രചന : സി.ഷാജീവ്✍
ചന്തയിൽ
നിരത്തിവെച്ചിട്ടുണ്ടേറെ
മീനുകൾ.
ഏതുവാങ്ങണമെന്ന
വെമ്പലിൽ
ബോധമൊരു
പിടയും മത്സ്യം.
വായനശാലയിൽ
ചില്ലിട്ട
അക്ഷരപ്പെരുക്കങ്ങളിൽ
എല്ലാമെടുത്ത്
ഒറ്റയിരിപ്പിന്
തീർക്കണമെന്ന വിശപ്പ്.
കാറ്റിലതിവേഗം
താൾമറിയും –
പുസ്തകംപോൽ തൃഷ്ണ.
ഇന്നലെ
ചന്തയിൽനിന്നും
പുസ്തകമേതെടുക്കണമെന്നും
വായനശാലയിൽ നിന്ന്
മീനേതു വാങ്ങണമെന്നും
ശങ്കിച്ചുനിൽക്കവേ
ബോധം
താൾ മറിയും മത്സ്യം,
തൃഷ്ണയോ
പിടയും പുസ്തകം.