രചന : സാബു നീറുവേലിൽ✍

കവിക്ക് എല്ലാം ഇരകളാകുമ്പോൾ കവിയിൽ നിന്നും കാട്ടാളനിലേക്കുള്ള ദൂരം….

കവിതയുടെ ഉറവിടം
തേടിയുള്ള യാത്രയിലാണ്
ഉച്ചച്ചൂട് കുടിച്ചു, വളഞ്ഞ
മുതുകുള്ള ഒരു കവിത
ശ്രദ്ധയിൽ പെട്ടത്.
ആരോ മാറത്തടക്കിയ
തേങ്ങലിലാണ്
ഒരു കവിത പിറന്നത്.
ഇരുട്ടിൽ പതിയിരിക്കുന്ന
നിഴൽ രൂപങ്ങളാണ്
ഒരു കവിത വരച്ചത്.
ചാനലുകൾ മാറി മാറി
കളിക്കുമ്പോഴാണ്
മുഖമില്ലാത്ത ഒരു
കവിത കണ്ടത്.
നിർത്താതെ പെയ്ത
മഴയിലാണ് ഒലിച്ചു
പോകുന്ന കുറെ
കവിതകൾ രൂപപ്പെട്ടത്.
അതിർ വരമ്പുകൾ
മാറ്റി വരച്ചപ്പോഴാണ്
പുഴയും ഒരു കവിതയായത്.
എത്ര തുരന്നു ചെന്നിട്ടും
ഹൃദയമില്ലെന്നതാണ്
മലയെ കവിതയാക്കിയത്.
കാറ്റത്ത് ഒടിഞ്ഞ് വീണ
മരപ്പൊത്തിലാണ് ഒരു
കവിത അടയിരുന്നത്.
മറ്റുള്ളവരുടെ കവിതകൾ
മോഷ്ടിച്ച് വെറും ഒരു
കള്ളനാകാതിരിക്കാനാണ്
എന്നിലേക്ക് തിരിഞ്ഞത്.
ഉള്ളു പൊള്ളയായ,
കാപട്യത്തിൻ്റെ നിഴൽ
വീണു പൊള്ളിയ
കവിതയുടെ നെടു
വീർപ്പുകൾ ആരോ
കട്ടെടുത്തിരുന്നു.
അകലെ ഇരുൾ മൂടിയ
ഗഹ്വരങ്ങളിൽ ആരോ
മുരളുന്നുണ്ടായിരുന്നു;
കവി കാട്ടാളനായ
എൻ്റെ കവിത.

സാബു നീറുവേലിൽ

By ivayana