രചന : ജോബിഷ് കുമാർ ✍

അരളി പൂത്തൊരാ രാവിൽ
ചാറിപ്പെയ്തൊരാ മഴയിൽ
നിറഞ്ഞ മിഴികളാൽ മാത്രം
ഞാൻ നിന്നെയോർക്കും
തേങ്ങീ വീഴുമെൻ
തനുവിനെ
താങ്ങീ നിർത്തുവാൻ
ഞാൻ നിന്നെ തേടും..
കാതങ്ങളെത്ര താണ്ടിയാലും
തിരികെ നടക്കുമെന്റെ-
യൊറ്റപ്പാതയിലെ
ചെമ്പരത്തിപ്പൂക്കളോട്
നിന്നെക്കുറിച്ചു ഞാൻ ചൊല്ലും.
ഇടറി പെയ്യുമീ പെരുമഴയത്ത്
ഞാൻ ഇടറിയയൊച്ചയിൽ
നിന്നെക്കുറിച്ചുറക്കെ പാടും
തോളോട് തോൾ ചേർന്നന്ന്
നമ്മൾ നടന്നൊരാ വീഥികളിലെല്ലാം
ഞാൻ നിന്നെ തേടിയലയും
ഇനിയെത്ര
കാലവും കാതവും
കാത്തു നിന്നാലും
തേടിയലഞ്ഞാലും തിരികെ നീ വരികയില്ലെന്നറിവിൽ
ഞാനുറക്കെ ചിരിക്കുമൊടുവിലൊരു
യാത്ര തുടങ്ങും
നാരകച്ചില്ലയിൽ
കൊക്കുരുമ്മിയിരുന്ന
വണ്ണാത്തിക്കിളികളൊരു
ഭ്രാന്തന് വഴി തെളിയിക്കുമപ്പോൾ
മലമുകളിലെ കണ്ണെത്താ തുമ്പിലേയ്ക്ക് കല്ലുരുട്ടി ഞാനുമൊരു യാത്ര തുടങ്ങും
ഭ്രാന്തിന്റെ നൂൽപ്പാലങ്ങളിൽ ആടിയുലഞ്ഞൊരു
നീണ്ട യാത്ര..!!

ജോബിഷ് കുമാർ

By ivayana