ടുകൂട് സ്ലൈസഡ് ബ്രഡും വാങ്ങി. അന്നു രാത്രിയിലെ ഭക്ഷണം ബ്രഡും പഴവും ചൂടുവെള്ളവും. ഞാനുമിപ്പോള്‍ ഹോം ക്വാറന്റീനില്‍. രണ്ടുപേരും രണ്ടു മുറികളില്‍. സമ്പൂര്‍ണ്ണ ഹോം ക്വാറന്റീന്‍.
മെയ് 8, വെള്ളിയാഴ്ച!
എന്റെ ക്വാറന്റൈന്‍ ഒന്നാംദിവസം! കോവിഡ് ടെസ്റ്റ് ഫലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒന്നാംദിവസം!
വൈഫിന്റെ ക്വാറന്റൈന്‍ ഏഴാംദിവസം! കോവിഡ് ടെസ്റ്റ് പോസ്റ്റീവിന്റെ രണ്ടാംദിവസം!
ഇരുന്നും കിടന്നും റ്റീവികണ്ടും മുറിയിലൂടെ നടന്നും ജനലുവഴി പുറത്തേക്കുനോക്കിനിന്നും സമയം പോക്കുന്നു. സമയഘടികാരത്തില്‍ ഒച്ചിഴയുന്നുപോലെ…
ഏഷ്യനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി ന്യൂസ്, മീഡിയവണ്‍, ന്യൂസ് 24, ഫ്ലവിര്‍, സഫാരി എന്നീ ചാനലുകളുടെ നമ്പര്‍ ബട്ടന്‍സ് റിമോട്ടില്‍ ഇടതടവില്ലാതെ അമര്‍ന്നുകൊണ്ടിരുന്നു! ഫ്ലവിര്‍, സഫാരി എന്നിവ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാച്ചാനലുകളിലും കോവിഡിന്റെ ഇലഞ്ഞിത്തറമേളവും കുടമാറ്റവും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടും കൊവിഡ് മരണത്തിന്റെ കമ്പോളനിലവാരവും!
അമേരിക്കയിലിത്ര, ബ്രിട്ടനിലിത്ര, ഇറ്റലിയിലിത്ര, ജര്‍മ്മനിയിലിത്ര. പോളണ്ടിലിത്ര, ഗള്‍ഫിലാകെയിത്ര, സൗദിയിലിത്ര, കുവൈറ്റിലിത്ര, ദുബൈലിത്ര, ഷാര്‍ജയിലിത്ര….. എന്നിങ്ങനെ! കണക്കുകളും ചില ദൃശ്യങ്ങളും പടര്‍ത്തിയ കരിനിഴലിലേക്ക് ചിലപ്പോഴൊക്കെ ടിവി ഓഫാക്കിയിട്ടു.
ശരീരത്തില്‍ കടന്നുകൂടി സംഹാരതാണ്ഡമാടാന്‍ തയ്യാറാകുന്ന കൊറോണ വൈറസിനെ ഓര്‍ത്തുള്ള ഭയചിന്തയും അതുണ്ടാക്കുന്ന ആശങ്കനിറഞ്ഞ മാനസികാവസ്ഥയും ഏറിയേറിവരുന്നു. അത് അതിജീവിക്കാനുള്ള ആത്മധൈര്യം സംഭരിക്കാനായി മനസ്സിലെ പരുവപ്പെടുത്താനുള്ള ഇന്ധനം, സുഹൃത്തുക്കളില്‍നിന്നും ജോലിചെയ്യുന്ന കമ്പനിയുടെ മനേജുമെന്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും ഇടയ്ക്കിടയ്ക്കു ഫോണ്‍വിളികളുടെ രൂപത്തില്‍ വന്നുകൊണ്ടിരുന്നു. ഞാനും വൈഫും ഈ ദുരവസ്ഥയെ എങ്ങനെ നേരിടാമെന്ന ആശയങ്ങളും ആശങ്കകളെ എങ്ങനെ അതിജീവിക്കാമെന്ന തന്ത്രങ്ങളും കൈമാറിക്കൊണ്ടും പരസ്പരം ആശ്വസിപ്പിക്കാന്‍ മത്സരിച്ചും ആത്മധൈര്യം പകര്‍ന്നും ഒരപ്പാര്‍ട്ടുമെന്റിന്റെ രണ്ടു മുറികളിലായി നിറഞ്ഞുനിന്നു!
രണ്ടുപേര്‍ക്കും പറയത്തക്ക ബുദ്ധിമുട്ടൊന്നുമില്ല. രണ്ടു മുറികളിലായി രണ്ടുപേരും ക്വാറന്റീനില്‍.
രാവിലെ, രണ്ടുപേര്‍ക്കും സ്ലൈസഡ് ബ്രഡും പഴവും പാനഡോളും ചൂടുവെള്ളവും ബ്രയ്ക്ക്ഫാസ്റ്റ്.
വൈഫ് എട്ടുമണിയോടെ dhaയിലേക്ക് വിളിച്ചു. ഞങ്ങളുടെ അവസ്ഥ വിവരിച്ചു. നിലവില്‍ തുടരുന്ന അവസ്ഥ തുടരുവാനും രണ്ടുപേരും പരമാവധി അകലം പാലിക്കാനും നിര്‍ദ്ദേശം. ഇപ്പോള്‍ കഴിക്കുന്ന മരുന്നുകളും പാലിക്കുന്ന കരുതല്‍ നടപടികളും തുടരുവാനും അവരുടെ ഉപദേശം. mohല്‍നിന്നു വിളിവരുന്നതുവരെ നിലവിലെ അവസ്ഥ തുടരുക. തികച്ചും പോസ്റ്റിവ് ഇനേര്‍ജി കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍. നന്ദി dha.
ചൂടുവെള്ളം ഒരുമണിക്കൂര്‍ ഇടവിട്ടുള്ള കുടി തുടരുന്നു. ഇടയ്ക്കിടെ ഓറഞ്ചും മുസമ്പിയും കഴിക്കുന്നുണ്ട്.
ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ഓര്‍ഡര്‍ചെയ്തത് ഉച്ചക്ക് ഒന്നരയ്ക്കെത്തി. വെജിറ്റബള്‍ താലി. പകുതി കഴിച്ചു. ശേഷം പകുതി വൈകട്ടത്തേക്കു മാറ്റിവച്ചു.
വൈകുന്നേരം ആറുമണിയോടെ ഷാര്‍ജ സുലേഖ ഹോസ്പിറ്റലില്‍ രണ്ടുപേരും പോയി. രക്തം, എക്സ് റേ, ഇസിജി എല്ലാം നോക്കി. എല്ലാം നോര്‍മല്‍. അവിടന്നു കുറിച്ചുതന്ന മരുന്നുകളും വാങ്ങി രാത്രി പത്തിനുതന്നെ വീട്ടിലെത്തി. (ഇവിടെ ഇപ്പോള്‍ രാത്രി പത്തുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് കൊവിഡ് നിര്‍മാര്‍ജ്ജനകര്‍ഫ്യൂ)
ഉച്ചഭക്ഷണത്തിന്റെ ബാക്കിയുള്ള താലി രാത്രിയിലെ ഭക്ഷണം കൂടെ അല്പം തൈരും.
Azithromycin 250mg
Paracetamol 500mg
Probiotane
VOX-D3-4000
Aspirin
എന്നീ മരുന്നുകളും കഴിച്ചു കിടന്നുറങ്ങി.
എന്നത്തെപ്പോലെയും, അലാറത്തിന്റെ സഹായമില്ലാതെതന്നെ ഞാന്‍ പുലര്‍ച്ചേ കൃത്യം അഞ്ചുമണിക്കുതന്നെ ഉണര്‍ന്നു. അടുത്തമുറിയിലുള്ള വൈഫിനെ ഉണര്‍ത്തണം. വൈഫിന്റെ മുറിയിലേക്ക് എത്തിനോക്കി വിളിച്ചുപറഞ്ഞു ‘സമയം അഞ്ചായി’. തലപൊക്കിനോക്കിട്ട് പാര്‍ട്ടി വീണ്ടും ഉറക്കത്തിലേക്ക്. ഞാന്‍ പിന്നെ, ബാത്ത്‌റൂം-കിച്ചന്‍- ചായ-ഫേസ്ബുക്ക്-ശുഭദിനം പോസ്റ്റ്-വീണ്ടും ബാത്ത്‌റൂം-പല്ലുതേ- അപ്പോള്‍ സമയമേഴുമണി-വീണ്ടുമൊരു ചായ കൂടി.
വൈഫ് ഉണര്‍ന്നു ബാത്തുറൂമിലേക്ക് പോകുന്നു ശബ്ദം……
പുതിയ സാഹചര്യങ്ങള്‍, പുതിയ വെല്ലുവിളികള്‍, പുതിയ ദിനചര്യകള്‍, ജീവിതം ചോദ്യച്ചിഹ്നംപോലെ…!
ഭാഗം – 2
മെയ് 9, ശനിയാഴ്ച!
എന്റെ ക്വാറന്റൈന്‍ രണ്ടാംദിവസം! കോവിഡ് ടെസ്റ്റ് ഫലത്തിനുവേണ്ടിയുള്ള കാത്തിരിപ്പും രണ്ടാംദിവസം!
വൈഫിന്റെ ക്വാറന്റൈന്‍ എട്ടാംദിവസം! കോവിഡ് ടെസ്റ്റ് പോസ്റ്റീവിന്റെ മൂന്നാംദിവസം!
ഇരുന്നും കിടന്നും റ്റീവികണ്ടും മുറിയിലൂടെ നടന്നും ജനലുവഴി പുറത്തേക്കുനോക്കിനിന്നും സമയം പോക്കുന്നു.
ഏഷ്യനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി ന്യൂസ്, മീഡിയവണ്‍, ന്യൂസ് 24 എന്നീ ചാനലുകള്‍ ദുഃഖപരിയവസാനിയായ സിനിമയിലെ രംഗങ്ങള്‍പോലെ മാറിമറയുന്നു.
ടീവി തുറന്നാല്‍ എങ്ങും മരണഭയം. ആരൊക്കെയോ ശ്വാസത്തിനുവേണ്ടി പൊരുതുന്നു. ആരൊക്കെയോ മരിച്ചു വീഴുന്നു. ലേബര്‍ ക്യാമ്പുകളില്‍ കൂട്ടമായി വൈറസ് ബാധപകരുന്നു. കുറേപ്പേരെ വിമാനങ്ങളില്‍ നാടെത്തിയ്ക്കാന്‍ എംമ്പസികള്‍ ചിട്ടവട്ടങ്ങള്‍ കൂട്ടുന്ന വാര്‍ത്തകള്‍. ടീവിയില്‍ ചാനലുകാര്‍ വാര്‍ത്തകളുടെ ആധികാരികതയ്ക്കുവേണ്ടി മത്സരിക്കുന്നു.
ഞാന്‍ ജാലകപ്പാളിനീക്കി പുറത്തെ ആകാശത്തേക്കുനോക്കി. ഷാര്‍ജയുടെ ആകാശത്ത് വിമാനങ്ങളില്ല. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ ജാലകപ്പാളിനീക്കി പുറത്തേക്കുനോക്കിയാല്‍ എത്രയെത്ര വിമാനങ്ങള്‍, നിശ്ചിതയകലത്തില്‍ വരിവരിയായി, ദുബായ് ഏര്‍പ്പോര്‍ട്ടിലേക്ക് ലാന്‍ഡിങ്ങിനായി പോകുന്നത് കാണാമായിരുന്നു. ഇന്നോ, എപ്പോഴങ്ങാനും ഒരു കാര്‍ഗോവിമാനം കണ്ടങ്കിലായി.
അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി. പോളണ്ട്, സ്പെയിന്‍, ബ്രിസില്‍, ബല്‍ജിയം, ഗള്‍ഫ് രാജ്യങ്ങള്‍, സൗദി, കുവൈറ്റ് ദുബൈ, അബുദാബി, ഷാര്‍ജ….. എന്നിവടങ്ങളുടെ കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ ടിവി സ്ക്രീനുതാഴെ പാമ്പുകളെപ്പോലെ ഇഴഞ്ഞു ഭയപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ ടിവി ഓഫാക്കിയിട്ടു.
ശരീരത്തില്‍ കടന്നുകൂടിയ കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവും മെല്ലെ ആരംഭിച്ചതുപോലെ. രണ്ടുപേര്‍ക്കും ചെറിയതോതില്‍ മേലുനൊമ്പരം, സന്ധിവേദന, ദാഹം അത്രമാത്രം. രണ്ടുപേര്‍ക്കും മറ്റുപറയത്തക്ക(പനി, ശ്വാസംമുട്ടല്‍, ലൂസ് മോഷന്‍) ബുദ്ധിമുട്ടൊന്നുമില്ല. രണ്ടുമുറികളിലായി രണ്ടുപേരും ക്വാറന്റീനില്‍.
കോവിഡിനെ അതിജീവിക്കാനുള്ള ആത്മധൈര്യം സുഹൃത്തുക്കളില്‍നിന്നും ഞാന്‍ ജോലിചെയ്യുന്ന കമ്പനിയുടെ മനേജുമെന്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും വൈഫിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍മാരില്‍നിന്നും ഇടയ്ക്കിടയ്ക്കു ഫോണ്‍വിളികളുടെ രൂപത്തില്‍ വന്നുകൊണ്ടിരുന്നു.
ഞങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റ്, ഷാര്‍ജയില്‍, ഷാര്‍ജ യുണിവേഴ്സ്സിറ്റി സിറ്റി റോഡിലാണ്. ഇവിടെനിന്നും ഒരുകിലോമീറ്റര്‍ അകലമേയുള്ളൂ ഷാര്‍ജയിലെ ഏറ്റവും വലിയ സര്‍ക്കാര്‍വക മള്‍ട്ടീ സ്പെഷ്യലിറ്റി ഹോസ്പിറ്റലായ അല്‍ കാസ്മി ഹോസ്പിറ്റലേക്കും ഫയര്‍സ്റ്റേഷനിലേക്കും 999 ആംബുലന്‍സ് സര്‍വീസ് കേന്ദ്രത്തിലേക്കും. ഷാര്‍ജ യുണിവേഴ്സ്സിറ്റി സിറ്റിയിലേക്കും ഏറ്റവും തിരക്കുള്ള പഴയ എമിറേറ്റുറോഡിലേക്കും പോകുന്ന ആംബുലന്‍സ്സുകളും ഫയര്‍ എഞ്ചിനുകളും ഇമര്‍ജന്‍സി പോലീസ് വാഹനങ്ങുളും; ഷാര്‍ജ യുണിവേഴ്സ്സിറ്റി സിറ്റിയില്‍നിന്നും പഴയ എമിറേറ്റുറോഡില്‍നിന്നും വരുന്ന ആംബുലന്‍സ്സുകളും അല്‍ കാസ്മി ഹോസ്പിറ്റലേക്കുപോകുന്നതു ഞങ്ങള്‍ തമാസിക്കുന്ന ബില്‍ഡിങ്ങിന്റെ മുമ്പിലുള്ള റോഡിലൂടാണ്. അതുവഴികടന്നുപോകുന്ന ഓരോ ആംബുലന്‍സും ഞങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു. ആംബുലന്‍സ്സിന്റെ ശബ്ദം അകലെനിന്നു കേള്‍ക്കുമ്പോള്‍ എന്തോ ഭയാനകത ഞങ്ങളെ കൊത്തിയെടുത്തു കൊണ്ടുപോകുവാന്‍ വരുന്നപോലെ! അടുത്തടുത്തുവന്ന ആംബുലന്‍സ് ശബ്ദം അകന്നകന്നു പോകുമ്പോള്‍ എന്തൊരു സ്വര്‍ഗ്ഗീയാനുഭൂതി! അകന്നുപോയി കഴിഞ്ഞാലും ജാലകപ്പാളിനീക്കി താഴേക്കുനോക്കും ആംബുലന്‍സ്സിന്റെ ചുമപ്പുവെട്ടം അവിടെയെവിടെയെങ്കിലും മിന്നുന്നൂണ്ടോയെന്നു. പലപ്രാവശ്യം താഴേക്കുനോക്കി ഇല്ലായെന്നു മനസ്സിനെക്കൊണ്ടു നൂറുവട്ടം പറയിപ്പിച്ചേ ബെഡിലേക്ക് ഒരു ദീര്‍ഘനിശ്വാസത്തോടെ മടങ്ങൂ…
രാവിലെ, രണ്ടുപേര്‍ക്കും സ്ലൈസഡ് ബ്രഡും പഴവും രാവിലേത്തയ്ക്കായിയെഴുതിക്കിട്ടിയ ഗൂളികകളും ചൂടുവെള്ളവും ബ്രയ്ക്ക്പാസ്റ്റ്.
രാവിലെ പതിനൊന്നുമണിയോടെ തൊണ്ടിയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ രണ്ടുപേര്‍ക്കും അനുഭവപ്പെട്ടുതുടങ്ങി. കശുമാങ്ങപ്പഴം കഴിച്ചുകഴിയുമ്പോള്‍ തൊണ്ടയില്‍ അനുഭവപ്പെടുന്ന കറപോലെ….
പാല്‍ച്ചായയ്ക്ക് പാല്‍ച്ചായയുടെ രുചിയല്ല. ചെണ്ടന്‍കപ്പ പുഴുങ്ങിയൂറ്റിയ വെള്ളത്തിന്റെ മണവും രുചിയും. മധുരം ഒട്ടുമനുഭവപ്പെടുന്നില്ല!
ചൂടുവെള്ളം ഒരുമണിക്കൂര്‍ ഇടവിട്ടുള്ള കുടി തുടരുന്നു. ഇടയ്ക്കിടെ ഓറഞ്ചും മുസാമ്പിയും ഈത്തപ്പഴവും.
തണുപ്പിനോടും തണുത്തവസ്തുക്കളോടും ശരീരം സമാനകാന്തികധ്രുവങ്ങള്‍ അടുത്തുവരുന്നപോലെ പ്രതികരിക്കുന്നു. ഫ്രിഡ്ജില്‍നിന്നു തണുത്തവസ്തുക്കളെടുക്കുമ്പോള്‍ ഷോക്കടിക്കുന്നപോലെ..!
ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ഓര്‍ഡര്‍ചെയ്തത് ഉച്ചക്ക് ഒന്നരയ്ക്കെത്തി. വെജിറ്റബള്‍ കറികളും ചോറും ചപ്പാത്തിയും. ചപ്പാത്തി രാത്രിഭക്ഷണത്തിനായി മാറ്റിവച്ചു.
എല്ലാക്കറിയ്ക്കും ഒരേ രുചി. പാവയ്ക്ക വാളന്‍പുളിച്ചാര്‍ചേര്‍ത്ത് തേങ്ങ വറത്തരച്ചുവച്ച കറിപോലെ ഒരേ ഇളംപുളിക്കയ്പ്പ്. എരിവോ മറ്റ് രുചിരസങ്ങളോ തിരിച്ചറിയാനാവുന്നില്ല.
ഉച്ചഭക്ഷണത്തിന്റെ ബാക്കിയുള്ള ചപ്പാത്തിയും തൈരും ചൂടുവെള്ളവും രാത്രിക്കുള്ള ഭക്ഷണം.
Azithromycin 250mg
Paracetamol 500mg
Probiotane
VOX-D3-4000
Aspirin
എന്നീ മരുന്നുകളും കഴിച്ചു കിടന്നുറങ്ങി. ഉറക്കത്തിന്റെ ഏതൊക്കെയോ യാമങ്ങളിലുണര്‍ന്നു കിച്ചനിലെത്തി ചൂടുവെള്ളം കുടിച്ചു. എപ്പോഴോ ഒന്നു പനിച്ചു. പിന്നെ, വിയര്‍ത്തു… പാതിമയക്കങ്ങളില്‍ കൈവെള്ളയും കാല്‍വെള്ളയും പോകയുന്നപോലെ… കൈവരലുകളും കാല്‍വിരലുകളും കൊച്ചിവളിക്കുന്നപോലെ… കൊറോണാഭൂതം അതിന്റെ താണ്ഡവനൃത്തം കൈകാല്‍വെള്ളയിലൂടെ….
എന്നത്തെപ്പോലെയും, അലാറത്തിന്റെ സഹായമില്ലാതെതന്നെ ഞാന്‍ പുലര്‍ച്ചേ കൃത്യം അഞ്ചുമണിക്കുതന്നെ ഉണര്‍ന്നു. ബാത്ത്‌റൂം-കിച്ചന്‍- ചായ-ഫേസ്ബുക്ക്-ശുഭദിനം പോസ്റ്റ്-വീണ്ടും ബാത്ത്‌റൂം-പല്ലുതേ- അപ്പോള്‍ സമയമേഴുമണി-വീണ്ടുമൊരു ചായ കൂടി.
അപ്പോഴേക്കും വൈഫും ഉണര്‍ന്നു കഴിഞ്ഞിരുന്നു. ഞാന്‍ വാതുക്കല്‍ച്ചെന്നു വിശേഷങ്ങള്‍ അന്വോഷിച്ചു. നേരിയ പനിയുണ്ട്. മേലുനൊമ്പരുവും ശ്വാസതടസവും. വൈഫ് ഒരു ചായ ആവശ്യപ്പെട്ടു. അതുണ്ടാക്കാന്‍ ഞാന്‍ കിച്ചനിലേക്ക് വേഗംപോയി…..
ജീവിതം, നിസ്സഹായതയുടെ തലനാരിഴയിലൂടെയും താമരനൂലിലൂടെയും കടന്നുപോകുന്നുപോലെ…. ആശങ്കയുടെ വ്യാപ്തി ചിന്തകള്‍ക്കപ്പുറത്തേക്ക് ചിറകടിക്കുന്നുവോ….
തുടരും….