രചന : ബി ല്ലു✍
മടിപിടിച്ച മനസ്സുമായി
മതിലകത്ത് ഒളിച്ചിരിക്കാതേ,
കൈയും കാലുമൊന്ന് അനക്കണം
വേരുറയ്ക്കും മുൻപേ എഴുന്നേൾക്കണം,
വെയിലുറച്ചോരു നേരം
വെളുപ്പാൻ കാലം എന്നു നിനച്ചു,
ഫോണുമായി വാതിൽ തുറന്നു
കട്ടിൽ പലക നിവർന്നു!!!
മഴയുള്ളോണ്ട് മുറ്റവും കണ്ടില്ല,
വിശപ്പുള്ളോണ്ട് അടുക്കളയും കണ്ടില്ല
തീൻമേശ മേലേ നിറഞ്ഞ വിഭവങ്ങൾ
എങ്ങനെയെത്തി എന്നറിഞ്ഞില്ല,
പ്രാതലും ഊണും ഒരുമിച്ചാക്കി
മിച്ചസമയം വശത്താക്കി.
തേച്ചു തേച്ചു കൈയും മുരടിച്ചു
കണ്ടു കണ്ടു കണ്ണും കഴച്ചു
കേട്ടു കേട്ടു കാതും ശപിച്ചു
ഇരുട്ടു കണ്ട്, കിട്ടിയ കഞ്ഞി കുടിച്ചു
കട്ടിൽ പലക വീണ്ടും വളഞ്ഞു!!!
ചിന്തയും ഓർമ്മയും മരിക്കാതെ മരിച്ചു.
മടിപിടിച്ച മനസ്സു വിലക്കി
പൊടിപിടിച്ച പുസ്തകം എടുക്കാൻ.
സംശയം ഓരോന്നായി ഓടിയെത്തി
ശങ്ക കൂടാതെ ഗൂഗിൾ പറഞ്ഞുകൊടുത്തു.
വീട്ടിലിങ്ങനെ ഒരാളുണ്ടെന്ന്
വീട്ടുകാരോ മറന്നുതുടങ്ങി!!!
മഴയൊന്നു പെയ്തു കറന്റു പോകണം
പവറില്ലാതെ പവർബാങ്ക് എറിയണം
ഫോണിലെ ചാർജ്ജ് ഇടയ്ക്കിടെ
കരഞ്ഞു കരഞ്ഞു തീരണം…
വീടും മുറ്റവും ഒന്നു കാണാൻ,
തൊള്ളയിൽ ശബ്ദം ഉണ്ടെന്നറിയാൻ,
പത്രമിന്നും വരുന്നുണ്ടെന്നറിയാൻ,
അമ്മയിന്നും അടുപ്പൂതുന്നതറിയാൻ,
അച്ഛനിന്നും തൊടിയിൽ പണിയുന്നതറിയാൻ,
അനിയത്തി അരഭിത്തിയിൽ
തന്നെപ്പോലെ ഫോണിലെന്നറിയാൻ,
ഗതികെട്ട മനഃസാക്ഷി പറഞ്ഞു തരും,
മടിപിടിച്ച മനസ്സുള്ള മനുഷ്യനാണ് നീ
സുഖമറിഞ്ഞു വാഴുന്ന ദേഹമാണ്…
എരിഞ്ഞടങ്ങുന്നത് നിന്നിലെ ചേതനയാണ്
ബുദ്ധിയും വിവേകവിചാരവുമാണ്
നഷ്ടമോ ഇന്നലെയുടെ നിഴലുകളും
ഇന്നിന്റെ നിമിഷങ്ങളും നല്ല നാളെയും…