രചന : ഷബ്‌നഅബൂബക്കർ✍
മസ്തിഷ്കത്തിനു അകാല നര ബാധിച്ചിരിക്കുന്നു
ഓർമ്മത്താളുകളിൽ ചിതലരിച്ചിരിക്കുന്നു
ഒന്നിനും പൂർണ്ണ സ്വത്വമില്ലാതായിരിക്കുന്നു
ഓർമ്മകൾക്കു മേൽ മറവി മാറാലകെട്ടിയിരിക്കുന്നു.
ഭൂമിയിലേക്ക് നോക്കി നോക്കി ആകാശവും
അടുക്കളത്തിരക്കിൽ ഉമ്മറകോലായിയും
ഒതുക്കമേറിയപ്പോൾ ഒരുങ്ങിയാത്രകളും
നടന്നു നടന്നു പറക്കാനും മറന്നിരിക്കുന്നു.
പൊന്നുകിട്ടിയപ്പോൾ വെള്ളികൊലുസ്സും
കുപ്പയിലിറങ്ങിയപ്പോൾ കുപ്പിവളകളും
കരിപിടിച്ച പാത്രങ്ങൾക്കിടയിൽ കണ്മഷിയും
പുട്ടിനുതിർത്തവേ പൊട്ടും മറന്നിരിക്കുന്നു.
വെയിലിൽ വിയർത്തുവിയർത്ത് തണലും
പരിഹരിക്കലുകൾക്കിടയിൽ പരാതിയും
ഉണർച്ചകൾക്കിടയിലൊടുക്കം ഉറക്കവും
ഊട്ടിയൂട്ടി ഒടുവിൽ ഉണ്ണാനും മറന്നിരിക്കുന്നു.
വിരുന്നുകാരിയായി സൽകരിച്ച വീട്ടിലേക്കും
വന്നുകയറിയവളെന്നു വിളിച്ച വീട്ടിലേക്കും നടന്നു
സ്വന്തം വീടേതെന്നു മറന്നിരിക്കുന്നു
സ്വന്തം ഇടമേതെന്നു മറന്നിരിക്കുന്നു.
ചൂല് പിടിച്ചതിൽ പിന്നെ പേനയും
പാചകം കലയാക്കിയതിൽ പിന്നെ നടനവും
പറ്റുകളേറിയപ്പോൾ പതിയെ പാട്ടുകളും
വിങ്ങലുകൾക്കിടയിൽ വാക്കുകളും മറന്നിരിക്കുന്നു.
കരഞ്ഞു കരഞ്ഞൊടുവിൽ ചിരിക്കാനും
സഹിച്ചു സഹിച്ചൊടുക്കം പ്രതികരിക്കാനും
സമ്മതിച്ചു സമ്മതിച്ചു വിസമ്മതിക്കാനും
മൗനത്തിലാഴ്ന്നുറങ്ങി മിണ്ടാനും മറന്നിരിക്കുന്നു.
സ്നേഹിച്ചു സ്നേഹിച്ചൊടുവിൽ വെറുക്കാനും
ഇണക്കങ്ങളില്ലാത്തത്തിൽ പിന്നെ പിണങ്ങാനും
ഇഷ്ടങ്ങൾ മാറിയപ്പോൾ ഇഷ്ടക്കേടുകളും
താങ്ങില്ലാത്തതിനാൽ തളർച്ചയും മറന്നിരിക്കുന്നു.
മനസ്സ് മരിച്ചതിൽ പിന്നെയെന്റെ ജീവിതവും
വിഷമങ്ങളിൽ മുങ്ങി താഴവേ വിശപ്പും
മക്കളായത്തിൽ പിന്നെ വർഷങ്ങളിൽ മാറുന്ന
എന്റെ വയസ്സക്കങ്ങളും മറന്നിരിക്കുന്നു.
നീയെന്ന വാക്കിനെ പുണർന്നു പുണർന്ന്
ഞാനെന്റെയോരോ മോഹങ്ങളും ഒടുവിൽ
ഞാനെന്നെ തന്നെയും മറന്നിരിക്കുന്നു.
മറന്നു മറന്നൊടുവിൽ ഓർക്കാനും മറന്നിരിക്കുന്നു.