രചന : സതീശൻ നായർ ✍
ജോലി കഴിഞ്ഞു വീട്ടിലേക്ക് പോണ വഴിയാണ് കണ്ടത്
ഏത്തപ്പഴം.. 5 കിലോ 100 രൂപ.
ങേ ഇന്നലെ നാലു കിലോ നൂറ് രൂപ ആയിരുന്നു.
വില വീണ്ടും കുറഞ്ഞോ..?
ഒരു കൈ നോക്കാം ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന കുറച്ചു പലഹാരങ്ങൾ മനസ്സിൽ ഓർത്തു..
കച്ചവടക്കാർ വിളിച്ച് കൂവുന്നുണ്ട് അഞ്ചു കിലോ നൂറേയ്..
അഞ്ചു കിലോ നൂറേയ്..
ദേ തീരാൻ പോണൂ വേഗം വാ വേഗം വാ..
അങ്ങനെ ഞാനും ചെന്നു..
പോക്കറ്റിൽ നിന്നും നൂറു രൂപ കച്ചവടക്കാരന് കൊടുത്തു..
അയാൾ ഏത്ത കുലയിൽ നിന്നും ഓരോ പടല കാളാമുണ്ടവും ചേർത്ത് കട്ട് ചെയ്ത് കിറ്റിൽ ഇട്ട് തൂക്കുന്നത് നോക്കി നിന്നു..
എന്നിലെ ഉപഭോക്താവ് ഉണർന്നു..
ആ കച്ചവടക്കാരൻ നമ്മളെ പഴത്തിന്റെ കൂടെ കാളാമുണ്ടവും കൂടി ചേർത്ത് തൂക്കി പറ്റിക്കുകയാണ്..
പഴം മാത്രം തൂക്കിയാൽ അത് നാല് കിലോയല്ലേ ഉണ്ടാകൂ..
ഈ സമയത്ത് അയാൾ അഞ്ചു കിലോ തൂക്കി പഴമടങ്ങുന്ന കിറ്റ് എൻറെ നേരേ നീട്ടി..
ഞാൻ അത് വാങ്ങാൻ കൂട്ടാക്കാതെ അയാളെ തുറിച്ചു നോക്കി നിന്നു..
അയാൾ വീണ്ടും കിറ്റ് എൻറെ നേരേ നീട്ടി ദേ സാറേ പിടിച്ചേ ആൾക്കാർ വെയ്റ്റ് ചെയ്യുന്നു..
അത് വാങ്ങും മുൻപ് ചോദിക്കട്ടെ ഈ ബോർഡിൽ എന്താ എഴുതിയേക്കുന്നേ..?
അയ്യോ സാറിന് എഴുതാനും വായിക്കാനും അറിയില്ലേ ഏത്തപ്പഴം5 കിലോ നൂറു രൂപാ എന്നാ എഴുതിയിരിക്കുന്നേ..
എങ്ങനെ ഏത്തപ്പഴം..?
അഞ്ചു കിലോ നൂറു രൂപ സാറേ..
എന്നിട്ട് ഈ കാളാമുണ്ടവും കൂടി തൂക്കി അതിനും കാശ് ഞാൻ തരണോ..?
സാറേ തർക്കിക്കാനൊന്നും ഞാനില്ല കച്ചവടം തടസ്സപ്പെടുത്തരുത്..
ഞാൻ ഒരു തടസ്സവും ചെയ്യുന്നില്ല എനിക്ക് കാളാമുണ്ടം ഒഴിവാക്കി അഞ്ചു കിലോ ഏത്തപ്പഴം മാത്രം തന്നാൽ മതി..
അയാൾ കുറച്ചു നേരം ആലോചിച്ചു ദേഷ്യത്തോടെ കിറ്റിൽ നിന്നും പഴമെല്ലാം പുറത്തെടുത്ത് കാളാമുണ്ടത്തിൽ നിന്നും ഓരോ പഴവും ഇറുത്ത് ത്രാസിൽ വച്ച് അഞ്ച് കിലോ തൂക്കി അയാളുടെ ഉന്തു വണ്ടിയുടെ അരികിൽ വച്ച് ദേ സാറേ കാളാമുണ്ടം മാറ്റി അഞ്ചു കിലോ..
ഒരു നിയമ ലംഘനം തടയാനായ അഭിമാനത്തോടെ ..
ടോ ആ കിറ്റ് തന്നേ..
സാറേ ആ ബോർഡ് വായിച്ചേ..
വായിക്കാലോ ഏത്തപ്പഴം അഞ്ചു കിലോ 100 രൂപ..
ഏത്തപ്പഴം..?
അഞ്ചു കിലോ നൂറു രൂപ..
സമ്മതിച്ചേ ഇതിലെവിടെയെങ്കിലും കിറ്റിൽ ഇട്ടു തരും എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ സാറാ പഴങ്ങളും പെറുക്കി സ്ഥലം വിടാൻ നോക്ക് ..
എന്ത് ചെയ്യണമെന്ന് അറിയാതെ അയാളേം പഴത്തിനേം മാറി മാറി നോക്കുന്ന സീൻ ആയിരുന്നു പിന്നെ.