രചന : രാജീവ് ചേമഞ്ചേരി✍
നേരം പുലരുമ്പോൾ മാവിൻ ചില്ലയിൽ
നേരമ്പോക്കായ് കിളികൾ ചിലച്ചപ്പോൾ,
നാടിനെയുണർത്താൻ പാട്ടുകൾ പാടും –
നല്ലോമൽക്കുയിലിൻ്റെ നാദമകന്നൂ!
നേരറിയാത്ത വിദൂഷകൻ്റെ വാക്കാൽ –
നേരും നെറിയും പടിയടച്ചീടവേ!
നേർത്ത ചരടിനാൽ കെട്ടിവരഞ്ഞയേടുകൾ –
നിയമത്തിനുള്ളിലെ പാഴ് വേല കൂമ്പാരം;
ചിതലരിച്ച കടലാസ് തുണ്ടത്തിലെന്നും –
പതിവായ് കാണുന്ന സ്വാർത്ഥരേഖകൾ !
പടിയടച്ച് പിണ്ഡം വയ്ക്കുന്ന മഷിപേനയും-
പിടയുന്ന മനസ്സിനടിത്തറയിളകുന്ന വാക്കും!
മുറ്റത്തലഞ്ഞങ്ങിങ്ങ് പായുന്ന കുട്ടികൾ-
മുറു മുറെ ചിലയ്ക്കുന്ന ചിതലക്കൂട്ടവും!
മുദ്രണം ചെയ്തൊരു ശിലാഫലകത്തിലെ-
മരണമില്ലാത്തയക്ഷരങ്ങളടർന്ന് വീഴവേ!