രചന : നിസാർ വി എച് ✍

വർണ്ണപ്പൂക്കളാൽ നിറഞ്ഞ ലുങ്കിയിൽ ആയിരുന്നു ആദ്യം കണ്ണുകൾ ഉടക്കിയത്.
അതിൽ രൂപപ്പെട്ട ഞൊറിവുകൾ പഴക്കം
വിളിച്ചോതുന്നു.മണ്ണും, പൊടിയും, മുറുക്കിത്തുപ്പലും കടത്തിണ്ണകളുടെ അവകാശിയാണെന്ന് വിളിച്ചു ചൊല്ലി.
യഥാർത്ഥ നിറം തിരിച്ചറിയപ്പെടാതെ,

എന്നോ തിടുക്കത്തിൽ എടുത്തണിഞ്ഞ ഷർട്ട്, ഏറ്റക്കുറച്ചിലുകളോടെ, നടപ്പിന്റെ വേഗതയ്ക്കൊത്ത് നൃത്തം ചെയ്തു കൊണ്ട് ദേഹത്ത് പറ്റി ചേർന്ന് കിടക്കാൻ
കൂട്ടാക്കാതെ അകന്നു നിന്നു.
കാഴ്‌ച്ചയിൽ ദൃശ്യമാവുന്ന മെലിഞ്ഞ കാലുകളിലെ മുറിവുകളെ പൊതിഞ്ഞിരിക്കുന്ന ഈച്ചകളുടെ മൂളൽ. ഒരു കാലിൽ വച്ചു കെട്ടിയ മുഷിഞ്ഞ പഴന്തുണിക്ക് മേലെ രക്തവും,പഴുപ്പും
എത്തി നോക്കുന്നു.

“കുറച്ചു നാളുകളായി ഈ ഭാഗത്തെക്കെ
ഈ കക്ഷിയെ കാണാം.ആൾക്ക് അത്ര പ്രായമൊന്നുമില്ലെന്ന് തോന്നുന്നു. കഞ്ചാവോ, ഗുളികയോ മറ്റോ അടിച്ചു ഭ്രാന്ത്‌ ആയി പോയതാണെന്നാ എല്ലാരും പറയുന്നത്. ആർക്കും ശല്ല്യമൊന്നുമില്ല. പക്ഷെ ബൈക്കിൽ വേഗത്തിൽ പോകുന്നവരെ നോക്കി എന്തൊക്കെയോ പറയുന്നത് കേൾക്കാം.ബസ്സ് സ്റ്റോപ്പിലെ ഭിത്തിയിൽ ചാരി നിന്ന് ഇടയ്ക്ക് പൊട്ടി കരയുന്നതും കാണാം.”

തന്റെ നോട്ടം കണ്ടാവണം.മനോജ്‌ പതിയെ പറഞ്ഞു.
മുഖം മറച്ചു വളർന്നിറങ്ങിയ ജഡകെട്ടിയ മുടിയിഴകൾക്കിടയിലൂടെ ഇടയ്ക്ക് തെളിയുന്ന വടുക്കൾ നിറഞ്ഞ വെളുത്ത മുഖത്തിനു മോർച്ചറിയിൽ സൂക്ഷിക്കുന്ന അനാഥ പ്രേതങ്ങളുടെ വിളറിയ ഭാവമായിരുന്നു.പാതിതുറന്ന കണ്ണുകളിൽ ഭയമായിരുന്നു തെളിഞ്ഞു നിന്നത്.

ബസ്സ്സ്റ്റോപ്പിന്റെ മുന്നിലെത്തിയ,
കഞ്ചാവടിച്ചു ഭ്രാന്തായ അയാൾ ഒരു
നിമിഷം നിന്നു.പൊളിഞ്ഞു വീഴാറായ ബസ്സ്റ്റോപ്പിന്റെ ഭിത്തിയിൽ,പാതി തുറന്ന കണ്ണുകളാൽ ഒരു നിമിഷം നോക്കി. പതിയെ ആ കണ്ണുകൾ മുഴുക്കെ തുറന്നു..
തുറന്ന ആ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുനീർ വീണു ഷർട്ടിന്റെ യഥാർത്ഥ
നിറം തെളിഞ്ഞു വന്നു.
ഭിത്തിയിലേക്ക് ചാരി അവ്യക്തമായ് എന്തെക്കെയോ പുലമ്പി അയാൾ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.

വേഗം ഫോണെടുത്തു. കോൺടാക്ട് ലിസ്റ്റിൽ നിന്നും രാജേട്ടന്റെ നമ്പറിലേക്ക് വിളിച്ചു. തന്റെ കൈകൾ വിറകൊള്ളുന്നത്
തിരിച്ചറിഞ്ഞു.
“രാജേട്ടാ .. ഒന്ന് ചന്തമുക്ക് വരെ വരണം
ഇപ്പോൾ തന്നെ..!നമ്മുടെ ശ്രീ ആണോന്ന്
ഒരു സംശയം.”
ഫോൺ കട്ട്‌ ആയി.

“നീ എന്ത് വാ ഈ പറയുന്നേ.. അത് നമ്മുടെ
ശ്രീക്കുട്ടൻ ഒന്നുമല്ല. നീ വെറുതെ രാജേട്ടനെ
വിഷമിക്കല്ലെ..!”
മനോജിന്റെ ശബ്ദം കനത്തിരുന്നു.
“നീ എങ്ങനെ ഉറപ്പിച്ചു അത് ശ്രീക്കുട്ടൻ
ആണെന്ന്..?കുറെ നാളായി ഞങ്ങൾ ഇതെല്ലാം കാണുന്നു. ഇത് വരെ ഇങ്ങനെ ആർക്കും തോന്നിയില്ലല്ലോ..”
അവന്റെ വാക്കുകളിൽ അല്പം കോപവും
പറ്റിപിടിച്ചിരുന്നു.
“നീയും,ശ്രീയുടെയും, ഗോപന്റെയും കൂട്ടുകാരൻ ആയിരുന്നല്ലോ..അവരെ എന്നാണ്, എങ്ങനെയാണ് നമുക്ക് നഷ്ട്ടപ്പെട്ടതെന്ന് നീ ഓർത്ത് നോക്ക്..”
അവനോടായി പറഞ്ഞെങ്കിലും തന്റെ നോട്ടം ബസ്സ്റ്റോപ്പിൽ ആയിരുന്നു.

“അമിത വേഗതയിൽ ഗോപൻ ഓടിച്ച ബൈക്ക് ആക്സിഡന്റായി.ഗോപൻ
നമ്മളെ വിട്ടുപോയി.അത്യാഹിത വാർഡിൽ ജീവന് വേണ്ടി പോരാടുന്ന ശ്രീക്കുട്ടനിൽ നിന്നും ഗോപന്റെ മരണം മറച്ചു വെച്ചു. ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം തന്നെ ശ്രീ, ഗോപനെ കാണുവാൻ ഉണങ്ങാത്ത മുറിവുകളുമായ് ഇറങ്ങി. പിന്നീട് ആരും അവനെ കണ്ടിട്ടില്ല. ഇത് എല്ലാവർക്കും അറിയുന്നതല്ലേ..?”
ഒറ്റ ശ്വാസത്തിൽ പറഞ്ഞു മനോജ്‌ കിതച്ചു.
“അത്രേയെ നിനക്ക് അറിയൂ. എന്നാൽ
നീ അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.
നമ്മുടെ ശ്രീക്കുട്ടന് എന്നും പ്രിയം ബൈക്കുകളോട് ആയിരുന്നു. അവനോടി ക്കുന്ന ബൈക്ക് എപ്പോഴും നിലം തൊടാതെ
യാണ് പോയിരുന്നത്.

അവന്റെബൈക്കിന്റെ
പിന്നിൽ കയറുവാൻ എല്ലാവർക്കും ഭയം
ആയിരുന്നു. അന്ന് റേഷൻ വാങ്ങാൻ സഞ്ചി
യുമായി ഇറങ്ങിയ ഗോപനെ നിർബന്ധിച്ചു
ബൈക്കിൽ കയറ്റിയത് ശ്രീ ആയിരുന്നു.
അമിത വേഗതയിൽ ശ്രീ ആണ് അന്ന്
ബൈക്ക് ഓടിച്ചത്..!! “
മനോജിൽ നിന്നും ഒരു ഞെട്ടൽ ഉയർന്നു.
“ഗോപൻ എന്നെങ്കിലും ബൈക്ക് ഓടിക്കുന്നത് നീ കണ്ടിട്ടുണ്ടോ?നേരെ ചൊവ്വേ സൈക്കിൾ പോലും ചവിട്ടാൻ അറിയാത്ത പാവം ഗോപൻ എങ്ങനെയാഡാ അമിത വേഗത്തിൽ ബൈക്ക് ഓടിക്കുക..?”

തന്റെ ചോദ്യം കേട്ട് കണ്ണുകൾ മിഴിച്ചു
നിൽക്കുന്ന മനോജിനെ കണ്ടു.
“ഗോപൻ മരിച്ചതിനാൽ, അവന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാകാതിരിക്കാൻ ബൈക്ക് ഓടിച്ചത് ശ്രീ ആണെന്ന സത്യത്തിനു നേരെ
കണ്ണുകൾ അടച്ച കൂട്ടത്തിൽ എന്റെ ഈ കണ്ണുകളും ഉണ്ടായിരുന്നെടാ..”
മനോജ്‌ അവിശ്വസനീയമായ എന്തോ കേട്ടപോലെ തന്നെ നോക്കി.

“ഹോസ്പിറ്റലിൽ നിന്നും എത്തിയ ശ്രീ കാര്യങ്ങൾ അറിഞ്ഞപ്പോൾ തകർന്നു
പോയിട്ടുണ്ടാവും. ഗോപന്റെ മരണം താൻ
കാരണം ആണെന്നകുറ്റബോധത്താൽ മനോനില തെറ്റിയതാവാം “
“എന്നാലും..ഇയാൾ നമ്മുടെ ശ്രീ ആകുന്നത്
എങ്ങനെയാടാ?”
സംശയത്തോടെ മനോജ്‌ തന്നെ ഉറ്റ് നോക്കി.
“നീ ഭ്രാന്തൻ എന്ന് വിളിച്ച അയാളുടെ
മുഖവും, കൈയ്യും പതിഞ്ഞിരിക്കുന്നത് എവിടെ ആണെന്ന് നീ ഒന്ന് ശ്രദ്ധിച്ചു നോക്കൂ”
അത് കേട്ടതും മനോജിന്റെ കണ്ണുകൾ
ബസ്സ്സ്‌റ്റോപ്പിലേക്ക് പാഞ്ഞു..

“കാലപ്പഴക്കത്താൽ നിറം മാഞ്ഞു തുടങ്ങിയ ആ പോസ്റ്റ്ർ നീ കണ്ടില്ലേ ?
‘ഞങ്ങളിൽ ശ്വാസം നിലക്കും വരെ
നിനക്ക് മരണമില്ല ..’ എന്ന് എഴുതിയ ആ പോസ്റ്ററിൽ,ഗോപന്റെ ഫോട്ടോയെ ഉമ്മ വെച്ചും, തഴുകിയും കരയുന്ന ആ ഭ്രാന്തൻ, നമ്മുടെ ശ്രീ അല്ലാതെ മറ്റാരാടാ..?”
ചോദിച്ചു തിരിയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മനോജിനെ കണ്ടു..
അവനെ ചേർത്ത് പിടിച്ചു കരയുമ്പോൾ
ആ ഭ്രാന്തനെ ചൂണ്ടി അവന്റെ ചുണ്ടുകൾ
മന്ത്രിക്കുന്നുണ്ടായിരുന്നു..
“നമ്മുടെ ശ്രീ..”
ആ സമയം മറ്റൊരു കരച്ചിൽ ആ ബസ്സ്സ്റ്റോപ്പിൽ നിന്നുയർന്നു.
“ശ്രീക്കുട്ടാ…എന്റെ മക്കളെ..”
അത് രാജേട്ടന്റെതായിരുന്നു..!
(ശുഭം.)

പ്രതീക്ഷകളോടെ നിങ്ങളെ കത്തിരിക്കുന്നവരെ ജീവിതകാലം മുഴുവൻ
നിരാശയുടെ പടുകുഴിയിൽ തള്ളിയിടരുത്.
അമിതവേഗം ഒഴിവാക്കൂ..
By,
𝓝𝓲𝔃𝓪𝓻 𝓿𝓱.

നിസാർ വി എച്

By ivayana