രചന : മിനി ഉണ്ണി (പ്രണയദിനത്തിന് )✍️

പ്രിയ വിച്ചു,
എന്റെ ഈ കുറിപ്പ് നിന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്കറിയാം. രണ്ട് വർഷം ഒരുമിച്ച് ഉണ്ടായിട്ടും മനസ്സിന്റെ കോണിൽ ഒളിപ്പിച്ച നനുത്ത സ്വപ്നങ്ങളുടെ കൂട് നിന്റെ മുന്നിൽ തുറക്കാനുള്ള ധൈര്യം ഉണ്ടായില്ല എനിക്ക്. അർജുനൻ സാറിന്റെ ഫിലോസഫി ക്ലാസ്സുകളുടെ വിരസതയിലും കലാലയത്തിലെ ഇരുൾ വീണ, നീണ്ട ഇടനാഴികളുടെ ആവർത്തന കാഴ്ചകളിലും ഞാൻ മിക്കപ്പോഴും തിരഞ്ഞിരുന്നത് നിന്നെയായിരുന്നു.

വേനലവധിയുടെ തുടക്കം ഓർമ്മിപ്പിക്കുന്നത് പോലെ ക്യാമ്പസിന്റെ കിഴക്കേയറ്റത്ത് പൂത്തുചുവന്ന ഗുൽമോഹറിൽ കണ്ണ് നട്ടു ലൈബ്രറിവരാന്തയിലെ ഉരുളൻ തൂണിലെ തണുപ്പിൽ കവിൾ ചേർത്തു നിൽക്കാൻ എനിയ്ക്കേറെ ഇഷ്ടമായിരുന്നുവെങ്കിലും വിരഹത്തിന്റെ നേർത്ത അല എന്നെ വന്നു മൂടും.. ഒരിയ്ക്കലെങ്കിലും ഗുൽമോഹറിന്റെ വേനൽപ്പൂക്കാലം എന്നിൽ പൂത്തുലയുന്നത് നീ അറിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ അപ്പോഴൊക്കെ കൊതിയ്ക്കും.. ഫിലോസഫി പോസ്റ്റ്‌ ഗ്രാജുവേഷൻ ഒരു പക്ഷെ നമ്മുടെ മനസ്സുകൾ പക്വമാക്കിയിരിക്കാം..

എങ്കിലും ഇടയ്ക്കെപ്പോഴൊക്കയോ നിന്റെ നോട്ടം എന്നെ കടന്നു പോകുമ്പോൾ നിന്റെ മിഴികളിൽ ഊറിക്കൂടുന്ന കുസൃതിയും തിളക്കവും എത്രയോ രാവുകളിൽ എന്നെ നിലാവ് പോലെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. ! ധനുമാസ രാവും തിരുവാതിരക്കുളിരും നീ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എന്നെ ഓർമ്മിപ്പിക്കുന്നു..

എന്റെയീ പ്രണയം ഒളിപ്പിച്ച മിഴികളിൽ കുസൃതി നിറച്ച്, ഗന്ധർവപ്പാലയിൽ ചുറ്റി വരുന്ന സമീരന്റെ ഗന്ധം നുകർന്ന്, നിന്റെ ആദ്യ പരിരംഭണത്തിന്റെ വൈവശ്യത്തിൽ സ്വയം മറന്ന്, രാക്കിളികളോട് കലഹിയ്ക്കണമെനിയ്ക്ക്.. നിലാപ്പെണ്ണിനോട് ഒരിത്തിരി നേരം മുഖം പൊത്താൻ പറയാം ഞാൻ… മരക്കൂട്ടത്തിനിടയിൽ നിന്നവൾ പാല്പുഞ്ചിരി പൊഴിക്കുമ്പോൾ എന്റെ പ്രണയം നിനക്ക് നൽകാൻ ഞാൻ കൊതിയ്ക്കുന്നു…

കാലത്തിന്റെ കൈവഴികളിൽ ഒരു പക്ഷേ എന്റെ മുഖം നീ മറന്നു പോയിട്ടുണ്ടാവുമോ..? ഇല്ല എന്നെ മറക്കാൻ നിനക്ക് ആവില്ല എന്ന് എനിക്കറിയാം.. അവസാനവർഷ പരീക്ഷ തീരുന്ന ദിവസം കെമിസ്ട്രി ലാബിന്റെ പിന്നീലെ ചെമ്പക ചോട്ടിൽ വെച്ച് നീ എന്റെ കൈ കവർന്നതും നിന്റെ ആത്മാവിനെ എന്റെ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചതും എങ്ങനെ മറക്കാൻ..അന്ന് നിന്റെ മിഴികൾ എന്റെ മിഴികളോട് മന്ത്രിച്ചത്‌ എനിക്കിപ്പോഴും കേൾക്കാം… ആ നനുത്ത സ്പർശം മതി ഓരായിരം ജന്മങ്ങൾ നിനക്കായ്‌ കാത്തിരിയ്ക്കാൻ…

ആധുനികതയുടെ ഈ കാലത്തും ഒരൊറ്റ ഫോൺ കാളിൽ എന്റെ ഹൃദയം വെളിപ്പെടുത്താമെന്നിരിയ്ക്കേ, പഴയ നോട്ട് ബുക്കിൽ നിന്നും ചീന്തിയെടുത്ത ഈ താളിൽ നിനക്കായ്‌ വരികൾ കുറിയ്ക്കുന്നത് ലോകത്ത് ഒരു ആധുനികതയ്ക്കും മനസ്സിന്റെ നേർത്ത സ്പന്ദനങ്ങൾ ഒരിയ്ക്കലും കത്തിനോളം രേഖപ്പെടുത്താൻ കഴിയില്ല എന്ന അറിവ് ഉള്ളത് കൊണ്ടാണ്..

ഈയിടെയായി ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിയ്ക്കാൻ പപ്പയും കുടുംബത്തെ കുറിച്ച് ചിന്തിക്കാൻ അമ്മയും ഓർമിപ്പിയ്ക്കുന്നു…നീയെന്ന ഗുൽമോഹർത്തണലിൽ എനിക്ക് വിടർന്നാൽ മതി വിച്ചു.. നീയെന്ന മഴയിൽ നനഞ്ഞാൽ മതി എനിയ്ക്ക്… ഞാനെന്ന പൂക്കാലം ചില്ലകൾ വിരിച്ച് വിരിയുന്നതും…പൂവിടുന്നതും.. കായ്ക്കുന്നതും.. നിന്റെതണലിൽ മതി.. പ്രിയ വിച്ചു..

ഞാൻ എന്റെ ഹൃദയം ആണ് നിനക്കായ്‌ അയക്കുന്നത്.. അതിനെ നീ പരിപാലിയ്ക്കും എന്ന ഉറപ്പോടെ…

എന്നും നിന്റേതു മാത്രമായ മിന്നു.


By ivayana