രചന : ഷബ്‌നഅബൂബക്കർ ✍

ജീവിതനാടക വേദിയിൽ നിന്നിളം
ദേശാടനപ്പക്ഷി ചിറകടിച്ചൂ.
അമ്മിഞ്ഞ മണമുള്ള കുഞ്ഞിളം ചിറകിനാൽ
ബാല്യത്തിൻ ചില്ലയിൽ പറന്നിരുന്നൂ.
കുറുമ്പും കുസൃതിയും വാത്സല്യവുമേറെ
കൗതുകമോടെ കൂട്ടിനെത്തീ.
മഞ്ചാടിമണികളും മയിൽ‌പീലിയും അന്നു
നെല്ലിക്കപോലെ രുചി നിറച്ചൂ.
മധുരമാണെന്നറിയുന്നതു കാക്കാതെ
കൈപ്പോടെയെങ്ങോ വലിച്ചെറിഞ്ഞൂ.

മധുരിക്കും മാമ്പഴം തേടിപറക്കവേ
അക്ഷരചില്ലയിൽ കൂടുക്കൂട്ടി.
അക്ഷരപ്പൂവുകൾ കൊത്തിപ്പെറുക്കുവാൻ
പറവകൾ കൂട്ടമായ് ഏറെയെത്തീ.
തിക്കിതിരക്കാതെ മാറിക്കൊടുക്കുവാൻ
പക്ഷിയും മികവാർന്നിടങ്ങൾ തേടീ.

മറുച്ചില്ല പുൽകുവാൻ അതിയായ മോഹത്താൽ
കൗമാരവൃക്ഷത്തിൽ ചേക്കേറവേ.
പ്രണയം പറഞ്ഞന്നു വന്നൊരു തെന്നലിൽ
വാകയും നാണത്തിൽ പൂപൊഴിച്ചു.
ചിതറിവീഴുന്നൊരാ ഗുൽമോഹർ കണ്ടന്ന്
ഇടനാഴിയുമേറെ അരുണാഭമായ്.
ജാതിയും ചിന്തയും കലഹിച്ചൊടുക്കത്തിൽ
കൗമാരവൃക്ഷത്തിൻ വേരറ്റുപോയ്.

വാടിക്കരിഞ്ഞൊരാ വൃക്ഷത്തിൽ വെയിലേറ്റ്
ഏറും വ്യഥയാലെ അവളിരുന്നൂ.
തളരുന്ന പക്ഷിക്ക് തണലായിയന്നൊരാ
പൊന്നിലയൊന്നന്ന് തളിരണിഞ്ഞു.
രാവുകൾ വെയിലുകൾ മാറിമറിഞ്ഞപ്പോൾ
പൊന്നില പതിയെ തണലഴിച്ചൂ.
കുഞ്ഞുകിളികളെ പോറ്റുവാൻ ക്ഷമയോടെ
ജീവിതയാത്ര തുടർന്നീടവേ.

അലഞ്ഞുപറന്നവൾ ഇടമൊന്നൊരുക്കുവാൻ
തൂവൽ കിളിർക്കാത്ത കുഞ്ഞിനായീ.
ഏറെ മുഷിയവേ ഇരുളിലൊരു പ്രഭയായി
തലയെടുപ്പോടതാ യൗവ്വനവൃക്ഷവും.
ഏറ്റം പ്രയത്നത്താൽ നാളുകൾ കൊണ്ടന്ന്
ചെറുതെങ്കിലും നല്ലൊരു കൂടുകെട്ടി.
കൂട്ടിലാ അമ്മയും കുഞ്ഞിക്കിളികളും
സന്തോഷമോടെ കഴിഞ്ഞീടവേ.
അമ്മതൻ കൊക്കിലെ പങ്കിനാൽ പറവകൾ
ചിറകിനു ശക്തിയും ആർജിച്ച നാൾ.

വാർദ്ധക്യ ചില്ലകൾ കൂടിനഭംഗിയായ്
പുത്തൻ ശിഖരങ്ങൾ തേടീടവേ.
ചിറകു തളർന്നുള്ള അവശയാമമ്മയെ
തനിച്ചാക്കി മക്കൾ പറന്നകന്നു.
ചലിക്കാൻ മടിക്കുന്ന ചിറകിനാൽ പശിയോടെ
മരണത്തെ കാത്ത് തകർന്നിരുന്നു.
ഏകാകിയായെന്ന ചിന്തയാൽ മിഴികളിൽ
പേമാരി നിർത്താതെ പെയ്തിടുമ്പോൾ.
അടയിരുന്നായിരം മുട്ടകൾ വിരിയിച്ച്
സ്വന്തമെന്നോതുവാൻ ആരുമില്ലാതെയായ്!

By ivayana