രചന : ഒ. കെ ശൈലജ ടീച്ചർ ✍

ഹോ!എന്തൊരു കുളിര്!
ഡിസംബറിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ എന്തൊരു സുഖം!
ഇങ്ങനെ വെയിലിന്റെ ചൂട് ജനലഴികളിലൂടെ ദേഹത്ത് പതിയുന്നത് വരെ കിടക്കാൻ മോഹം തോന്നുന്നു.

ആ കുട്ടിക്കാലം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ!
എന്തായാലും സാരമില്ല ഇന്ന് അവധിയാണല്ലോ.. കുറച്ചു കൂടി കിടക്കട്ടെ
ഞാൻ പുതപ്പ് തല വഴി മൂടി വീണ്ടും ചുരുണ്ടു കിടന്നു.
“ഓ.. ഈ തണുത്ത വെളുപ്പാൻ കാലത്ത് ആരാണാവോ വിളിക്കുന്നത്?”
ഫോണിന്റെ നിർത്താതെയുള്ള ശബ്‌ദം കേട്ടപ്പോൾ എഴുന്നേറ്റു ഫോൺ എടുത്തു.
“ഹലോ ആരാണ്?”
മറുതലയ്ക്കൽ ഉള്ള ശബ്‌ദം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി!!”
“ങേ!!”
“എന്താണീ കേൾക്കുന്നത്?”
“വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ!”
തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ശബ്‌ദം!

അതും അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സ്തംഭിച്ചുപോയി!!
“ശ്രീജയുടെ മകളെ കാണാനില്ലെന്ന്‌!!”
“എന്താണ് സംഭവിച്ചത്!”
എന്റെ മനസ്സിലൂടെ ശ്രീജയുടെ മകളുടെ വിവാഹവും, അതിനു ശേഷം ഉള്ള വിരുന്നു പോകലും എല്ലാം കടന്നു പോയി.
പിന്നെ ഈ കുട്ടിക്ക് എന്താണ് ഇങ്ങനെ ഒരു ദുർബുദ്ധി തോന്നാൻ?
വിവാഹത്തിന് മുൻപ് അഞ്ചുവിനൊരു ഇഷ്ടം ഉണ്ടായിരുന്നെന്നും അവന്റെ വീട്ടിൽ സമ്മതം ഇല്ലാത്തതു കൊണ്ട് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞുവെന്നാണല്ലോ ശ്രീജ പറഞ്ഞിരുന്നത്

രാഹുലിന്റെ ആലോചന വന്നപ്പോൾ അഞ്ചുവിന് ഇഷ്ടം ആയിരുന്നല്ലോ
ഗൾഫിൽ നല്ല ജോലി ഒരേയൊരു മകൻ നല്ല സാമ്പത്തികം അച്ഛനുമമ്മയും റിട്ടയേർഡ് അധ്യാപകർ
നല്ല ഫാമിലി ആണെടോ എന്ന് ശ്രീജ പറയുമ്പോൾ അഞ്ചുവിന്റെ മുഖം പൂർണ്ണേന്ദു പോലെ തിളങ്ങുന്നത് കണ്ടതാണല്ലോ!
വധൂവരന്മാർ ഇവിടെ വന്നപ്പോൾ അഞ്ചുവിന്റെ സന്തോഷം നിധി കിട്ടിയത് പോലെ ഉണ്ടായിരുന്നു.’നല്ല പയ്യൻ അല്ലേ മോളേ? “
“അതെ ആന്റി എന്റെ ഭാഗ്യം ആണ് “

എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചപ്പോൾ അഞ്ചുവിന്റെ ഭാഗ്യം എന്നോർത്ത് താനും സന്തോഷിച്ചിരുന്നു.
‘എന്നിട്ട് പിന്നെ!’
ലീവ് കഴിഞ്ഞു രാഹുൽ പോയെന്നും അഞ്ചു വീണ്ടും പഠനം തുടരുകയാണെന്നും ഒരിക്കൽ ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് എത്ര സന്തോഷത്തോടെ ആയിരുന്നു!”.
‘പിന്നെ എന്താണ് സംഭവിച്ചത്? “
അഞ്ചു മുൻപ് അവൾ സ്നേഹിച്ച രാഗേഷിന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന് !!
എന്നും പോകുന്നത് പോലെ ഭർത്താവിന്റെ വീട്ടിൽ നിന്നും കോളേജിൽ പോയതാണെന്നും, പോകുന്ന വഴിയിൽ ഫോൺ ചെയ്തു പറഞ്ഞുവത്രേ!
“ഞാൻ രാഗേഷിന്റെ കൂടെ പോകുന്നു, എന്നെ അന്വേഷിക്കേണ്ട ‘
പിന്നീട് അവർ ഫോണിൽ ബന്ധപ്പെട്ടിട്ട് അവളെ കിട്ടുന്നില്ലെന്ന്. എങ്ങോട്ടാണ് പോയതെന്ന് ഒരു വിവരവുമില്ല.

ഇത് പറയുമ്പോൾ ശ്രീജയുടെ തൊണ്ടയിടരുന്നുണ്ടായിരുന്നു. പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ പൊട്ടിക്കരച്ചിൽ ആണ് കേട്ടത് ‘
ഈശ്വരാ ഈ കുട്ടി എന്താണിങ്ങനെ ചെയ്തത്?
ഭർത്തൃമതിയായ അവൾ ഇങ്ങനെ പോകാമോ?
ഇനി എന്തൊക്കെ ആയിരിക്കും സംഭവിക്കുക?
രാഹുലും വീട്ടുകാരും ഇതെങ്ങനെ അഭിമുഖി കരിക്കും? ഗൾഫിലുള്ള അവനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും ? ശ്രീജയുടെ കുടുംബം ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും?
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ
വിദ്യാ സമ്പന്നരായ മക്കൾ വിവേകത്തോടെ ചിന്തിച്ചിരുന്നെങ്കിൽ!
ശ്രീജയെ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

ശ്രീജയുടെ വീട് വരെയൊന്ന് പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ അവൾ വല്ല കടുംകൈയും ചെയ്തെങ്കിലോ?
“രാധികേ.. രാധികേ…”
“ചന്ദ്രേട്ടൻ എഴുന്നേറ്റോ, ദാ.. ഞാൻ വരുന്നൂ “
“ആരാ വിളിച്ചത്?”
“അത്‌ ശ്രീജയാണ്.. ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു. എന്റെ പിന്നാലെ വന്ന ചന്ദ്രേട്ടൻ വീണ്ടും ചോദിച്ചു.
“ശ്രീജയെന്താ രാവിലെ വിളിക്കാൻ?”
“അതൊന്നും പറയാതിരിക്കുകയാ ഭേദം, ഞാൻ നിങ്ങൾക് ചായ തരാം “
“അല്ലെങ്കിൽ വേണ്ട, ഞാൻ പോയിട്ട് വേഗം വരാം, വന്നിട്ട് എല്ലാം വിശദമായി പറയാം.

എനിക്കൊരു സമാധാനം കിട്ടുന്നില്ല. എന്റെ മനസ്സിൽ ശ്രീജയുടെ പൊട്ടിക്കരയുന്ന മുഖം ആയിരുന്നു. അവളെ കണ്ടു സമാധാനിപ്പിക്കാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ ഉടനെ തന്നെ പുറപ്പെട്ടു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സർവ്വദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അരുതാത്തതൊന്നും സംഭവിക്കല്ലേ!!

ഒ. കെ ശൈലജ ടീച്ചർ

By ivayana