രചന : വത്സലജിനിൽ (പ്രണയദിനത്തിന് )✍️
ഇനിയെത്ര വരികളിൽ പ്രണയമേ,, നിന്നെ ഞാൻ,,
കാണാക്കിനാവായിക്കുറിച്ചു വയ്ക്കും…
ഇനിയെത്ര ജന്മങ്ങൾ പ്രണയമേ നിന്നെ ഞാൻ
ജീവന്റെ ജീവനായി തഴുകിനിൽക്കും…
ഇനിയെത്ര മോഹങ്ങൾ പ്രണയമേ നിന്നെ ഞാൻ
മയിൽപ്പീലിതുണ്ടായൊളിച്ചു വയ്ക്കും….
ഇനിയെത്ര ദാഹങ്ങൾ പ്രണയമേ നിന്നെ ഞാൻ
മഞ്ചാടിമണികളായി കോർത്തു വയ്ക്കും….
ഇനിയെത്ര കാലങ്ങൾ പ്രണയമേ, നിന്നെ ഞാൻ
നീർമാതളച്ചോട്ടിൽ കാത്തു നിൽക്കും…
ഇനിയെത്ര ദൂരങ്ങൾ പ്രണയമേ നിന്നെ ഞാൻ,,
അനുയാത്ര ചെയ്തു തളർന്നു നിൽക്കും….
ഇനിയെത്ര ആഴങ്ങൾ പ്രണയമേ നിന്നെ ഞാൻ
അഴൽവീണകണ്ണിൽ തിരഞ്ഞുവയ്ക്കും..
ഇനിയെത്ര അനശ്വരപ്രണയമേ നിന്നെ ഞാൻ
മഴ പോലൊരാത്മാവിൽ ചേർത്തു വയ്ക്കും..