രചന : മഞ്ജുള മഞ്ജു ✍

എടി കുഞ്ഞന്നാമ്മോ ഞാനിങ്ങ് വന്നെടിയേയെന്ന്
അവളാ മുറിയോട് പറയുമ്പോള്‍
രണ്ടു ദിവസം കാണാഞ്ഞ
സര്‍വ്വപിണക്കങ്ങളും ഉരിഞ്ഞു വച്ച്
കുഞ്ഞന്നാമ്മ ചിരിക്കും
കിടക്കയിലെ ചുളിവുകള്‍ വിടര്‍ത്തി നീക്കും
വെളിയില്‍ പോയലഞ്ഞ
വിയര്‍പ്പിനെ
കണ്‍തടങ്ങളിലെ
കറുപ്പിനെ
അരുമയോടെ തലോടും
അവളിപ്പോള്‍ കിടക്കയിലേയ്ക്ക്
വീഴുമെന്നും കണ്ണുകളടയ്ക്കുമെന്നും
കുഞ്ഞന്നാമ്മയ്ക്കറിയാം
മുറിയപ്പോള്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാട്ടുകാരന്‍ മൂളും
കണ്ണ് തുറക്കുമ്പോള്‍
ലെവിസ്റ്റാ കോഫിയുടെ ടിന്ന്
കണ്ണിന്‍ പാകത്തിലേയ്ക്ക്
ഒതുക്കി വയ്ക്കും
പഞ്ചസാരപാത്രം കൈദൂരത്തിലാക്കും
അവളിറങ്ങിപ്പോകുമ്പോള്‍ പ്രണയനഷ്ടം
സംഭവിച്ചതുപോലെ മുറി കണ്ണില്‍ക്കണ്ടതിനെ തട്ടി മറിക്കയും
ഇരുട്ടില്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്യും
അവള്‍ വന്നു ചേരുമ്പോള്‍ എങ്ങനെയാണ്
കുഞ്ഞന്നാമ്മ ഉപേക്ഷകളൊക്കെ
മറന്നു കളയുന്നത് ?
അവളുടെ ഫോണ്‍വിളികളെ
വര്‍ത്തമാനങ്ങളെ
ചിരികളെ
നെഞ്ചിന്‍കൂട്ടിലൊതുക്കി വയ്ക്കുന്നത്,,?
അവളുടെ വേവുകളെ തണുപ്പിച്ച്
വിയര്‍പ്പ് മുത്തി മുത്തി
അവളുടെ ചിരികള്‍ക്കൊപ്പം
ചിരിച്ചു ചിരിച്ച്
അങ്ങനെയാണ് കുഞ്ഞന്നാമ്മ അവളുടെ
സ്വസ്ഥതകളുടെ ഇടമാകുന്നത്
അങ്ങനെയാണ് ആ ഒറ്റമുറി അവളുടെ
രാജ്യമാകുന്നത്.

(വാക്കനാൽ)

By ivayana