രചന : സുനു വിജയൻ✍

“എവിടേക്കാ ലീലേച്ചി, ഇന്ന് തൊഴിലുറപ്പ് പണി ഇല്ലായിരുന്നോ “
തിരക്കിട്ടു കടുവാപ്പാറ മലയിറങ്ങുന്ന ലീലയോട് പശുവിനെ കുളിപ്പിച്ചുകൊണ്ടിരുന്ന രാഖി വിളിച്ചു ചോദിച്ചു.
“ഇല്ല, ഇന്നു പണിക്കിറങ്ങിയില്ല. രാജപുരത്തു സഹകരണ ബാങ്ക് വരെ ഒന്നു പോകണം. ഒരു ലോണിന്റെ കാര്യം ശരിയാക്കണം.”
“അവിടെ ലോൺ കിട്ടണമെങ്കിൽ ബാങ്കിൽ ഷെയർ വേണ്ടേ, ലീലേച്ചിക്ക് അവിടെ ഷെയർ ഉണ്ടോ “
“ഓ അതു ഞാൻ എടുത്തായിരുന്നു”. രാഖി വേറെ ചോദ്യങ്ങൾ ചോദിക്കും മുൻപ് ലീല തിടുക്കത്തിൽ കുന്നിറങ്ങി.

കടുവാപ്പാറയിൽ നിന്നും താമരക്കാട്ടേക്ക് എത്തിയാൽ രാജപുരത്തിനു ബസ് ലഭിക്കും. കാര്യം ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. പക്ഷേ കുത്തനെയുള്ള കുന്ന് കയറിയിറങ്ങുക അതീവ ദുഷ്‌ക്കരം തന്നെ. കേരള കോൺഗ്രസുകാരൻ ബെന്നി വാർഡ് മെമ്പറായി വിജയിച്ചു പഞ്ചായത്തു പ്രസിഡന്റ് ആയതിനു ശേഷം പൊട്ടിപ്പൊളിഞ്ഞു കിടന്ന കടുവപ്പാറ മലയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയത് കൊണ്ട് ഉരുണ്ടു വീഴാതെ നടക്കാൻ സാധിക്കും. ലീല മനസ്സിൽ പറഞ്ഞു.

എങ്കിലും കുന്നിറങ്ങുമ്പോൾ അടിവയറ്റിൽ ഒരു കൊളുത്തിപ്പുടുത്തം. പുറത്തായിട്ട് ഇന്ന് രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. നാൽപ്പത് തികയാൻ ഇനിയും രണ്ടു മാസം ബാക്കിയുണ്ട്. പക്ഷേ പുറത്തു മാറേണ്ടി വരുമ്പോൾ തോന്നുന്ന ഏനക്കേടിനു അന്നും ഇന്നും ഒരു കുറവുമില്ല.

ദൈവമേ പെണ്ണായി പിറന്നാൽ എന്തൊക്കെ സഹിക്കണം. ലീല നെടുവീർപ്പിട്ടു. ക്യന്നിറങ്ങുമ്പോൾ കൈകൾ കൊണ്ട് പുറകിലേക്ക് അറിയാതെ സാരിപ്പുറത്തു കൂടി ഒന്നു തലോടിനോക്കാൻ ലീല മറന്നില്ല. എങ്ങാനും നനവ് തട്ടുന്നുണ്ടോ എന്നു സംശയം. ടി വി യിൽ നാപ്കിന്റെ പരസ്യം കാണുമ്പോൾ ഉള്ളിൽ നെടുവീർപ്പിടും ഈ കാലത്തു തുണിയെ ആശ്രയിക്കുന്ന വീട്ടമ്മ താൻ ഒരാളേ കാണൂ എന്ന് എപ്പോഴും വിചാരിക്കും. പതിനേഴു കഴിഞ്ഞു നഴ്സിങ്ങിന് ചേരാൻ തയ്യാറായിരിക്കുന്ന മകൾക്ക് അതു വാങ്ങിക്കൊടുക്കാൻ താൻ പെടുന്ന പാട് തനിക്കേ അറിയൂ.

വലിയ വിലയൊന്നും ഇല്ലങ്കിലും പൈസക്ക് പൈസ വേണ്ടേ. അന്നത്തേടം കഴിയാൻ പാടുപെടുമ്പോൾ ഇങ്ങനെയൊക്കെയേ പറ്റു. ആലോചനയിൽ മുഴുകി ലീല കുന്നിറങ്ങി.
വേട്ടക്കൊരു മകന്റെ തിരുനട കഴിഞ്ഞാൽ കുന്നു കഴിയും. പിന്നെ നിരപ്പ് റോഡാണ്. വെളിയന്നൂർ പഞ്ചായത്തു റോഡിലേക്ക് കടക്കും മുൻപ് ലീല പഴയ ഷിഫോൺ സാരിയുടെ മുന്നിലെ പ്ലീറ്റ് ഒന്നുകൂടി ശരിയാക്കി. കുന്നിറങ്ങിയപ്പോൾ ഊർന്നു മാറിയ ബ്ലവുസിന്റെ കൈക്കുഴി തോളിൽ ബ്രയിസറിന്റെ പഴയ വള്ളിയെ കാണിക്കുന്നില്ല എന്നുറപ്പു വരുത്താൻ വലതു കൈകൊണ്ട് ബ്ലവുസ് ഒന്നു വലിച്ചിട്ടു ലീല അമ്പലത്തിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു.
“ഭഗവാനേ കാത്തോണേ “

ടാറിട്ട റോഡിൽ കടന്നു താമരക്കാട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ലീല ശ്രദ്ധിച്ചു. കപ്പക്കാല കഴിഞ്ഞു കാണുന്ന പഞ്ചായത്തു കുളം പുതുക്കി പണിതു അതിനു വലിയ കമാനവും പണിതു വച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ഹോമിയോ ഡിസ്പെൻസറിയും പുതുക്കി പണിതിട്ടുണ്ട്. അതിനും വലിയ കമാനം പണിതിരിക്കുന്നു. പുതിയ പ്രസിഡന്റ് മിടുക്കൻ തന്നെ.

പാതവക്കിൽ പ്രസിഡന്റ്റിന്റെ നല്ലമനസ്സിനെ പുകഴ്ത്തി സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡിൽ ചിരിച്ചുകൊണ്ടിരിക്കുന്ന മെമ്പറെ കണ്ടപ്പോൾ, അത്തരത്തിൽ ഉള്ളു രണ്ടു ബോർഡുകൾ കിട്ടിയിരുന്നെങ്കിൽ ചിതലുതിന്നു ദ്രവിച്ചു പോയ അടുക്കള കതകിനു പകരം വാക്കാമായിരുന്നു എന്നു ലീല മനസ്സിൽ കരുതി. പട്ടിക അടർന്നു,ഓടിളകിയ വീടിന്റെ മേൽക്കൂരയിൽ നനയാതെ ഇട്ടിരിക്കുന്ന നീല പ്ലാസ്റ്റിക് ഷീറ്റു വെയിലേറ്റ് ദ്രവിച്ചു തുടങ്ങിയതെങ്കിലും ഒന്നു മാറണം നെടുവീർപ്പിൽ മുങ്ങിയ ആലോചനകളുമായി ലീല ബസ് സ്റ്റോപ്പിൽ എത്തി.
“എങ്ങോട്ടാ ലീലേ “
തൊട്ടടുത്തു പലചരക്കു കടയിലെ സാറാമ്മ ചേച്ചി.

“ഒന്നു രാജപുരം സഹകരണ ബാങ്കിലേക്ക്. പെങ്കൊച്ചിന് നഴ്‌സിങ്ങിന് പോകാൻ ഒരു ലോണിന്റെ കാര്യം തിരക്കാനായി പോകുവാ “.
“ലീലേ ലീലേടെ ഭർത്താവ് രാജൻ മരിക്കുന്നതിന് മുൻപുള്ള കടയിലെ പറ്റ് എണ്ണായിരത്തിൽ കൂടുതൽ ഉണ്ട്. പിന്നെയുള്ളതും ചേർത്ത് ഇപ്പോൾ രൂപാ പത്തു പതിനാലായിരം ഉണ്ട്. എന്തെങ്കിലും നക്കാപിച്ച ഇടക്ക് തന്നിട്ട് ഒരു കാര്യവും ഇല്ല. അതു തരുമ്പോൾ അതിൽ കൂടുതൽ പൈസയുടെ സാധനങ്ങൾ നിങ്ങൾ വാങ്ങിക്കുകയും ചെയ്യും. കടയിൽ അങ്ങേര് ലീലയെ കാണുമ്പോൾ നിങ്ങടെ അവസ്ഥ ഓർത്തു ഒന്നും വാവിട്ട് പറയാത്തതാ. ലോൺ കിട്ടുമ്പോളെങ്കിലും ആ കടം ഒന്നു തീർത്തേക്കണേ. ഇങ്ങനെ എല്ലാരും തൊടങ്ങിയാൽ ഞങ്ങൾ എന്തോ ചെയ്യും.

“പൈസ തരാം ചേച്ചി. മനഃപൂർവ്വമല്ല. രാജേട്ടൻ പെട്ടന്ന് അറ്റക്ക് വന്നു മരിച്ചപ്പോൾ ആകെ വിഷമത്തിലായി. ഞാനിപ്പോൾ തൊഴിലുറപ്പിനു പോകുന്നോണ്ട് അങ്ങനെ കഴിഞ്ഞു പോകുന്നു. രണ്ടു പെൺപിള്ളേര് പഠിക്കാനും പോകുന്നുണ്ട്. ആകെ ബുദ്ധിമുട്ടിലാണ്. ഒരു രൂപ തന്നു സഹായിക്കാൻ ആരുമില്ല.
മൂത്തവൾ പ്ലസ് ടു കഴിഞ്ഞു .നല്ല മാർക്കുണ്ട്. നഴ്സിങ്ങിന് വിട്ടാൽ മൂന്നു വർഷം കഷ്ടപ്പെട്ടാലും ഒന്നു കരകയറാമല്ലോ. വിദ്യാഭാസ ലോണൊന്നും ശരിയായില്ല. സഹകരണ ബാങ്കിൽ ആധാരം വച്ചു ലോണെടുക്കാനാ. ഒന്നു ശരിയായാൽ മതിയാരുന്നു.”

ലീല സാറാമ്മയോട് സങ്കടം പറഞ്ഞു തീരും മുൻപ് രാജപുരം വഴി പാലയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് സ്റ്റോപ്പിൽ എത്തി.
ബസിൽ കയറി ഇരിക്കുമ്പോൾ ലീല ഓർത്തു. ഭർത്താവ് ഒന്നും സാമ്പാദിച്ചു വച്ചില്ല. എന്നും പണികഴിഞ്ഞു വീട്ടിലേക്കുള്ള സാധനങ്ങൾ എത്തിച്ചിരുന്നു. മദ്യപിച്ചു പാട്ടു പാടി രാത്രിയിൽ കുന്നു കയറി വരുമ്പോൾ പഠിക്കാൻ മിടുക്കരായ വയസ്സറിയിച്ച രണ്ടു പെണ്മക്കൾ വീട്ടിൽ ഉള്ള കാര്യം മറന്നു. ഒരു വർഷം മുൻപ് പെട്ടെന്ന് അറ്റാക്ക് വന്ന് അയാൾ അങ്ങു പോയി. ഇരുട്ടിൽ പൂണ്ടുപോയ ജീവിതം ഒന്നു വെളിച്ചത്തിലേക്കു അടുപ്പിക്കാൻ എന്തൊക്കെ പെടാപ്പാടുകൾ. ഈ ലോൺ ഒന്നു ശരിയായിരുന്നെങ്കിൽ. ലീല ആത്മസംഘർഷങ്ങൾ ഉള്ളിലൊതുക്കാൻ ശ്രമിച്ചു.

രാജപുരം സഹകരണ ബാങ്കിൽ പ്രസിഡന്റിന്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുമ്പോൾ ലീലയുടെ മുഖത്ത് നോക്കാതെ മാറിലേക്ക് നോക്കി അയാൾ പറഞ്ഞു.
“ലീലേടെ ആധാരത്തിന്റെ കോപ്പി ഞാൻ നോക്കി. ആ മലമുകളിൽ വഴിയില്ലാത്ത പത്തു സെന്റ് സ്ഥലത്തിനു ആര് ലോൺ തരാനാ. അതാണെങ്കിലോ മുഴുവൻ പാറയും. വീടെന്നു പറയാൻ പറ്റുന്ന ഒന്നല്ലല്ലോ അതിൽ ഉള്ളത്.. പിന്നെ ചെയ്യാൻ പറ്റുന്നത് ഒരു ഓ ടി ലോൺ നോക്കാം. അതിനു പലിശ പതിനാല് ശതമാനം ആകും. പലിശ അടക്കാൻ മുടക്കം വരരുത്. മൂന്നു മാസം കഴിഞ്ഞാൽ പലിശ മുതലിലേക്ക് കയറും. പിന്നെ പിഴപ്പലിശയും വരും. പറഞ്ഞില്ലാന്നു വേണ്ട. സെക്രട്ടറിയെ കണ്ട് അപേക്ഷ മേടിച്ചു അടുത്ത ആഴ്ച്ച കമ്മറ്റിക്കു വക്ക്. ഞാൻ ഒന്നു നോക്കട്ടെ.

മാറിൽ നിന്നും കണ്ണെടുക്കാതെ മുടി മുഴുവൻ നരച്ച പ്രസിഡന്റ് പറഞ്ഞു നിർത്തിയപ്പോൾ ഒരു സിംഹത്തിന്റെ മുന്നിൽ നിന്നും രക്ഷപെട്ടതുപോലെ ലീല സെക്രട്ടറിയുടെ റൂമിലേക്ക് ചെന്നു.

കറുത്തു പൊക്കം കുറഞ്ഞ സെക്രട്ടറി മധ്യവയസ്സനാണ്. ലീലയെ കണ്ടതും അയാൾ തിരക്കു ഭാവിച്ചു കാര്യം എന്താണെന്ന് തിരക്കി. കഴിഞ്ഞ ആഴ്ച വന്ന് ലോണിന്റെ ആവശ്യം പറഞ്ഞു ആധാരത്തിന്റെ കോപ്പി ഇയാളുടെ കയ്യിൽ കൊടുത്തതാണ്. അയാൾ മറന്നിരിക്കാം. ലീല വീണ്ടും ബഹുമാനത്തോടെ കാര്യം പറഞ്ഞു.
സെക്രട്ടറി ലീലയോട് ഇരിക്കാൻ പറഞ്ഞു. പ്രസിഡന്റിനോളം വൃത്തികെട്ട തുണി ഉരിഞ്ഞു പോകുന്ന നോട്ടം ഇല്ലങ്കിലും സെക്രട്ടറിയുടെ നോട്ടത്തിലും ഒരശ്ലീലം ലീലക്ക് തോന്നി. മാറിലേക്ക് സാരി അൽപ്പം കൂടി വലിച്ചിട്ടു ലീല കസേരയിൽ ഇരിക്കാതെ അവിടെ ഒതുങ്ങി നിന്നു.

സെക്രട്ടറി ഒരു കടലാസിൽ എഴുതി
ഒറിജിനൽ ആധാരം
മുന്നാധാരം
കരം ഒടുക്കിയ രസീത്
കൈവശാവകാശ സർട്ടിഫിക്കറ്റു
ലോക്കേഷൻ സ്കെച്ച്
ഇരുപതു വർഷത്തെ ബാധ്യതാ സർട്ടിഫിക്കട്ട്
ആധാർ കാർഡ്
രണ്ടു ഫോട്ടോ
എഴുതിയ ലിസ്റ്റ് ലീലയുടെ കയ്യിൽ കൊടുക്കുമ്പോൾ അയാൾ അറിയാതെ ലീലയുടെ കയ്യിൽ ഒന്നു പിടിച്ചു!!.
അനന്തരം പറഞ്ഞു
“ഇതെല്ലാം കൊണ്ടുവന്നു തരണം. ക്യാഷ് കൗണ്ടറിൽ എന്നിട്ട് ആയിരം രൂപാ ഫീസ് അടക്കണം. ലീഗൽ ഒപ്പീനിയൻ എടുക്കണം. അതു കഴിഞ്ഞു ഞാൻ ആ സ്ഥലം വാല്യൂ ചെയ്യാൻ വരും. എന്നിട്ട് ലോൺ തരാം. പേപ്പർ ഒക്കെ ശരിയാക്കി കൊണ്ടുവാ.

ഞാൻ നോക്കാം. നമുക്ക് ശരിയാക്കാം. സെക്രട്ടറി ഒരു മ്ലേച്ഛമായ ചിരി പാസാക്കി പറഞ്ഞു.പിന്നെ ലീല ഒരാഴ്ച നെട്ടോട്ടം ഓടി. വില്ലേജിൽ, രജിസ്ട്രാർ ഓഫീസിൽ, എല്ലാ പേപ്പറും ശരിയാക്കി. മൂന്നാഴ്ചക്കുള്ളിൽ മകൾക്ക് ക്ലാസ്സ്‌ ആരംഭിക്കും. അതിനു മുൻപ് ഫീസ് അടച്ചു അഡ്മിഷൻ എടുക്കണം. ഒരമ്മയുടെ, വിധവയായ ഒരമ്മയുടെ പരിദേവനങ്ങൾക്കൊടുവിൽ ഒറിജിനൽ ആധാരം ഒഴികെ എല്ലാം ശരിയായി.
ഒറിജിനൽ ആധാരം ബ്ലേഡ് പലിശക്കാരൻ എസ്താപ്പാന്റെ അലമാരയിൽ ആണ്.

ഭർത്താവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടന്നപ്പോൾ ആധാരം പണയമായി സ്വീകരിച്ചു എസ്തപ്പാനാണ് അമ്പതിനായിരം രൂപ തന്നത്. അതു മടക്കി കൊടുക്കാതെ അയാൾ ആധാരം തരുമോ? ലീല ധർമ്മ സങ്കടത്തിലായി.
എസ്ത്പ്പാനോട് വിവരം പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു. നൂറു രൂപാ മുദ്രപത്രത്തിൽ അയ്യാളുടെ കയ്യിൽ നിന്നും വാങ്ങിയ അമ്പതിനായിരം രൂപയും നാളിതുവരെ ഉള്ള പലിശയും ഒരുമാസത്തിനകം കൊടുത്തില്ലങ്കിൽ വസ്തു അയാൾക്ക് കൈകലാക്കാൻ അവകാശം ഉണ്ട് എന്നു ലീല എഴുതി ഒപ്പിട്ടു കൊടുത്ത ഉറപ്പിൽ എസ്ത്പ്പാൻ ആധാരം ലീലക്ക് നൽകി. അതു നൽകുമ്പോൾ ലീലയുടെ ഇരു കൈകളിലും പിടിച്ചു ഒരുറപ്പിന്റെ ചിരി ചിരിച്ചു എസ്ത്പ്പാൻ. അതിൽ ഒരു അയൽക്കാരന്റെ സഹായത്തിൽ ഉപരി മാംസക്കൊതിയുടെ തിരയിളക്കം ലീല കണ്ടു.

സഹകരണ ബാങ്കിൽ ലീല സമർപ്പിച്ച പേപ്പർ സസൂക്ഷ്മം പ്രസിഡന്റ്റും, സെക്രട്ടറിയും നോക്കി. ഒക്കെ വാങ്ങി വച്ചിട്ട് പ്രസിഡന്റ് അപേക്ഷ മാത്രം ലീലക്ക് തിരിച്ചു കൊടുത്തിട്ട് പറഞ്ഞു.

“ലീലക്ക് അറിയാമല്ലോ വഴിയില്ലാത്ത, ഒരു മതിപ്പു വിലയും ഇല്ലാത്ത സ്ഥലത്തിനാണ് ഞാൻ എന്റെ ഉറപ്പിൽ ഒപ്പിട്ടു തരുന്നത്. ഞാൻ ഒരു സഹായം ചെയ്യുമ്പോൾ ലീല അത്‌ മനസ്സിലാക്കണം. മൂന്നു ലക്ഷം രൂപയുടെ ലോണാണ് ഞങ്ങൾ ലീലക്ക് തരുന്നത്. അതുകൊണ്ട് ഒപ്പ് വാങ്ങാൻ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എന്റെ തടിമില്ലിന്റെ ഓഫീസിലേക്ക് ലീല വന്നാൽ മതി. ഞാൻ ഒപ്പിട്ടു തരാം. സെക്രട്ടറിയും ഒപ്പിട്ടു തരും. ഇപ്പോൾ പൊക്കോളൂ.

ലീല വിയർത്തു. ലീലക്ക് കാര്യം മനസ്സിലായി. താൻ കുരുക്കിൽ പെട്ടിരിക്കുന്നു. ലോൺ കിട്ടിയില്ലങ്കിൽ മകളുടെ പഠനം മുടങ്ങുക മാത്രമല്ല ഉണ്ടാവുക. ഒരു മാസത്തിനകം പണം നൽകിയില്ലങ്കിൽ കയറിക്കിടക്കുന്ന സ്ഥലം, അതാണ് ആകെ ഉള്ളത്. അത്‌ എസ്താപ്പാന്റെ കയ്യിലാകും. ചക്രവ്യൂഹത്തിൽ കുരുങ്ങിയ മനസ്സോടെ ലീല ബാങ്കിൽ നിന്നും ഇറങ്ങി.

വലിയ കമാനങ്ങളുള്ള രാജപുരം പള്ളിയുടെ അൾത്താരക്ക് മുന്നിലെ മാർബിൾ തണുപ്പിൽ ലീല നിറ കണ്ണുകളോടെ ഇരുന്നു. ചിത്രാലംകൃതമായ പള്ളിയുടെ മനോഹര പീഠങ്ങളിൽ വർണ്ണ ശോഭയിൽ ദൈവങ്ങളുടെ പ്രതിരൂപങ്ങൾ. ചുവന്ന പരവത്താനിക്കപ്പുറം ശീലാന്തികളും, വിശുദ്ധ വസ്തുക്കളും. ലീല പ്രാർത്ഥിച്ചു നിറഞ്ഞ കണ്ണുകളോടെ. തൻറെ മകളുടെ ഭാവി ആ ദൈവസന്നിധിയിൽ സമർപ്പിച്ചു ആ അമ്മ തടിമില്ലിലേക്കു നടന്നു. വിശന്നു വലഞ്ഞ മനസ്സും ശരീരവുമായി.

കൃത്യം മൂന്നു മണിക്ക് തന്നെ പ്രസിഡന്റ്റും സെക്രട്ടറിയും എത്തി. തടിമില്ലിന്റെ ഓഫിസിന് പിന്നിലെ ചെറിയ മുറിയുടെ കട്ടിലിൽ ഒപ്പിടാനായി അക്ഷമയോടെ പ്രസിഡന്റ് ലീലയെ അകത്തേക്ക് വിളിച്ചു
പഴയ ഷിഫോൺ സാരി അഴിച്ചു വച്ച് ലീല ആ കട്ടിലിൽ കിടന്നു നിർവികാരമായ മനസ്സോടെ. പ്രസിഡന്റ്റിന്റെയും സെക്രട്ടറിയുടെയും ഒപ്പിടുന്ന ഊഴം കഴിഞ്ഞു പഴയ സാരി ഉടുക്കാൻ എടുത്തപ്പോൾ സെക്രട്ടറി ലീലയെ തടഞ്ഞു കൊണ്ട് പറഞ്ഞു.

ഞങ്ങൾ മാത്രം ഒപ്പിട്ടത് കൊണ്ട് കാര്യമില്ല. കമ്മറ്റിക്കാർ മൂന്നു പേരെങ്കിലും സമ്മതിക്കണം അവരിൽ മൂന്നു പേർ പുറത്തുണ്ട്. അവരുംകൂടി ഒപ്പിടട്ടെ. പിന്നെ ഒന്നും പേടിക്കാനില്ല. ലീലയുടെ ലോൺ പാസ്സായി എന്നു കരുതിക്കോ.

മൂന്നു കമ്മറ്റിക്കാരും ഒപ്പിട്ടു. ലീല വല്ലാതെ തളർന്നിരുന്നു. ശരീരമല്ല മനസ്സു നുറുങ്ങി പൊടിഞ്ഞു ഉള്ളിൽ നിസ്സഹായതയോടെ ലീല കരഞ്ഞു.സന്ധ്യ മയങ്ങി. ലീല ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ. കടുവാപ്പാറ മല ഒരു മഹാമേരു പോലെ മുന്നിൽ. ലീല തളർന്നു മലകയറി. ജീവിതം എന്ന ലോണിന്റെ ഒരു പേപ്പർ ശരിയാക്കിയ വേവലാതിയോടെ . പക്ഷേ മനസ്സിൽ ഒരമ്മയുടെ സന്തോഷം തെളിഞ്ഞു വന്നിരുന്നു മകളുടെ അഡ്മിഷൻ ശരിയാകും ലോൺ ലഭിക്കും. അവൾ പഠിച്ചു നഴ്സ് ആകും . ജോലി ലഭിക്കും ജീവിതം തളിർക്കും

പക്ഷേ രാജപുരത്തു പ്രസിഡന്റ്റും, സെക്രട്ടറിയും ലീലയുടെ അപേക്ഷ ഫോറത്തിൽ ഒരിക്കൽ കൂടി ഒപ്പിടാൻ എന്തെങ്കിലും പഴുതുകൾ ഉണ്ടോ എന്ന് ഓഫിസിൽ ഇരുന്നു അപ്പോൾ ആസൂത്രണം ചെയ്യുകയായിരുന്നു.വ്യവസ്ഥിതികൾ അവർക്ക് അനുകൂലമായിരുന്നു. വിധിയും. പ്രത്യയശാസ്ത്രത്തിന്റെ ഊരാക്കുടുക്കിൽ കുടുങ്ങി ലീലയുടെ നെടുവീർപ്പുകൾ അനസ്യൂതം ഉയർന്നു താണു.

ഈ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഈ കഥക്ക് യാതൊരു ബന്ധവും ഇല്ല. അത്താഴപ്പട്ടിണിക്കാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയുടെ ഒരു നേർക്കാഴ്ച അത്ര മാത്രം.
സുനു വിജയൻ.

By ivayana