രചന : സുധീഷ് സുബ്രഹ്മണ്യൻ (പ്രണയദിനത്തിന് )✍️
ഉള്ളംകയ്യിലേക്ക് നോക്കവേ,
ഭൂപടം പഠിക്കുന്ന കുട്ടിയായി രൂപമാറ്റം സംഭവിക്കുന്ന,
ജീവിയാകുന്നു ഞാൻ. തഴമ്പുകൾ;
കടന്നുവന്ന വഴികളിലെ
വരണ്ട കുന്നുകളെ ഓർമ്മിപ്പിക്കുന്നു.
ചിതറിക്കിടക്കുന്ന രേഖകൾ;
അപൂർണ്ണമായ പ്രണയങ്ങളിലേക്കു വെട്ടിയ, വഴികളാകുന്നു.
ചുളുങ്ങിപ്പോയ തൊലിയിൽ;
ജീവിതം ഒരു കണ്ണാടിയായി തെളിയുകയാണ്.
നടുവിലൊരു മുറിപ്പാടുണ്ട്.
എന്റെ കൈപ്പടത്തിന്റെ തിരിച്ചറിയൽ രേഖ.! നോക്കൂ…
അതിനെ ഞാൻ നിന്റെ പേരിട്ടാണു വിളിക്കുന്നത്…