ജുനൈദ് വരന്തരപ്പിള്ളി ✍

ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ജോലി എന്തായിരിക്കും. കൂടുതൽ സമയം വിശേഷിച്ച് ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളിലാണ് ഇങ്ങനെ ഓരോന്ന് ആലോചിക്കാറുള്ളത്. രസകരമായി പറഞ്ഞാൽ,

നമ്മൾ ആശുപത്രി വരാന്തയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ചുരുങ്ങിയത് നമുക്ക് മുന്നേ മുപ്പത് പേരെങ്കിലും പരിശോധനക്ക് കാത്തിരിക്കുന്നുണ്ട്. കൈയ്യിൽ മൊബൈൽ ഫോണില്ല, അല്ലങ്കിൽ കൈയ്യിലുള്ളതിൽ ബാറ്ററി ചാർജില്ല, റീചാർജ് ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. നിങ്ങളെന്ത് ചെയ്യും !
ഞാനാണെങ്കിൽ ആദ്യം നിലത്തു വിരിച്ച ടൈലുകളുടെ എണ്ണമെടുക്കും, ചുമർ ചിത്രങ്ങളിലെ വർണ്ണങ്ങൾ വിരലിൽ എണ്ണി നോക്കും. അറിയിപ്പു ബോർഡുകൾ മന:പാഠമാക്കും. ജനലുകളുടെ വിസ്തീർണ്ണം, അതിലെ കമ്പികളുടെ പഴക്കം എന്നിവ അളന്നെടുക്കും.

അത് കഴിഞ്ഞ്, സാവധാനത്തിൽ ശബ്ദമുണ്ടാക്കി കറങ്ങുന്ന ഫാനിന്റെ വേഗത കണക്കാക്കും. ശേഷം ഒരു മിനിറ്റിൽ എത്ര തവണ അത് പ്രദക്ഷിണം പൂർത്തിയാക്കുന്നതെന്ന് കണക്ക് കൂട്ടും. ഒരു മണിക്കൂർ സമയമാണങ്കിൽ എത്ര തവണയാണ് ഇത് കറങ്ങേണ്ടിവരുന്നതെന്ന് ആശങ്കപെടും. ദിവസം മുഴുവൻ കറങ്ങിയാൽ, ഹോ ! ആലോചിച്ചു കുഴുങ്ങും.

പിന്നെ ചെയ്യാൻ സാധ്യതയുള്ള കാര്യം അവിടെ കൂടെ ഇരിക്കുന്നവരെയും കണ്ണിൽ കിട്ടന്നവരെയും വിലയിരുത്തലാണ്. സമ്പൂർണ്ണനായ രാജാവിന്റെ പരിവേഷത്തോടെ പ്രജകളെ പുച്ഛത്തോടെ നിരീക്ഷിക്കുകയും അവരോട് എന്തെങ്കിലുമൊന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നതിന്റെ ലൗകികമായ സുഖം ആ സമയത്ത് ഞാൻ ആസ്വദിക്കും. തിരിച്ച് വീട്ടിലെത്തി കഴിഞ്ഞാൽ ഇത് ഒന്നും ഓർമ്മ കാണില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

അതുകൊണ്ട് ഞാൻ വിചാരിക്കുന്നത്, ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന പൂർത്തിയാക്കാവുന്ന മറന്നു കളയാവുന്ന കാര്യം സ്വന്തമല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ആലോചനകളാണ്. അങ്ങനെയായതു കൊണ്ടാണ് ഇമ്പമുള്ള ജീവിതവും വെറുപ്പ് നിറഞ്ഞ മരണവും മൂഖമായ പ്രണയങ്ങളും ഒഴിവു സമയങ്ങളിൽ തീരെയും നമ്മെ അലോസരപ്പെടുത്താത്തത്. സൗകര്യപ്പെടുമെങ്കിൽ അൽപ നേരം വെറുതെ ഇരിക്കണം. ആ സമയമത്രയും നിങ്ങളെ കുറിച്ചല്ലാതെ ആലോചിച്ചു കൊണ്ടിരിക്കണം.

ഒരു സുചികയും നിങ്ങളെ വെറുതെ ഇരുത്തിന്നില്ല എങ്കിൽ എന്നെ കുറിച്ചാലോചിച്ചോളു. അങ്ങനെയെങ്കിലും അൽപം ജീവിതം ഇവിടെ ബാക്കിയാക്കിയെന്ന് എന്റെ അത്മ കഥയിൽ എഴുതി ചേർക്കാമല്ലോ….!

ജുനൈദ് വരന്തരപ്പിള്ളി

By ivayana