രചന : ശ്രീകുമാർ എം പി✍
ചന്ദനപ്പല്ലക്കിൽ വന്നതാരൊ !
ചന്ദ്രനെപ്പോലവെ നിന്നതാരൊ !
ചന്ദനത്തിൻഗന്ധം തൂകിയാരൊ
ചഞ്ചലചിത്തം കവർന്നതാരൊ !
നല്ലകസവുള്ള മുണ്ടുടുത്ത്
ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്
പൗരുഷമോതുന്ന മീശയോടെ
തേജസ്സൊഴുകുന്ന രൂപമോടെ
പാതി മയക്കത്തിൽ വന്നതാരൊ
ചാരത്തു വന്നിപ്പോൾ നിന്നതാരൊ !
പൂങ്കോഴി കൂവി തെളിയുന്നല്ലൊ
പൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊ
ചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നു
ചെന്താമരപ്പൂക്കളാടിടുന്നു !
ചേലൊത്ത പൂക്കൾ വിരിഞ്ഞിടുന്നു
ചേലിൽ ശലഭങ്ങൾ പാറിടുന്നു !
മാരിവില്ലുള്ളിൽ തെളിഞ്ഞുവന്നെ
മന്ദാരപ്പൂമണമെത്തിടുന്നെ !
ഇന്നീയുഷസ്സിനു കാന്തിയേകി
തോരണമുള്ളത്തിൽ ചാർത്തിയിട്ട്
ചിന്തയിൽ പൂക്കാലവിത്തു പാകി
തങ്കക്കിനാവൊന്നു വന്നു പോയൊ !