രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;
മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!
കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,
ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ!

സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,
ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,
കഷ്ടമത്രേ,കവിയെന്നൊരാളിനെ;
തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും!

ഉള്ളിലുണ്ടാകണം ഗുരുഭക്തിയും
തുള്ളിനിൽക്കും കവനകടാക്ഷവും
രണ്ടുമൊത്തുചേർന്നീടി,ലൊരുവനെ
കണ്ടമാത്ര,കവിയെന്നു ചൊന്നിടാം!

അന്യദു:ഖങ്ങൾ പാടേയറിയണം
ധന്യചിന്തക,ളുള്ളിലുയിർക്കണം
നിർമ്മല സ്നേഹമൊന്നിനാലേവർക്കും
നൻമതൻ നൻമധുവെന്നുമേകണം

നിത്യകർമ്മങ്ങൾ നിസ്വാർഥമാകണം
മൃത്യുവെന്നതു മുന്നാലേകാണണം
അത്യുദാരത്വമാർന്നി പ്രകൃതിയെ,
നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം

ചിത്തശുദ്ധിവരുത്തി നാംതങ്ങളിൽ
ഹൃത്തുഹൃത്തുമായ്ചേർത്തു നിറുത്തണം
വിദ്യതൻ നറുപൂക്കൾകോർത്തങ്ങനെ;
മുഗ്ധമാല്യങ്ങ,ളാരിലുംചാർത്തണം

ജാതിഭേദങ്ങ,ളേതൊന്നുമില്ലാതെ;
പ്രാതലൊന്നിച്ചിരുന്നു കഴിക്കണം
ലോകസൗഖ്യത്തിനായെന്നും പ്രാർഥനാ-
ഗീതകങ്ങൾ സുസ്മേരം പൊഴിക്കണം

കാലനീതി,യെന്തെന്നറിഞ്ഞെപ്പൊഴും,
കാലേ,കാവ്യസപര്യതെളിക്കണം
ജീവിതത്തിന്നിരുൾക്കയം താണ്ടിനാം
ഭാവിതൻ ജാതകങ്ങൾ നിനയ്ക്കണം

ആരുതാനെന്നു തന്നോടു താൻസ്വയം
നേരേചോദിച്ചു,തന്നെയറിയണം
നേരിന്നദ്വൈതഭാവസ്ഫുലിംഗങ്ങൾ
പാരമെന്നുമമൃതായ്ഭജിക്കണം

കാവ്യബിംബങ്ങളെത്ര മെനഞ്ഞാലും
കാവ്യചാരുതയായതി,ലില്ലെങ്കിൽ
കേവലം ശൂന്യമാകുമാശീലുകൾ
ആവോ,ചിന്തിക്കുകൊന്നതു നിത്യവും

കൊന്നപൂത്താൽ മണമൊട്ടുണ്ടാകുമോ?
മന്നിൽ പുന്നാഗമെന്നതുപോലവേ!
വെന്നുവെന്നുയരാനായ് ശ്രമിപ്പതിൻ,
പിന്നിലുള്ള മനസ്സെത്രഭീകരം!

പാലിലുണ്ടാ,മതുതൈരായ് മാറുകിൽ;
ചാലേയാനറുവെണ്ണ,നെയ്യൊക്കെയും
മെല്ലേയൊട്ടു കടഞ്ഞതെടുക്കുവാൻ
തെല്ലു സാഹസമുണ്ടെന്നറിയുവിൻ

കുഞ്ഞുചട്ടിയിലായ്,വടവൃക്ഷത്തെ;
അഞ്ഞൂറാണ്ടുനിറുത്തീടിലുമതു,
കുഞ്ഞായ്തന്നെയിരിക്കുമെന്നേതൊരു,
കുഞ്ഞിനുപോലുമിന്നറിഞ്ഞീടാത്തൂ!

മാനസമൊരാകാശമായ് മാറണം
മാനസം പുനരായതറിയണം
ജ്ഞാനസാന്ദ്ര വചസ്സുകളാലെനാം
സ്റ്റേഹഭാവപരാഗങ്ങൾ തൂകണം

ഇന്ദുലേഖ കൺപൊത്തിമറയവേ;
മന്ദമായതു കണ്ടുനിന്നീടുവാൻ,
സന്തതം നമുക്കായീടുകിൽപരം
എന്തുചെയ്യുവാനാകുമൊന്നോർക്കുകിൽ?

ജീവിതത്തിന്നനന്ത തലങ്ങളെ ;
ഈവിധമൊന്നറിഞ്ഞീടുകിൽ നിജം
നാവിലൂറുന്നതൊക്കെയും തേൻമൊഴി –
യാവുകില്ലേ,നിരന്തരമാരിലും!

By ivayana