രചന : വിനോദ് ഗുപ്‌ത ✍

പറ്റിയാൽ സ്വന്തം ശവമടക്കിൽനിന്നൊന്ന് പുനർജ്ജനിക്കണം…
എന്റെ ശൂന്യതയ്ക്കപ്പുറവുമൊരു ജീവിതമുണ്ടെന്നുറ്റവരെ ബോധ്യപ്പെടുത്താൻ,
നോവിന്റെ ചുഴിയിലേക്കാഴ്‌ന്നുപോയവർക്കൊപ്പം ഒരിത്തിരി നേരംകൂടിയിരിക്കാൻ,
പാതിമുറിഞ്ഞെന്നുകരുതിയ യാത്രയുടെ ബാക്കികൂടി മുഴുമിപ്പിക്കാൻ,
ഇന്നലെകളുടെ അറ്റത്തേക്ക് ഓർമ്മകളിലൂടെ ഒരുമിച്ചു സഞ്ചരിയ്ക്കാൻ,
ആത്മാവിനാഴങ്ങളിലേക്ക് വേരൂന്നിയ സ്നേഹപടർപ്പിന്റെ പച്ചപ്പ് വിരിയിക്കാൻ,
ഇരുട്ടറയിൽ തളയ്ക്കപ്പെട്ട പ്രണയത്തെ മോചിപ്പിക്കാൻ,
ഉന്മാദങ്ങളുടെ സ്വർഗ്ഗരാജ്യത്തേക്ക് മടങ്ങിപോകാൻ,
തിരയൊഴിയാ തീരത്തിരുന്ന് സ്വപ്നങ്ങളുടെ മറുതിരയെണ്ണാൻ,
അവശേഷിപ്പുകളൊന്നും ബാക്കിവയ്ക്കാതൊടുക്കം മരണത്തോട് സന്ധിചെയ്യാൻ,
ശവപുഷ്പ്പങ്ങളർപ്പിച്ച വെള്ളപൊതിഞ്ഞുടലിൽനി-
ന്നൊന്നുയർത്തെഴുന്നേൽക്കണം.
പറ്റിയാൽ മണ്ണടിയും മുൻപ് ശവമടക്കിൽനിന്നൊന്ന് പുനർജ്ജനിക്കണം…!

വിനോദ് ഗുപ്‌ത

By ivayana