രചന : സന്തോഷ് പെല്ലിശ്ശേരി (പ്രണയദിനത്തിന് )✍️
എൻ്റെ പ്രണയമേ , എൻ ജീവശ്വാസമേ ,
എൻ്റെയീ ഹൃദയത്തിൻ പരിമളമേ…
നിൻ മിഴികളെത്രയോ നിഗൂഡമെന്നോമലേ…
നിൻ മിഴികൾക്കെന്തിത്രയൂഷ്മളത…?
ഞാനുരുകിപ്പോകുന്ന അഗ്നിയുണ്ടാ കണ്ണിൽ,
ഞാൻ മുങ്ങിത്താഴുന്ന ആഴവുമുണ്ടവിടെ…
ആർദ്രമീയാഴങ്ങളിൽ നിന്നീ തീനാളങ്ങൾ…
ആശ്ചര്യം , തൊടുക്കുവതെങ്ങിനെ നീ…?
നിൻ മിഴികളെന്നിലെ ശിൽപ്പിക്കു ചോദന ,
നിനക്കായി സ്മാരകം തീർത്തീടുവാൻ പക്ഷെ ,
നിൻ്റെയീ കൂർത്ത നിരാസം പ്രിയങ്കരീ ,
നിർദ്ദയം തച്ചുതകർക്കുന്നുവാ സ്വപ്നം
രാപ്പാടികൾ പോലും കൂടണഞ്ഞീടുമ്പോഴും
രാഗങ്ങളെത്രയോ പാടീ നിനക്കായി ഞാൻ..
എൻ്റെ പ്രണയവും ഏകാന്ത നിമിഷങ്ങളും
എത്രയോ ഈണത്തിൽ മീട്ടി ഞാനോമലേ…
എത്രയോ അകലത്തിനപ്പുറമെങ്കിലും
എൻ ചാരേ നിൻ ചിത്രമെത്ര സുവ്യക്തം…
നീയിങ്ങനെയെന്നെ തിരിഞ്ഞു നടന്നാലും ,
നിന്നെത്തേടുമെന്നുമെന്നാത്മാവു നൂനം..
പനിനീർപ്പൂവുകൾ പരന്നോരു പാടത്ത് ,
ഞാൻ കൊയ്തെടുത്തതീ മുള്ളുകൾ മാത്രം…
വിരഹത്തിൻ കയ്പു സഹിച്ചു സഹിച്ചു ഞാൻ
വിമൂകമീ വല്മീകം പൂകിയെന്നാലും
ഒത്തുചേരുന്നതിൻ സന്തോഷത്തേക്കാളും
ഒക്കുന്നില്ലയാ നിമിഷഭീതിയെ ചിന്തിക്കുവാൻ…