രചന : കല ഭാസ്‌കർ ✍

രു ദശാസന്ധിയുടെ
അറുതിയിൽ
ഒട്ടും മന- പൂർവ്വമല്ലാതെ
നിന്റെ പടിവാതിൽക്കൽ
എത്തി നിന്നതായിരുന്നു.
ഏതോ വിരുന്നിന് ശേഷം
നീ എറിഞ്ഞു കളയാനാഞ്ഞ
ഒരപ്പക്കഷണത്താൽ
ആകർഷിക്കപ്പെട്ടതായിരുന്നു.
വിശപ്പില്ലായിരുന്നു;
കൊതിയുമല്ലായിരുന്നു.
യുഗങ്ങളോളം
ഒന്നും കഴിച്ചതേയില്ല
എന്നറിഞ്ഞതായിരുന്നു.
ഞാനിരന്നതാണോ ….
നീ വെച്ചു നീട്ടിയതോ?
രണ്ടായാലും വാങ്ങുന്നതിൽ
ലജ്ജയേതുമേ തോന്നിയില്ല
എന്നു മാത്രമേ ഓർമ്മയുള്ളു.
എന്നിട്ടും ഞാനാ
ഭിക്ഷയിൽ പാടില്ലാത്ത
വിധം പെട്ടെന്ന് സ്വാർത്ഥയായി .
അഞ്ചായി പകുത്തു തരൂ
എന്നൊരു വാശിക്കാരിയായി.
മകനായിട്ടുമുടപ്പിറപ്പായും
കൂട്ടായും കാമുകനായും
കളഞ്ഞു പോയൊരച്ഛനായും
ഓരോ പങ്ക് തരൂ
എന്നതിമോഹിയായി.
നീയോ അന്നേരം
ദൈവ പുത്രനല്ലെന്ന്
സ്വയം തിരിച്ചറിഞ്ഞു.
അഞ്ചിനെ അയ്യായിരമാക്കി
നുള്ളിയെറിയാൻ മാത്രം
കഴിയുന്ന ഒരു സാദാ മനുഷ്യനായി.
(അല്പം കൂട്ടി പറഞ്ഞാൽ,
പുന്നാരമേ നീ
കെഞ്ചുന്ന പെണ്ണിനെ പാഞ്ചാലി എന്നപഹസിക്കാനാവുന്ന
വെറും പുരുഷനായി തീർന്നു.)
പിന്നിലേതോ
ഭൂത കാലത്തെ
എന്റെ കാല്പാടിന്
നിന്നെ കാവൽ നിർത്തി,
എല്ലാ വിളിപ്പേരുമുപേക്ഷിച്ച്
ഞാനൊരതീത കാലത്തേക്ക്
പൈദാഹങ്ങളില്ലാത്തൊരു
വഴിയേ ഒറ്റയ്ക്കിറങ്ങി നടക്കുന്നു.

കല ഭാസ്‌കർ

By ivayana