രചന : സാബു കൃഷ്ണൻ ✍

ഇന്നെന്റെ മുറ്റത്തു നിനക്കായ്
പൊങ്കാലയർപ്പിച്ചു ഗൃഹ ലക്ഷ്മി
അനുഗ്രഹ വർഷം ചൊരിയുവാൻ
ദേവീ, നിന്നെ മനസ്സാ സ്മരിച്ചു.

ഒരായിരം ദീപം കത്തി ജ്വലിച്ചു
കാർത്തിക നക്ഷത്ര മൂവന്തിയിൽ
ഉത്സവ പ്രകർഷ രാവുകളിൽ
ഗായത്രീ മന്ത്ര മുഖരിതങ്ങൾ
ഭക്തി ചോദനാ പൊങ്കാലയിട്ടു
സൂര്യ പ്രഭാ പൂര മണ്കലങ്ങൾ.

ദേവീ,നിന്റെയനുഗ്രഹത്താൽ
ആത്മാവിൽ വെളിച്ചം നിറയട്ടെ
പരോപകാര പുണ്യമുദിയ്ക്കാൻ
ബോധ പരാഗങ്ങളുണരട്ടെ.

നീയൊരാനന്ദ സങ്കല്പ മൂർത്തി
ആരുമില്ലാത്തവർക്കഭയ മൂർത്തി
ഏഴകൾക്കെന്നും സ്നേഹ രൂപിണീ
നല്ല വാക്കോതുവാൻ ത്രാണിയേകൂ.

അനുഗ്രഹപ്പൂമഴ നീ, ചൊരിഞ്ഞു
അനവരതം കൃപ നീ, പകർന്നു
ധർമ്മ പ്രകാശം ചൊരിയുന്നു,നീ
ശാരദാകാശ താര ഹാരിണീ…..

By ivayana