അസ്തമയ സൂര്യൻറ്റെ വെളിച്ചം ഗ്രാമ പാതയിൽ പടർന്നിരുന്നു.. ചേച്ചിയമ്മ പുളിയും ഉമിക്കരിയുമുപയോഗിച്ച് ഓട്ട് നിലവിളക്ക് ഉരച്ച് കഴുകുന്നതു നോക്കി ഇളംതിണ്ണയിലിരിക്കുകയാണ്..
തെക്കേ പറമ്പിൽ വാഴ കുലച്ചിട്ടുണ്ടാവണം.. നരിച്ചീറുകൾ മുറ്റത്തെ പാതിയിരുട്ടിലൂടെ നിഴൽപോലെ പാറുന്നുണ്ട്.. പണ്ട് സ്കൂളുവിട്ടുവന്നാൽ സന്ധ്യമയങ്ങാൻ കാത്തിരിക്കും വാഴത്തേനുണ്ണാൻ വരുന്ന നരിച്ചീറുകളെ നീളൻ കമ്പുകൊണ്ട് അടിച്ചുവീഴ്ത്താൻ.. ഒന്നിനെപ്പോലുമങ്ങനെ പിടിക്കുവാനുള്ള വിരുതുണ്ടായിരുന്നില്ലെന്നതാണ് സത്യം.. പിന്നീടെന്തെല്ലാം കഴിവുകളാണ് അറിയാതെ വന്നു ചേർന്നത്.. ഒടുവിലിതാ എല്ലാമോർക്കാനായി ചില നാളുകൾ ബാക്കിയായിരിക്കുന്നു..
അവസാനമെഴുതിയ ബുക്കിൻറ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് അയാൾ ഇപ്പോൾ വളരെ നാളുകൾക്ക് ശേഷം ഇവിടെ എത്തിയത്… ആകെയുള്ളത് ചേച്ചിയമ്മ മാത്രം.. വൃത്തിയും വെടിപ്പുമുണ്ട് .. ഒരു അകന്ന ബന്ധത്തിലുള്ളതാ.. ചെറുപ്പത്തിൽ കുളിപ്പിച്ചിരുന്നതും പറമ്പിലും പാടത്തും കൂടെ കൊണ്ടുനടന്ന് ചെടികളും പൂക്കളും കാട്ടി പേരുപഠിപ്പിച്ചതുമൊക്കെ ചേച്ചിയമ്മയായിരുന്നു.
ആമെലിഞ്ഞ ശരീരത്തിൽ വലിയമാറ്റമൊന്നും കാലമുണ്ടാക്കിയിട്ടില്ലെന്ന് ആ പ്രസരിപ്പ് കാണുമ്പമറിയാം. വിളക്ക് വെയ്ക്കുന്ന സമയമായപ്പോഴാണ് പുറത്തേക്ക് നടന്നത്.. അറിയാതെ നടന്നെത്തിയത് കാവിനടുത്താണ്.. കാവെന്നൊന്നുംപറയാനാവില്ല.. എല്ലാം തെളിഞ്ഞിരിക്കുന്നു. വിളക്ക് വെയ്ക്കുന്ന കുര്യാലകൾ മുട്ടോളം പോന്ന മതിലും.. മതിലിനുള്ളിൽ തെക്ക് പടിഞ്ഞാറായി അധികം പ്രായമില്ലാത്ത അരയാൽ.. ഇലകൾ മെല്ലെചലിക്കുന്നു.. പ്രകൃതിയുടെ താളം.. തെക്ക് കിഴക്കായി ഒരു കിളിമരത്തിലായി പിച്ചിവള്ളി പടർന്നുകിടക്കുന്നു.. എന്തോ ഒന്ന് ഇഴഞ്ഞതായി അരണ്ടവെളിച്ചത്തിൽ തോന്നി.. സംശയമില്ല. കണ്ടു.. പാമ്പ്തന്നെ..കാവിന് സമീപം പാമ്പിനെ കണ്ടെന്നാൽ ആരോടും പറയരുതെന്നാ… പറയാതിരുന്നാൽ നാഗമാണിക്യം തരും നാഗത്താൻമാര്.. പറഞ്ഞാല് വലിയ ദോഷവുമാ.. കാവിനെ കുറിച്ച് പറയുമ്പം ലച്ചൂന് നൂറു നാവാ… നല്ല വാക് സാമർത്ഥ്യം ഉള്ളതോണ്ട് ഞങ്ങൾ പാവം ഇളംതലമുറ വിശ്വസിച്ചുപോകും പറേന്നതെന്തും… പണ്ട് ഈ കാവും പരിസരവും നിറയെ ഇഴജന്തുക്കളും ചീങ്കണ്ണികളുമൊക്കെയായിരുന്നു.. ചിലരൊക്കെ വിഷംതീണ്ടി പരലോകംപൂകിയിരുന്നു.. കമ്യൂണിസം വളരുന്ന കാലമായിരുന്നത്… അവരെ തകർക്കാൻ കോൺഗ്രസ് സന്നദ്ധ ഭടൻമാരുമുള്ളകാലം…. അന്ന് സാഹിത്യം ഇഷ്ടമുള്ള ചിലരും ഉണ്ടായിരുന്നീ ഭടൻമാരിൽ.. കമ്യൂണിസം സാധാരണജനങ്ങളിലെത്തിക്കാൻ നാടകമെഴുതിയിരുന്ന ആളെ സന്നദ്ധഭടൻമാർതന്നെ ഒളിവിൽ പാർപ്പിച്ചിരുന്ന കഥകളുമുണ്ട്… പിൽകാലത്ത് അതൊക്കെ ഒരു ആത്മകഥയിൽ വായിച്ചിട്ടുണ്ട്.. മനുഷ്യർ ഇസങ്ങൾക്കും മേലെ ചിന്തിച്ചിരുന്ന നല്ലകാലം…ഇന്ന് എല്ലാം ആധുനികവത്കരിക്കപ്പെട്ടു.. കൊടിയുടെ നിറവും താത്വികവുമായി ചുരുങ്ങിയിരിക്കുന്നു നൻമയും സ്നേഹവുമൊക്കെ..
1957 ലെ ഗവൺമെൻറ്റ് വന്നതിനുശേഷം പുരോഗമനം വന്നു.. ചിന്തകൾ പുതുക്കി വിപ്ലവം വ്യാപരിച്ചു.. കുറച്ച് ചെറുപ്പക്കാർ കാവുതീണ്ടി വെളുപ്പിച്ചു.. അതിൽ മിക്കപേരും മരിച്ചത് വിഷംതീണ്ടിയാണ്.. അതിലൊരാളുടെ മകളുടെ ത്വക്ക് പാമ്പിൻറ്റെ ചെതുമ്പൽ പോലെയായിരുന്നു പതിനാറാം വയസിൽ മരിക്കുമ്പോൾ.. കുളിക്കുളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന ചെമ്പോട്ടി മരത്തിലെ കൊമ്പിലിരുന്ന് ലച്ചു ഇതൊക്കെ പറയുമ്പോൾ ഞങ്ങൾ ശ്വാസമടക്കിയാണ് കേൾക്കുക.. എന്തെങ്കിലുമൊന്ന് അനങ്ങിയാൽ ഞങ്ങൾ തീർച്ചപ്പെടുത്തും സർപ്പം തന്നെ…
നാളുകളെത്ര കഴിഞ്ഞിരിക്കുന്നു.. ലച്ചുവും മരിച്ചത് വിഷംതീണ്ടിയായിരുന്നുവെന്ന് പറയുന്നു.. അടിയന്തിരാവസ്ഥകാലമായിരുന്നത്.. പൊലീസ് ഭീകരത നിറഞ്ഞ കാലം.. ഗ്രാമങ്ങളിൽ പോലും പൊലീസ് ക്യാമ്പുകൾ ഉണ്ടായിരുന്നു.. ഏതോ പൊലീസുകാരനുമായി ലച്ചു പ്രണയത്തിലായിരുന്നു.. കാവിനടുത്തുള്ള കുളിക്കുളത്തിൻറ്റെ കരയിലൊരു വെളുപ്പിനാണ് ലച്ചുവിൻറ്റെ മൃതദേഹം കണ്ടത്.. കഴുത്തിൽ നീലിച്ച പാടുകൾ.. വരലുകൾ പോലെ.. പക്ഷെ പൊലീസുകാരുടെ ഭാഷ്യം വിഷംതീണ്ടിയതെന്നാണ്..
ഇരുട്ടുവീണു തുടങ്ങി.. തിരികെ നടക്കുകയാണ്.. വലതുവശത്തായി നദി ഒഴുകുന്നു.. നിലാവലിഞ്ഞ നദിയുടെ മാറിൽ സ്വർണത്തിളക്കം… അങ്ങേകരയിൽ മുനിഞ്ഞുകത്തുന്ന ഒരു വെളിച്ചം.. ആരോ വല വീശുകയാണ്… നടന്നെത്തിയത് ആ കുളിക്കുളത്തിൻ കരയിൽ.. കുളമാകെ കാടുമൂടി ഉപയോഗശൂന്യമായി കിടക്കുന്നു…ലച്ചുവിൻറ്റെ കഥകൾ നിറഞ്ഞിരുന്ന ആ വലിയ ചെമ്പോട്ടി മരത്തിൻറ്റെ സ്ഥാനത്ത് ആറ്റുകൈതയുടെ ഒരു കാട്… എന്തൊ അതിൽ നിന്നും ചിറകടിച്ചകന്നു… ആരുടെയോ വല്ലായ്മയാർന്ന ശ്വാസവലിവ്.. കണ്ഠംമുറുകുമ്പോൾ ശ്വാസത്തിനായുള്ള പിടപ്പ്.. അത് കാറ്റിലലിഞ്ഞു…ഒരിളംതെന്നൽ കടന്നുപോയി… കാലുകൾ വേഗത്തിൽ ചലിച്ചു കുറേദൂരം ചെന്ന് തിരിഞ്ഞു നോക്കി… ഒരു രത്നതിളക്കം.. നാഗത്താൻമാർ മാണിക്യം കൊണ്ടുവന്നതായിരിക്കുമോ…
പനി കുറവുണ്ടോയെന്ന ചേച്ചിയമ്മയുടെ ശബ്ദം കേട്ടാണ് മയക്കമുണർന്നത്..നേരം ഉച്ചയോടടുത്തിരിക്കുന്നു.. മുറ്റത്തെ പൂവരശിലകൾ സ്നേഹത്തിൻറ്റെ ചിത്രണംപോലെ ചിതറിക്കിടക്കുന്നു.
……….ഗംഗ അനിൽ………