രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍

ചുക്കിനിപ്പറമ്പിലെ അഭിമാനമായിരുന്ന , രാമേട്ടൻന്റെ പേരിലുള്ള ‘രാമേട്ടൻ മെമ്മോറിയൽ ‘ ബസ്സ്റ്റോപ്പിൽ
നിൽക്കുമ്പോൾ
മണ്ണിക്യപ്പാടത്തിലേ
ക്കുള്ള
“ഗുരുദേവൻ ബസ്സ്”… ഇത്ര വൈകും വിചാരിച്ചില്ല.
സാധാരണ
ഗുരുദേവൻ ബസ്സ് ചതിക്കാറില്ല.
റൂട്ടിൽ എന്നും ഓടാറുണ്ട്.
പുറമെ ,
കിറു കൃത്യമാണ് അതിന്റെ ടൈമിംഗ്.
രാവിലെ പത്തര ന്നുണ്ടേൽ പത്തര തന്നെ.
വാച്ച് ഒന്നും നോക്കണ്ട.

ആൾക്കാർക്ക് ഗുരുദേവന്റെ
പോക്കു വരവ് നോക്കിയാൽ മതി.
നിഴലു നോക്കി സമയം പറയുന്ന ,
മലയിലേക്ക്
മുളക്കു വേണ്ടി പോവുന്ന മലയർ സൂര്യനെ കുറ്റം പറഞ്ഞാലും നാട്ടിലൂടെ ഓടുന്ന
ഗുരുദേവനെ പറയില്ല.
അത്ര ആച്ചട്ടാണ് ഗുരുദേവൻ ബസ്സ്..,
സമയനിഷ്ടയുടെ കാര്യത്തിൽ.
പക്ഷെ , അന്നെന്തോ ഇത്തിരി വൈകി മാത്രം.
ക്ഷമ തെറ്റി
സ്റ്റോപ്പിൽ നിൽക്കുമ്പോൾ , പെട്ടന്നൊരു
ചിന്നം വിളിയിൽ അതാ ഗുരുദേവൻ
ബസ്സ് ,
സ്റ്റോപ്പിൽ
വലിയ ശബ്ദത്തോടെ ബ്രെക്ക് ഇട്ടു നിന്നു.

ഡ്രൈവർ എന്തെക്കെയോ അമർത്തി വണ്ടി നിർത്തിച്ചു.
…..ഗുരുദേവൻ വൈകിയത് അഞ്ചു മിനിട്ട്….
പത്തര ന്നുള്ളത്
പത്ത് മുപ്പത്തഞ്ച്.
ഇനിയും ,
വൈകിയാൽ പിന്നിലുള്ള ബസ് ചീത്ത പറയും പറഞ്ഞു കണ്ടക്ടർ വേഗം കേറൂ ആൾക്കാരോട് പറയുന്നുണ്ട്.
എക്കാലവും ,
വളരെ ബിസിയാ കണ്ടക്ടർമാർ.
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
തിരക്കുള്ള
ഗുരുദേവൻ ബസ്സിൽ ഭഗോതിയെ പ്രാർത്ഥിച്ചു ഞാൻ കേറി.

കേറിയ ഉടനെ ബസ്സിനുള്ളിൽ ചുറ്റും നോക്കി.
ഒരു സീറ്റും ഒഴിവില്ല.
മണിക്കൂർ ഒന്നു വേണേ അവിടെ എത്താൻ.
ഓടുന്ന ബസ്സിനുള്ളിലെ സൈഡിലുള്ള കൈപ്പിടിയിൽ പിടിച്ചു , ഒന്നു , ആഞ്ഞു… നടന്നു ഞാൻ കണ്ടക്ടർക്കടുത്തെത്തി….,
….മെല്ലെ… മെല്ലെ… കണ്ടക്ടർ കുട്ടപ്പൻ ചിരിച്ചോണ്ട് പറഞ്ഞു.
അടുത്ത സ്റ്റോപ്പിൽ ഇയാൾ ഇറങ്ങും..
അയാളുടെ സീറ്റിനടുത്തു നിന്നോളൂ…കുട്ടപ്പൻ എനിക്ക് സീറ്റിനുള്ള വഴിമരുന്ന് ഇട്ടു.
പറഞ്ഞ പോലെ അയാൾ ഇറങ്ങി.
ഞാൻ ആ ചുവന്ന കവർ ഉള്ള സീറ്റിൽ അമർന്നിരുന്നു.

പിന്നെ മാണിക്യപ്പാടം വരെ സുഖ യാത്ര…
അങ്ങനെ…,
കാറ്റ് കൊണ്ട്…
കുളിരു കൊണ്ട്…
ചുറ്റും കണ്ട്
യാത്ര തുടർന്നു.
പക്ഷെ ,
എന്നും ഉള്ള മഴ ഇത്തിരി വിട്ടു നിന്നിരുന്നു.
എങ്കിലും കോള് ഉണ്ട് അങ്ങ് മലനിരകളിൽ.
കാറ്റുള്ളതുകൊണ്ട് മേഘം മാറിപ്പോവുന്നു.
കള്ളനെപ്പോലെ ആകാശത്ത് സൂര്യൻ ഓടി ഒളിച്ചു കളിച്ചു.
ബസ് മുന്നോട്ടു
പോവുംന്തോറും ,
മേഘം മൂടി വീണ്ടും
മഴ വരാൻ തെയ്യാറെടുത്തു.
ചിറപ്പുഞ്ചിയിലേക്കാ പോണത്…
ഓർക്കണം.

മാണ്ണിക്യപ്പാടത്തു ഇപ്പൊ
കൊടും മഴയായിരിക്കും.. ഞാൻ ഊഹിച്ചു.
….”ഒരു മാണിക്യപ്പാടം , സ്കൂൾ സ്റ്റോപ്പ്‌.
….ഞാൻ കണ്ടക്ടർ കുട്ടപ്പൻ അടുത്തു വന്നപ്പോൾ പറഞ്ഞു.
രണ്ടുറുപ്പിയാ മാണിക്യപ്പാടത്തേക്കു.
പാർസൽ ചാക്ക് ഉള്ളത് കൊണ്ട്
അതിനുള്ള ചാർജ്
അര അണ
അയാൾ ടിക്കറ്റിലെ ഗൂഡ്സ് കോളത്തിൽ എഴുതി.
പാർസലിൽ ഇത്തിരി പുളിയാ.
ചെറോത്തുകാർ നാരായണി മുത്തശ്ശിക്ക് കൊടുക്കാൻ പറഞ്ഞത്.
കണ്ടില്ലേ അവരുടെ നാട് കടന്ന സ്നേഹം.

പണ്ട് ചെറോത്തിൽ കുമ്മാട്ടിയുള്ളപ്പോൾ
ഒരു നേരം എന്തിയുറങ്ങിയിട്ടുണ്ട് നാരായണി മുത്തശ്ശി.
എനിക്കും അങ്ങനാ കണ്ട് പരിചയം.
പോരാത്തത്തിന് , ചെറോത്തിൽ
പുളി കൊടയുന്ന
കാലാർന്നു.
ഞാൻ മാണിക്യപ്പാടത്തേക്കു കൈയും വീശി
പോവേണ്ടാ….ന്നും മനസ്സിൽ കരുതി.

മടങ്ങി വരുമ്പോൾ
ഒരു വട്ടി നിറയെ
എല്ലാം ഉണ്ടാവും ,
പുളി ഒഴികെ.
നാണാവില്ലേ ഒന്നും കൊണ്ടുപോവാതിരുന്നാൽ.
ഒക്കെ ഇങ്ങട് വാങ്ങിയാൽ മതിയോ.

അതോണ്ടാ ചെറോത്തു പോയി പുളിയെങ്കിലും സംഘടിപ്പിച്ചത്.
പച്ചപ്പുളി ഇവിടുന്നു കയറ്റുമതി.
ബാക്കി ഒക്കെ പലവഞ്ജനം അവിടുന്ന് ഇറക്കുമതി.
എങ്ങനെണ്ട്…,
ചുങ്കം ഇല്ലാത്ത ഇടപാട്.
കൂടെ നാരായണി അമ്മ പറയുന്ന കഥയും കേൾക്കാം.
മകൻ കുട്ടപ്പയേയും കാണാം.
തീറ്റയും കിട്ടും.
ഒരു വെടിക്ക് രണ്ടു… രണ്ടെകാൽ നേട്ടം..!
പോരെ… അന്നൊക്കെ.

ആ ചിന്തയിൽ നിന്നു വിടുമ്പോൾ
കണ്ടക്ടർ കുട്ടപ്പൻ കണക്കുകൂട്ടി പറഞ്ഞു…,
“ആകെമൊത്തം ടോട്ടൽ രണ്ടര ഉറുപ്പിക.
മണിക്കൂർ ഒന്നു കൊണ്ട് ഡ്രൈവർ ശിവൻ മാണിക്യപ്പാടത്തു എന്നെ ചവിട്ടിത്തള്ളും”.
അത്രേ ഉള്ളൂ , ആ ഗുരുദേവനുമായുള്ള എന്റെ അന്നത്തെ ദിവസത്തെ ധാരണ.
ഞാൻ കയ്യില്ലേ പൈസ കൊടുത്തു ടിക്കറ്റ് വാങ്ങി സീറ്റിൽ അമർന്നിരുന്നു ,
രണ്ടു സൈഡിലെയും കാഴ്ചകൾ കണ്ടിരുന്നു.
ഒരിക്കലും
മതി വരാത്ത കാഴ്ചകൾ.

മാണിക്യപ്പാടം തന്നത് അതൊക്കെയാണ്‌.
ജീവിതത്തിൽ മായമില്ലാത്ത , കലർപ്പില്ലാതെ
നേടിയതും അതെന്നെ.
…..”ബസ്സിന്‌ പുതിയ ബ്രേക്ക്‌ ഇട്ട സമയാർന്നു.
ഓടി ഓടി പതം വരണം. ശേഷം പിന്നെ ,
ഈ ബ്രേക്ക്‌ ഇടുമ്പോൾ ആന ചിന്നം വിളിക്കുന്ന പോലുള്ള ബ്രെക്കിന്റെ
തൊള്ള തുറക്കൽ അവസാനിക്കും”.
ബസ്സ് നിർത്തുമ്പോൾ ഫോഊ… ന്നു കേട്ടില്ലേ.
അതെന്നെ.

ഇതൊക്കെപറഞ്ഞു കണ്ടക്ടർ കുട്ടപ്പൻ ,
എന്നെ ,
മറ്റു യാത്രക്കാരെ , ഇടയ്ക്കു ഇടയ്ക്കു സമാധാനിപ്പിക്കുന്നുണ്ട്.
കണ്ടക്ടർ കുട്ടപ്പന് അതിന്റെ ഉത്തരം ഞങ്ങൾക്ക്
തന്നെ സമാധാനമായുള്ളു.
ബസ്സിൽ കേറുന്ന പുതിയ ആൾക്കാരോട് ഒരു നാവറ് പോലെ അയാൾ ഇതു പറയുന്നുണ്ട്.

ഒരു ടിക്കറ്റ് മാറി
വേറെ ബസ്സിൽ കേറിയാൽ
ബസ്സ് മുതലാളി ചൂടാവും.
ശമ്പളം വൈകും.
ദിന ബെത്തയും.
ചിലപ്പോൾ പണിയും കുമ്പിളിലാവും.
പിന്നെ അന്നന്നത്തെ അന്നത്തിനു എവിടെ പോവും…?!
അറിയുന്ന കൈത്തൊഴിൽ
ഇതല്ലേ ഉള്ളൂ.
കണ്ടക്ടർ കുട്ടപ്പൻ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.
അതാ വൈകിയതിന്റെ ആ ക്ഷമാപണം.
ഓരോ ടിക്കറ്റും അത്രയ്ക്ക് അയാൾ പ്രധാനമായിക്കാണുന്നു
പിന്നെ അവരുടെ ഒക്കെ കഞ്ഞിയാണ് ഗുരുദേവൻ ബസ്സ്.
ആലോചനയിൽ
അതൂണ്ട്.

ജീവിക്കാൻ
ജോലി കിട്ടിയാലും എന്തൊക്കെ നോക്കണം ലേ.
എവടേം ടാർഗറ്റ്.
ഞാൻ കുളവൻ മുക്കിലെ കുപ്പേലച്ചനെ ഓർത്തു.
“ഇഡലി ടാർഗറ്റ് ” അയാളെ കൊകൊല്ലാതെ കൊന്നുവല്ലോ..!
അലമേലു ചരട് വലിച്ചത് കൊണ്ട് കുടുംബം രക്ഷപെട്ടു.
ഇല്ലേൽ കൊക്കയിലേക്ക് മറിഞ്ഞെനേ ആ കുടുംബം.
അങ്ങനെ ഇരിക്കെ
മണിക്യപ്പാടം റൂട്ടിൽ ഗുരുദേവനെ മത്സരിക്കാൻ വേറെയൊരു ബസ്സ് കൂടി വന്നു.
പാട്ടും….കൂത്തും ഒക്കെയായി വന്ന ‘ശക്തിമുരുഗൻ ബസ്സ് ‘ ആയിരുന്നു അത്.
മാണിക്യപ്പാടം കഴിഞ്ഞു അടിവാരം ആണ് അതിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌.
യുവജനം ശക്തിമുരുഗനിലെ കേറൂ.
പുതിയ ബസ്സിൽ കേറാൻ ജനം തിരക്കുകൂട്ടി.

പാട്ട് കേൾക്കാലോ.
ചെരിഞ്ഞ സീറ്റും ഉണ്ട്.
സുഖമായി മലർന്നു അങ്ങിനെ യാത്ര ചെയ്യാം.
ആ ബസ്സിൽ മത്സര
ഓട്ടത്തിനു ചെക്കർ
ആയി “കിളിയും” ഉണ്ട്.
കിളി പറഞ്ഞ പോലയാണ്
ശക്തി ബസ്സിന്റെ ഓരോ ചുവടും.
കിളി വെട്ടുക്കിളിയാവും ചിലപ്പോൾ.
വിസിൽ ഊതാത്ത നേരമില്ല.
അവന്റെ പണി വിസിലൂതലാ… ഞാൻ ഒരു തവണ ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി
വേഗ ബസ്സ് ശക്തിമുരുഗനിലും കേറിയിട്ടുണ്ട്.

ടാർ ഇട്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെയുള്ള മത്സര ഓട്ടം ഞാൻ ആസ്വദിച്ചിട്ടുണ്ട്.
ശക്തി ഇട്ടേച്ചുപോയ
വഴികളിലൂടെ
പിന്നിൽ വരുന്ന
ഗുരു ബസ്സ് റോഡിലെ തൂളൻ പൂഴിയിൽ വലഞ്ഞു ശക്തിയുടെ പിന്നാലെ എന്തിയെന്തി ഓടും.
എവിടെ , അപ്പോഴേക്കും ,
ശക്തി പമ്പ കടന്നിരിക്കും.

ശക്തിയുടെ മുന്നിലെ ചില്ലുഗ്ലാസിൽ
വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്…
FP… ന്നു…
ച്ചാൽ… വേഗം പോണ , അധികം സ്റ്റോപ്പ്‌ ഇല്ലാത്ത ബസ്സ് എന്ന്.
ബസ്സ്ച്ചാർജിൽ
രണ്ടു രൂപ
കൂട്ടിയാലെന്തു…
വേഗം എത്താലോ.
ആൾക്കാരുടെ കാഴ്ചപ്പാട് അങ്ങിനെ.
ധൃതിയല്ലേ എല്ലാർക്കും ,
അമ്പലത്തിൽ പോവേണേലും…!
ഞാൻ നോക്കിയിട്ടുണ്ട്…
ഒരിക്കലും ഓവർടേക്ക് ചെയ്യാനുള്ള ശേഷി ഗുരുവിനില്ല.
മിക്കതും ശക്തി ബസ്സ് തന്നെ ജയിക്കും.
നമ്മുടെ ഗുരു പിന്നാലെ.

“മുരുകന് പിന്നാലെ ഗുരു”… അതാ അതിന്റെ കണക്ക്.
പഴേ എഞ്ചിനാണെ… ഗുരുവിലെ കണ്ടക്ടർ കുട്ടപ്പൻ പറയും.
…. “മൊതലാളിയോട് വണ്ടി മാറ്റാൻ പറയു.
എന്നിട്ട് പുതിയ
ടാറ്റാ ബസ്സ് വാങ്ങു.
പഴയ ബ്രിട്ടീഷ് കാലത്തെ വണ്ടിയാ ഇതു.
ഇനിയും വാങ്ങിയില്ലേൽ ഞങ്ങൾ
ലേയ്‌ലൻഡ് ശക്തിയിൽ പോവും”
….ഇതു പറഞ്ഞ പട്ടണത്തിൽ ഉള്ള അബ്ദുള്ള ഒരു വലിയ കാര്യം പറഞ്ഞ പോലെ ബസ്സിൽ അമർന്നിരുന്നു.
ആൾക്കാർക്ക് എന്തൊക്കെ അറിയാം..
ബസ്സിന്റെ make വരെ.

ഒരുത്തൻ ബിസ്സിനെസ്സിന് ഇറങ്ങുമ്പോ എന്തൊക്കെ ചിന്തിക്കണം…?
ജയിച്ചാൽ ok..,
പൊളിഞ്ഞാലോ…,
ദൈവമേ , ഞാൻ ആ വഴിക്കില്ല.
ഇതൊക്കെ ആണേലും ,
ഇപ്പോഴും ഗുരു ഓടുന്നുണ്ടല്ലോ ഞാൻ ആലോചിച്ചു.
അഭിമാനിച്ചു.

ഗുരുവിൽ
പോവുമ്പോൾ ഒരു ഇതുണ്ട്.
“സ്നേഹം”…. ന്ന മൂന്നക്ഷരം.
ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത് അതിനാ.
…..ഞാൻ എന്നെ അറിഞ്ഞിട്ടുണ്ട്.
മാണിക്യപ്പാടത്തിലേക്കു എന്നോടൊപ്പം
സമയം കൈയ്യിൽപ്പിടിച്ചു വേഗമെത്താൻ ബസ്സിനുള്ളിൽ
ഓടുന്ന അബ്ദുള്ള ഇപ്പൊ ഇതാ ഗുരു
ബസ്സ്കാരോട്
ടാറ്റാ ബസ്സ് വാങ്ങാൻ പറയുന്നു.
ശക്തി ബസ്സിനെ മറികടക്കാൻ വിദഗ്ധ ഉപദേശം കൊടുക്കുന്നു.
കസ്റ്റമർ കിങ് ആവുന്നു.
ഇവിടെ കിങ് അബ്ദുള്ള.
ടൗണിൽ
വാഴയില കച്ചോടാ മാപ്പിളക്കു.

മാണിക്ക്യപ്പാടത്തു തെങ്ങിനെ വെല്ലുന്ന ഉയരമുള്ള വാഴകളുണ്ട്.
പൊള്ളക്കുന്നൻ
ഇനത്തിപ്പെട്ടവ.
മാനം മുട്ടെ വളരും അത്.
അതിലാ മൂപ്പരുടെ കണ്ണ്.
ചുളു വിലക്ക് വാങ്ങി ചന്ത നിയമത്തിൽ അഞ്ചിന് വാങ്ങി പത്തിനു…വിറ്റു ,
പിന്നെ ,
സീസണിൽ മുന്തിയ വിലക്ക്
വിൽക്കുന്നു.
ടൗണിലെ
ഒന്നു രണ്ടു വെജിറ്ററിയൻ ഹോട്ടലാ മൂപ്പരുടെ ബിസിനസ്‌ കക്ഷികൾ.
മാണിക്യപ്പാടത്തെ മണ്ണിന്റെ ഗുണമാ വഴക ളുടെ ,
നീളൻ ഇലകളുടെ
ഈ പടു വളർച്ച.

എന്റെ സമയം പൈസയാ… അബ്ദുള്ള കൂടെക്കൂടെ പറയും.
വൈകിയെത്തിയാൽ ഗുരു വിട്ടു ഞാൻ ശക്തിയിൽക്കേറും..
അബ്ദുള്ളയുടെ ഭീഷണിയാണ്…,
ഗുരു ബസ്സ്കാരോട്.
അട്ടയുടെ കണ്ണ് കണ്ടാ ആളാ… എന്നോടൊപ്പം ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിക്കുന്ന ഒരു യാത്രികൻ അബ്ദുള്ളയെ
ചൂണ്ടി പറഞ്ഞു.
അട്ട… കണ്ണ്…
വാഴയില… എനിക്കൊന്നും മനസ്സിലായില്ല.
മാണിക്യപ്പാടം സ്കൂൾ സ്റ്റോപ്പാ എന്റെ മനസ്സിൽ മുഴുവൻ.
നാരായണി അമ്മയും , കുട്ടപ്പയും ,
അവർ പറയാൻ പോവുന്ന
കുറേ കഥകളും ആണ് എന്റെ തലച്ചോറിൽ.

മാണിക്യപ്പാടത്തെ കുട്ടപ്പയെക്കുറിച്ച് അറിയാനുള്ള ആഗ്രഹം അത്രക്കുണ്ടാർന്നു.
കുട്ടപ്പക്കഥകൾക്ക് വേണ്ടി മനസ്സിൽ
കുറേ സ്ഥലം ഒഴിച്ചിട്ടിരുന്നു.
പഴേതൊക്കെ ചുക്കിനിപ്പറമ്പിലെ , കാരത്തോട്ടിൽ ഒഴുക്കിക്കളഞ്ഞിരുന്നു.
കുറച്ചൊക്കെ
ചെറുവരബോട് പകുക്കുന്ന നിളയിലും.
ഈ പോക്കിൽ
നാരായണി മുത്തശ്ശി എത്ര കഥകൾ പറയുമോ ആവോ…?
മനസ്സിൽ ആ ചോദ്യം തളം കെട്ടി അങ്ങിനെ നിന്നു.
ബസ്സ് മണിക്യപ്പാടം സ്കൂൾ സ്റ്റോപ്പിൽ എത്താറായി.
കണ്ടക്ടർ കുട്ടപ്പൻ എനിക്ക് ഇറങ്ങാൻ
സിഗ്നൽ തന്നു.

ഒരു വലിയ ആവേശത്തോടെ…, പുതിയ
മേച്ചിൽപ്പുറമെത്തി ന്നുള്ള ആശ്വാസത്തിൽ ,
മാണിക്യപ്പാടം മണ്ണിൽ ഞാൻ രണ്ടാം തവണയും
കാലു കുത്തി.

കൃഷ്ണപ്രസാദ്

By ivayana