രചന : സിജി സജീവ് (പ്രണയദിനത്തിന് )✍️

വിനു,,
എങ്ങനെ തുടങ്ങണം എന്നറിയില്ല,, തെറ്റാണെങ്കിൽ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് മാത്രം കരുതണം,, എന്നിലെന്താണ് നിന്നെ കണ്ടന്നാൽ മുതൽ സംഭവിക്കുന്നതെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല,, പക്ഷേ ഒന്നിപ്പോൾ തോന്നുന്നു,, ഞാൻ ഇതുവരേക്കും തേടി നടന്നത് നിന്നെയായിരുന്നുവെന്ന്,,,

ഇനിയും പറയാതെ പോയാൽ അതെന്റെ തീരാനഷ്ടങ്ങളിൽ ഒന്നായി മാറും,, നീ മാത്രം എനിക്ക് പലപ്പോഴും സ്പെഷ്യലായി മാറുന്നു,, നിന്റെ നോട്ടം, നിന്റെ ചിരി,, നിന്റെ സംസാരം,അങ്ങനെ എല്ലാമെല്ലാം എനിക്ക് പുതിയൊരുണർവ്വും ആവേശവുമായി തീരുന്നു,,,, എന്തു പേരിട്ടാണ് ഞാനതിനെ വിളിക്കേണ്ടത്,,

ശരോനിലെ മുന്തിരി വള്ളികൾ പൂക്കുന്നതും,, ലെമനോനിലെ താഴ്‌വാരങ്ങളിൽ മഞ്ഞു പൊഴിയുന്നതും,, ലെഹ്യോൻ മലമുകളിലെ ഒലിവ് ഇലകൾ പരവതാനി തീർക്കുന്നതും ഇങ്ങു താഴെ എന്റെ മനസ്സിലെ നീണ്ടുനീണ്ടുപോകുന്നോരാ ഒറ്റയടിപ്പാതയിലേക്ക് വീണുകിടക്കുന്ന ചുമന്ന ഗുൽമോഹർ പൂക്കളും,,നമുക്ക് വേണ്ടി പ്രകൃതി ഒരുക്കുന്ന സുവർണ്ണ നിമിഷങ്ങൾ അല്ലാതെ മറ്റെന്താണ്,,,

നിന്നോടൊപ്പമുള്ള നിമിഷങ്ങൾ ഏറെ സുന്ദരവും ഓർമ്മയിൽ മാറ്റപ്പെടാത്ത ഒന്നായി മാറുമെന്നും ഞാൻ കൊതിക്കുന്നു,,,, ഇനിയും പറയാത്ത എന്റെ മനസ്സിന്റെ വാക്കുകളിൽ തത്തിക്കളിക്കുന്നത്,, പ്രണയിനിക്കായി പണ്ട് താജ്മഹൽ നിർമ്മിച്ച ഷാജഹാൻ ചക്രവർത്തിയുടെ പ്രണയമാണ്,, ലൈലയും മജ്നുവും ആണ്,, സുഹ്‌റയും മജീദുമാണ്,, ഇനിയും പറയാതെ ഞാൻ ഒളിക്കുന്നതിൽ കാര്യമില്ലെന്നറിയാം,,

പക്ഷേ എന്റെ ഓരോ ഇമയനക്കങ്ങളും നിന്നോളം മറ്റാർക്കും മനസ്സിലാക്കാൻ ആയിട്ടില്ല,എന്നിട്ടും നീയെന്നെ അറിയില്ലെന്ന് നടിക്കുന്നത് എന്തിനാണ്,,, എന്നിലെ മോഹ മന്ദാരങ്ങൾ നിനക്കായി പൂവിടുന്നത് നീ അറിയുന്നില്ലേ വിനു,,, നിനക്കായി ഞാൻ നനഞ്ഞ രാമഴകളിൽ,,, ഞാനലഞ്ഞ വനവീഥികളിൽ,,, എന്റെ കണ്ണീർ കണങ്ങൾ ഇറ്റുവീണ പുഴയൊഴുകുമിടങ്ങളിൽ എവിടെയും എവിടെയും എനിക്കായി എന്റെ പ്രണയത്തിനായി സാക്ഷി പറയാൻ ഒരുങ്ങി നിൽപ്പുണ്ടാവും ആയിരം പ്രപഞ്ച സൃഷ്ടികൾ,,

നീ നിരസിച്ചാലും എന്നേ അവയൊക്കെയും ചേർത്തണക്കും മാറോടു പുൾക്കും,,, ഒരുസംഗമത്തിന്റെ തീരാ കളങ്കത്തിൽ തളച്ചിടപ്പെടാനല്ല,, എന്നും “എന്റെ പ്രണയം”” എന്ന് ഹൃദയത്തിൽ ചേർത്തു പിടിക്കാൻ,, എനിക്ക് നീ വേണം,,, നിന്റെ ഓർമ്മകൾ വേണം,, നിന്നിലെ പ്രണയം വേണം,,

നീ ഒളിച്ചോടുന്നത് എന്നിൽ നിന്നാണെന്നു നിന്റെ മടങ്ങിവരവുകളുടെ ഏറ്റക്കുറച്ചിലുകളിൽനിന്നും ഞാനല്ലാതെ മാറ്റാരാണ് മനസ്സിലാക്കേണ്ടത്,, എത്ര കാതം ഓടിയാലും പ്രണയത്തിന്റെ ജിന്നുകൾ വീണ്ടും നിന്നെ എന്റെ മുന്നിൽ തന്നെ കൊണ്ടെത്തിക്കും,, അതാണ് പ്രണയം സത്യമാണെന്നു പറയുന്നത്,, “”നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടി തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും “

“ഇത് എന്റെ വാക്കുകൾ അല്ല വിനു,, വിശ്വപ്രസിദ്ധനോവലിസ്റ്റ് പൗലോ കൊയ്ലോയുടെ സത്യവത്തായവാക്കുകൾ ആണ്,, ഞാനും ആഗ്രഹിക്കുന്നു അതി തീവ്രമായി,, ഈ മാമലകളോളം,, ഈ കടലോളം ഈ ആകാശത്തോളാം,,, എന്റെ വിനുവിന്റെ പ്രണയത്തിനായി,,,,

വിശുദ്ധമായൊരു പ്രണയയുടമ്പടിയിൽ ഒപ്പുചാർത്താൻ വിനു തയ്യാറാണെന്നമറുപടി പ്രതീക്ഷിച്ചു കൊണ്ട് എന്റെ ഹൃദയമിതാ!

എന്ന്

വിനുവിന്റെ പ്രണയിനി
സിജി സജീവ് 💜

By ivayana