രചന : മായ അനൂപ് (പ്രണയദിനത്തിന് )✍️
കവിതയായ് എഴുതിയാൽ ഒരുനാളും തീരാ-
തങ്ങൊഴുകുന്ന പ്രണയകല്ലോലിനി നീ
ശിശിരമാസക്കുളിർ തെന്നലിൽ അലിയുമെൻ
അനുരാഗവല്ലി തൻ പൂവാണ് നീ
എൻ സ്വപ്ന തീരത്തിലെന്നെ എത്തിച്ചൊരു
പ്രണയ നദിയിലെ തോണിയോ നീ
പ്രാലേയ കുങ്കുമം ചാർത്തി വരുന്നൊരു പാതിരാ തിങ്കൾ നിലാവല നീ
പണ്ടേതോ ശില്പി വടിവോടെ കൊത്തി-
യെടുത്തൊരു വെണ്ണക്കൽ ശില്പ്പമോ നീ
എൻ മനോവീണതൻ തന്ത്രികൾ മീട്ടിയ
സുന്ദര രാഗ പരാഗമോ നീ
മോഹത്തിൻ മൊട്ടുകൾ അനുദിനം
കോർത്തെന്നെ
അണിയിക്കും ഋതു രാഗപല്ലവി നീ
ഞാൻ ശ്രുതി മീട്ടുമെൻ സാരംഗിയിൽ വീണലിഞ്ഞൊരു സ്വരരാഗ മാലിക നീ
കുങ്കുമം വിതറുന്ന സന്ധ്യയിൽ ചന്ദനം ചാർത്തിയ പൗർണമി തിങ്കളോ നീ
കൊതി തീരും വരെയൊന്ന് കാണുന്നതിൻ
മുൻപേ മായുന്ന വാർമഴവില്ലാണോ നീ.