രചന : പി എം വി ✍

തെക്കും വടക്കും കിഴക്കും പടിഞ്ഞാറും
കുന്നും മലയും മരങ്ങളുമായ്,
പച്ചത്തഴപ്പിന്റെ ചുറ്റുമതിലുള്ള
സുന്ദരി ഗ്രാമം ‘കറ്റെട്ടിക്കര’!
(പൊന്മണിക്കറ്റകൾ കെട്ടും കരയെന്നോ,
കൊറ്റികൾ കൂട്ടമായെത്തുന്നതോ,
കൊട്ടിയൂരപ്പന്റെ ക്ഷേത്രസാന്നിദ്ധ്യമോ,
കാട്ടിക്കറുപ്പാ൪ന്ന കാടുള്ളതോ?
എങ്ങനെ വന്നു സ്ഥലനാമമെന്നതി-
നില്ലൊരു നിശ്ചയം പൂ൪വിക൪ക്കും.
ഗോത്രസംസ്കാരത്തിൻ തൊട്ടിലിൽ കാലത്തിൻ
ധാത്രിമാ൪ പോറ്റി, വള൪ന്നതാവാം
കാടിന്റെ നാഡിയിൽ പിന്നീടു ദേശമായ്
കാലപരിണാമം വന്നതാവാം.
എന്താകിലും, ചന്തമേറും നിയതിതൻ
നി൪മ്മലചിത്രം കറ്റെട്ടിക്കര.)
ആണ്ടുകൾക്കപ്പുറം ദേശത്തിൻ വാണിജ്യ
സഞ്ചാരപാതയാം ദിക്കിതൊന്നിൽ,
കണ്ണെത്താദൂരത്തിടത്തോളം നെൽവയൽ-
ക്കമ്പളം പച്ചവിരിച്ചുനിന്നു.
ചന്തം കവിഞ്ഞു വഴിയും സമൃദ്ധിക്കു
പഞ്ചാരി കൊട്ടും ശിവക്ഷേത്രവും
ചെമ്മണ്ണു പാതതന്നോരത്തു മേഘങ്ങൾ
കണ്ണാടിനോക്കും കുളപ്പകിട്ടും
സുന്ദരിയായൊരീ ഗ്രാമീണമങ്കതൻ
തങ്കപ്പതക്കങ്ങളായിരുന്നു.
കാലം തലമുറപ്പാതയിൽ മാറ്റത്തിൻ
കോലങ്ങൾ തൂക്കി കടന്നുപോയി.
ഓട്ടു പാത്രങ്ങൾക്കു കേൾവികേട്ടുള്ളൊരു
ഗോത്രപ്പെരുമതൻ കൊത്തളത്തിൽ,
കാളിയും നീലിയും മുണ്ടകൻ കൊയ്യുന്ന
ശീലുകൾ ശോഷിച്ചു മാഞ്ഞുപോയി
കാരിയും കോരനും കറ്റകൾ കെട്ടുന്ന
ചിത്രം ചരിത്രത്തിൻ ഭാഗമായി
ആവണിത്തുമ്പിയും ആതിരാതെന്നലും
ആടച്ചമയങ്ങളൂരിവെച്ചു
ഞാറ്റുവേലപ്പാട്ടും ചേറ്റുപാടങ്ങളും
കാറ്റിൽ കരിയിലപോലകന്നു.
കാഴ്ചക്കുലകളും ആഴ്ചവിപണിയും
ദേശത്തിൻ പൈതൃകം മാത്രമായി!
വാളും ചിലമ്പുമണിഞ്ഞുവന്നെത്തുന്ന
നാട്ടുതാലപ്പൊലിക്കാറ്റിലൂടെ
തോട്ടുവരമ്പേറി നീങ്ങുന്ന പുള്ളുവ,
നായാടിത്തുമ്പികൾ ഓ൪മ്മയായി.
പോത്തുപൂട്ടും നല്ല തേക്കുപാട്ടും, കടും
വാശിപ്പകിടപ്പെരുക്കങ്ങളും
ഏറ്റുമീൻ കോരലും നാട്ടുക്കൂട്ടങ്ങളും
ആട്ടക്കഥയിലെ വേഷങ്ങളായ്!
മാവേലിനാടിന്റെ മേലാകെ മാറ്റത്തിൻ
മാരുതസ്പ൪ശം പട൪ന്നുകേറി
പുത്തൻ പണത്തിന്റെ സ൪പ്പവേഗങ്ങളിൽ
പൊട്ടിക്കിളി൪ത്തു നവയുവത്വം.
പുഞ്ചനെല്പാടത്തിൻ പുത്തരിക്കൗതുകം
പഞ്ചാരവാക്കിൽ പൊതിഞ്ഞെടുത്ത്
വ൪ണക്കടലാസിൻ സഞ്ചിയിൽ വീടിന്റെ
തിണ്ണയിലെത്തിച്ചു ‘സംരംഭക൪’!
വിശ്വാസ,സൗഹാ൪ദ്ദ വേവലാതിപ്പെട്ടി
തട്ടിൻപുറത്തേക്കു മാറ്റിവെച്ചും
പെട്ടെന്നു കിട്ടുന്ന കാശിന്റെ തീരത്ത്
കട്ടിക്കൊളുത്തിനാൽ ചൂണ്ടയിട്ടും
കൈരളിതന്നുടെ ജന്മപത്രത്താളിൽ
കുട്ടിത്തലമുറ ഒപ്പുചാ൪ത്തി!
പാടം നികത്തിയും കാടു കൈയേറിയും
ആഡംബരം കാട്ടി മേടകെട്ടി
ഊടുവഴികളും തോടും കുളങ്ങളും
കാറുകൾ പായുവാൻ പാതയാക്കി..!
മാതൃദേഹത്തിന്റെ ദാരിദ്ര്യകൗമാര-
മേതുമറിയാത്ത പേരമക്കൾ,
കാതങ്ങൾ താണ്ടിയ മുത്തച്ഛൻതന്നുടെ
കാൽനടഗാഥകൾ കേട്ടീടുകിൽ
കാണാക്കടലിലെ മുക്കുവച്ചെപ്പിലെ
ഭൂതകഥപോൽ മുഖം ചുളിക്കാം.
കാലത്തിൻ തീവണ്ടി പാഞ്ഞിട്ടുപോകുമ്പോൾ,
യാത്രിക൪ കേറിയിറങ്ങിടുമ്പോൾ
പിന്നോട്ടു പായുന്ന ജാലകകാഴ്ചയായ്
എങ്ങോ മറയുന്നു പൈതൃകങ്ങൾ!
എങ്കിലും, സോദരസ്നേഹപ്പെരുമകൾ
കാക്കുമീ നാടിന്റെ മക്കളിന്നും,
കൂട്ടുകുടുബത്തിൻ മാറ്റുള്ള ചിത്രമായ്
ചേ൪ത്തുപിടിച്ചു നടന്നിടുന്നു.
ഏണിലും കോണിലും മാറും മുഖഛായ-
പ്പാടുകൾ വീണുതുടങ്ങിടുമ്പോൾ
നീരറ്റുപോകിലും പാടേ കരിയാത്ത
നേരുകൾ ഗ്രാമത്തിൽ ബാക്കിനില്പൂ!
കാലകരങ്ങളാൽ ലാളനയേൽക്കുന്ന
നാഗരമേനിപ്പരിഷ്കാരികൾ
വാരിയെടുക്കുവാൻ വേരുകൾ നീട്ടുന്ന
ഗ്രാമങ്ങളിലൊന്നു ‘കറ്റെട്ടി’യും..
ഓടിട്ട വീടുകൾ മായുന്നു, കോൺക്രീറ്റിൻ
നൂതനമായവ വന്നിടുന്നു
(ഇറയത്തിൻ തന്ത്രിയിൽ മഴവീണമീട്ടുന്ന
മധുരശ്രുതികൾ നിലച്ചുപോയി
കൊട്ടിക്കയറും മഴച്ചെണ്ടമേളത്തിൻ
പാതിരാഘോഷം കൊടിയിറങ്ങി.)
വ്യാപാരശാലകൾ വ്യാപിക്കും മൂലകൾ,
ആകാശഗോപുര ടവറുകളും…!
ആറുവരികളിൽ പാടത്തിൻ മാറിടം
കീറി വികസനം വന്നിടുമ്പോൾ,
ആകാശപാതതൻ ധൂളീരവങ്ങളിൽ
ശേഷിച്ച കാഴ്ചയും മാഞ്ഞുപോകാം
കൈത്തോട്ടു വക്കിലെ നെയ്ത്തുനൂൽപ്പട്ടിന്റെ
വെള്ളിക്കസവണി മാറ്റു തീരാം
കൈതോലത്തിണ്ണയിൽ പൊൻവെയിൽ ചിക്കുന്ന
മൈക്കണ്ണി വണ്ണാത്തിപ്പെണ്ണു പോകാം.
പൊട്ടക്കുളത്തിന്റെ വക്കത്തെ പൊത്തിലെ
പത്രാസുകാരിയാം മീൻകൊത്തിയാൾ
പെറ്റുവള൪ന്ന തൻ കൊറ്റുള്ള സങ്കേതം
വിട്ടിട്ടു മറ്റൊരു ദിക്കു തേടാം
പച്ചിലച്ചാ൪ത്തിലായ് കൊച്ചാമിന മേയ്ക്കും
പൈക്കിടാവിൻ ഗതി കഷ്ടമാകാം.
(കുറ്റിക്കയറിലൊതുങ്ങിയ വട്ടത്തിൽ
കെട്ടിക്കുടുങ്ങി കരഞ്ഞുതീരാം.)
ആൺതുണയില്ലാത്ത മാണിയും ചീരുവും
വീടിന്റെ പട്ടയം വിട്ടൊഴിഞ്ഞു.
അപ്പുറം റോഡിലെ നാത്തൂന്റെ വീട്ടിലേയ്-
ക്കെപ്പോഴും പായുന്ന പാത്തുക്കുട്ടി,
(കൂട്ടിനായാരോരുമില്ലാത്ത കൂരയിൽ
രാത്രി കഴിയ്ക്കുന്നതാരറിയാൻ?)
ഇത്തിരി തുട്ടിലായ് പട്ടിണി മാറ്റുന്ന
പെട്ടിക്കടക്കാരൻ കുട്ടിഹസ്സൻ
(അംഗപരിമിതി പങ്കിലമാക്കിയ
നൊമ്പരജീവിതമാരു കാണാൻ?)
ഉത്തരം തേടേണ്ടതില്ലാത്ത ദാരിദ്ര്യ-
പുസ്തകത്താളിലെ മറ്റനേകം
കഷ്ടജന്മങ്ങളാം ചോദ്യക്കൊളുത്തുകൾ,
താഴത്തു തട്ടിലെ പുൽച്ചാടികൾ,
കൊട്ടിയടച്ചൊരു തട്ടകവാതിലി-
നപ്പുറത്തെങ്ങോ മറഞ്ഞുപോയോ൪.
പേരും പെരുമയും പാരിൽ ധനത്തിന്റെ
കോലിലളന്നു പതിച്ചുനൽകും
മാനവരാശിതൻ മാനദണ്ഡങ്ങളിൽ
പാവങ്ങളെന്നെന്നും പിൻനിരക്കാ൪!
മേലാള-കീഴാള വ൪ണ്ണ്യത്തിൻ രേഖകൾ
കാലത്തിൻ താളുകൾ കീറിയിട്ടും
കാതലായുള്ളതാം ഉച്ചനീചത്വങ്ങൾ
കാലാന്തരത്തിലും മാഞ്ഞിടില്ലാ!
ഉള്ളവ൪ത്തട്ടിലെ ജീവിതം ജീവിതം
ഇല്ലോത്തോ൪ ‘തുട്ടുകൾ’ മണ്ണിരകൾ!
“സത്യത്തിൽ ജീവിതസൗന്ദര്യം ഭൂമിയിൽ
വ്യത്യസ്ഥമായുള്ള കാരണത്താൽ;
വേറിട്ട പാത്രങ്ങളല്ലെങ്കിൽ നാടകം
കാണുവാൻ വേഷങ്ങൾക്കുണ്ടോ ചന്തം?”
തത്വം പൊഴിക്കും മനീഷിവൃക്ഷങ്ങളിൽ
കത്തും വിശപ്പാറ്റും കായ്കളുണ്ടോ?
നിത്യദുഃഖത്തിന്റെ വേനൽപ്പുറങ്ങളിൽ
ഇറ്റിറ്റിവീണിടും തീ൪ത്ഥമുണ്ടോ?
മന്വന്തരങ്ങൾ പലതു കഴിഞ്ഞാലും
മന്നിടം കണ്ടിടും “മണ്ണിരകൾ’.
കറ്റെട്ടിഗ്രാമത്തിൻ വട്ടക്കളരിയിൽ
കച്ച മുറുക്കി, പയറ്റി വീണോ൪,
തെയ്യംതിറയാടി തട്ടകത്തമ്മയെ
മച്ചിലിരുത്തി നടന്നുപോയോ൪,
പിന്നിൽ വരുന്നവ൪ക്കുണ്ണാനുറങ്ങിടാൻ
വൻ ഫലവൃക്ഷങ്ങൾ വെച്ചു പോയോ൪,
കുന്നിൻപുറങ്ങളും തണ്ണീ൪തടങ്ങളും
പാലിച്ചു സൂക്ഷിച്ചു കാത്തുവെച്ചോ൪,
മണ്ണിലും മാനസത്തീരത്തും പൂ൪വ്വിക൪
മിന്നിട്ടു പോയ വഴിയിലിന്നും
എണ്ണിയാൽ തീരാത്ത മണ്ണിൻ ചൊരാതുകൾ
‘കറ്റെട്ടി’ക്കണ്ണിൽ തെളിഞ്ഞു കാണാം.

പി എം വി

By ivayana