രചന : സണ്ണി കല്ലൂർ ✍

ദാമു……മുപ്പത് മുപ്പത്തഞ്ച് വയസ്സ് പ്രായം ഉണ്ടാകുമായിരിക്കും, ജനിച്ച തീയതി ഓർമ്മയില്ല.
അച്ഛനുണ്ടായിരുന്നപ്പോൾ ഭിത്തിയിൽ തൂക്കിയ കലണ്ടറിൽ അടയാളപ്പെടുത്തിയ ജനനതീയതി, ശരിയാണോ എന്ന് അറിയില്ല, എന്തെങ്കിലും ആവശ്യം വരുമ്പോൾ ആ തീയതിയാണ് അയാൾ പറയാറുള്ളത്.
പഴയ ഓടിട്ട വീട്. തട്ടിൻ പുറം ഉണ്ട്, മുറികളും, അയാൾക്കിഷ്ടം മുൻവശത്തെ വരാന്തയും കിടപ്പുമുറിയും , വല്ലപ്പോഴും അടുക്കളയിൽ പോകും , മറ്റു മുറികളിലേക്ക് അയാൾ പോകാറില്ല. ഒറ്റക്കാണ് താമസം.

മുറ്റത്ത് പടർന്ന് പന്തലിച്ച ഇരുണ്ട ഇലകളുള്ള ഇലഞ്ഞിമരം. സൂര്യനുദിച്ച് പത്തുമണി പൊക്കമായാൽ പിന്നെ ഉച്ചതിരിയുന്നതു വരെ മുറ്റത്ത് നല്ല തണലാണ്.
അയാൾക്ക് തിരക്കില്ല, ഒരുപാട് സമയം ! അസുഖം വന്നതായി അയാൾ ഓർക്കുന്നില്ല. ഇന്നലെ നടന്ന കാര്യങ്ങൾ പോലും അയാൾ മനസ്സിൽ വയ്ക്കാറില്ല. എന്തിനു വേണ്ടി ആർക്കുവേണ്ടി…..!.

അമ്മയെ കണ്ടിട്ടില്ല. അച്ഛൻ എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാലും, കൂടുതൽ സംസാരിക്കാറില്ല. പിണങ്ങാറുമില്ല. പറമ്പിലെ പണിക്ക് അച്ഛനെ സഹായിക്കും.
ഓരോന്നും പറഞ്ഞുതരും തെറ്റു പറ്റിയാലും വഴക്കു പറയില്ല. തന്നെത്താൻ മനസ്സിലാക്കട്ടെ എന്നാണ് അച്ഛൻെറ നിലപാട്.
സ്ക്കൂളിൽ പോയിരുന്ന കാലം, കുറെയൊക്കെ പഠിച്ചു. കാർത്തുവിനെ മാത്രം ഓർക്കുന്നുണ്ട്, അവൾ എപ്പോഴും തന്നെ ശല്യം ചെയ്യുമായിരുന്നു.
എൻെറ തൊട്ടു പിറകിലെ ബഞ്ചിൽ കൂട്ടുകാരോടൊത്താണ് അവൾ ഇരിക്കുന്നത്.
അവൾ ഇടക്ക് തൻെറ തലക്കിട്ട് തോണ്ടും എന്നിട്ട് ഒന്നും അറിയാത്ത പോലെ കൂട്ടുകാരുമായി സംസാരിച്ചിരിക്കും. ഒരിക്കൽ ടീച്ചർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം പറയാൻ കഴിയാതെ അൽപ്പം വിക്കിപ്പോയി,

അന്നു തൊട്ട് അവൾ എല്ലാവരും കേൾക്കെ വിക്കൻ ദാമു എന്ന് ഉറക്കെ വിളിക്കും, തനിക്ക് ദേഷ്യം വരാറില്ല. അവളെ നോക്കുകയുമില്ല. പെണ്ണുങ്ങളെ ഇഷ്ടമില്ല.
നല്ല വെയിലുള്ള ദിവസം , ടീച്ചർ എല്ലാവരേയും പുറത്തേക്ക് കൊണ്ടു പോയി,
മാവിൻ തണലിലായിരുന്നു ക്ലാസ്സ്, ഞങ്ങൾ ചുറ്റിനും ഇരുന്നു. കാർത്ത്യായനി എൻെറ പിറകിൽ തന്നെ വന്നിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ എല്ലാവരും എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു, ഞാൻ എഴുന്നേൽക്കുമ്പോൾ അവൾ ഞാനറിയാതെ പച്ചമണ്ണ് വാരി എൻെറ പിന്നിൽ നിക്കറിനുള്ളിൽ ഇട്ടു,
എന്നിട്ട് ഒന്നും അറിയാത്ത പോലെ പുസ്തകം മറിച്ചു നോക്കുന്നു.
എനിക്ക് അവളോട് സംസാരിക്കാൻ ഒട്ടും ഇഷ്ടമില്ല.
പിന്നെ എന്തിനാണാവോ എന്നെ എപ്പോഴും ഉപദ്രവിക്കുന്നത്..?
ഒരു ദിവസം രാവിലെ അച്ഛനെ കണ്ടില്ല.!
പതിവു പോലെ സ്കൂളിൽ പോയി.

വൈകീട്ട് വന്നപ്പോഴും പറമ്പിൽ അച്ഛനില്ല. സന്ധ്യയായപ്പോൾ ഉറങ്ങിപ്പോയി. ഭക്ഷണം കഴിച്ചില്ല. പിറ്റെ ദിവസം രാവിലെ നല്ല വിശപ്പ്, പനി പോലെ തോന്നി, ക്ലാസ്സിൽ പോയില്ല.
അച്ഛൻെറ എല്ലാ സാധനങ്ങളും ഇവിടെ തന്നെയുണ്ട്..!.പിന്നെ, എവിടെ, എന്തിന് പോയി ?

ആദ്യം വിഷമം തോന്നി.എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
സാവധാനം ഭക്ഷണം ഉണ്ടാക്കാൻ ശ്രമിച്ചു.
രാത്രിയിൽ പേടി തോന്നി. പിന്നെ പിന്നെ എല്ലാം ശീലമായി….!
എന്നെങ്കിലും ഒരിക്കൽ അച്ഛൻ വരുമായിരിക്കും.!
ഒരേക്കറോളം സ്ഥലം, അതിൽ നിന്ന് കിട്ടുന്ന തേങ്ങ, അച്ഛൻ നട്ടു പിടിപ്പിച്ച മരങ്ങൾ പളിയും കുരുമുളകും ജാതിക്കയുമെല്ലാം,
അച്ചൻെറ കൂടെ നടന്ന് കുറച്ച് പരിചയം ഉണ്ട്. വാഴ കുല വെട്ടി കണ്ണ് വേർതിരിച്ച് കുഴികുത്തി പച്ചില വളമെല്ലാം ഒരുക്കി നടാൻ അയാൾക്കറിയാം.
ഇടക്ക് കച്ചവടക്കാർ ആരെങ്കിലും ആ വഴി വരും, അച്ഛനു പരിചയമുള്ള കടയിൽ പോയി ആവശ്യമുള്ളതെല്ലാം വാങ്ങിക്കും. തേങ്ങാക്കാരൻ പൈസ തരും, കുടുതലൊന്നും അയാൾക്കറിയില്ല.

കൃത്യനിഷ്ഠ ഒന്നും ഇല്ല, ചിലപ്പോൾ പറമ്പിൽ പണിയെടുക്കണമെന്നു തോന്നും, അച്ഛൻെറ തൂമ്പ എടുത്ത് തെങ്ങിനു ചുറ്റും കൊത്തി കിളക്കും,
പഴുത്തു നിലത്തു വീണു കിടക്കുന്ന അടക്ക പെറുക്കി കൂട്ടി വയ്ക്കും, എവിടെ നിന്നോ ചാക്കുമായി വരുന്ന ഒരു മനുഷ്യൻ, അടക്കാ പാകമാവുമ്പോഴേക്കും വരും എല്ലാം പറിച്ചോട്ടെ എന്ന് അനുവാദം ചോദിക്കും,
താൻ മൂളും, പിന്നെ മരത്തിൽ കയറ്റം, അവസാനം എല്ലാം ചാക്കിലാക്കി , മടിയിൽ നിന്നും ഒരു കടലാസു പൊതി എടുത്തു തുറന്ന് അയാൾക്ക് പൈസ കൊടുക്കും, അതു വാങ്ങി അച്ഛൻെറ പെട്ടിയിൽ കൊണ്ടു പോയി വയ്ക്കും.

ഒരിക്കൽ അയാൾ കിളയ്ക്കുമ്പോൾ അടയ്ക്കാമരകൂട്ടത്തിനരികിൽ ചുവന്ന തളിരിലകളുള്ള ഒരു കുഞ്ഞു ചെടി കണ്ടു.
ഇതു വരെ കാണാത്ത ഇനം, അയാൾക്ക് കൗതുകം തോന്നി. ഒരു പൊട്ടകലത്തിൽ മണ്ണു നിറച്ച് അത് നട്ടു. വെള്ളമൊഴിച്ചു..!. …രാവിലെ എഴുന്നേറ്റാൽ പോയി നോക്കും. അത് പൂവിടാൻ അയാൾ ആഗ്രഹിച്ചു , പൂവ് എങ്ങിനെയിരിക്കും,? എന്തു നിറമായിരിക്കും ? അയാൾ ആലോചിച്ചു.

ചില ദിവസങ്ങളിൽ എവിടെ നിന്നോ വരുന്ന പെൺകുട്ടി !!
അയാളുടെ പറമ്പിൽ എന്തൊക്കൊയോ നോക്കി നടക്കുന്നതുപോലെ, പെണ്ണുങ്ങളെ അയാൾക്കിഷ്ടമില്ല, അയാൾ വീടിനകത്തേക്ക് കയറി പോകും,
രണ്ടു ദിവസം കഴിഞ്ഞു. മഴ പെയ്യുന്നത് അയാൾക്കിഷ്ടമാണ്. ഇറയത്ത് എത്ര നേരം വേണമെങ്കിലും അത് നോക്കി ഇരിക്കും, ചിലപ്പോൾ ചിരിക്കും,
വെള്ളതുള്ളികൾ വീഴുമ്പോൾ പൊടുന്നനെ വരുന്ന വലുതും ചെറുതുമായ കുമിളകൾ, പതുക്കെ പതുക്കെ ദൂരേയ്ക്ക് ഒഴുകിപ്പോകും, ചിലപ്പോൾ പെട്ടെന്ന് പൊട്ടിപ്പോകും, അയാൾ ചിരിക്കും,
ഒഴുകി പോകുന്ന ഇലകളും തെങ്ങിൻ പൂക്കളും, അടക്കാമണിയനും, ! എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ ആകാംക്ഷയോടെ നോക്കി നിൽക്കും.
ഇടി മിന്നുമ്പോൾ ആകാശത്തേക്ക് നോക്കും,
സ്വരം കേൾക്കാൻ കാതോർക്കും,

രാത്രികാലങ്ങളിൽ മേഘങ്ങൾക്കിടയിൽ മിന്നൽ കാണുമ്പോൾ അയാൾ മുറ്റത്തിറങ്ങും
ദൂരെ മലമുകളിൽ എവിടെയോ മഴ തകർത്തു പെയ്യുന്നുണ്ടാവും..!
അയാൾ തൻെറ പ്രിയപ്പെട്ട ചെടിയുടെ അടുത്തു ചെന്ന് . പൊടി പൊടി പോലെ വളർന്നു വരുന്ന പുല്ല് പറിച്ചു കളഞ്ഞു, വെള്ളമൊഴിച്ചു, കിളുന്ത് ഇലകൾക്കിടയിൽ പൊട്ട് പോലെ എന്തോ ഒന്ന്!
ചിലപ്പോൾ മൊട്ട് ആയിരിക്കും അയാൾ വിചാരിച്ചു.
എത്ര ദിവസം കാത്തിരിക്കണമോ ആവോ..?.
അയാൾ തൂമ്പ എടുത്തു, വാക്കത്തിയുടെ മാട് വശം കൊണ്ട് തലേ ദിവസത്തെ മണ്ണും ചെളിയുമെല്ലാം ചുരണ്ടി കളഞ്ഞു. ചേന നട്ടിരിക്കുന്നിടത്തേക്ക് നടന്നു, കിള തുടങ്ങി ! കടക്കൽ പച്ചിലവളം ഇട്ട് മണ്ണ് കൂട്ടണം , ഇന്ന് തെളിവാണ്.! …നാളെ മഴ പെയ്യുമായിരിക്കും…

ശ്ശെടാ, ഇവൾ എപ്പോഴെത്തി. ? .. കിഴക്കു വശത്ത് അവളെ കണ്ടു. അയാൾ അവിടെ തൂമ്പ ചാരി വച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. തൻെറ പണി മുടങ്ങിയല്ലോ…!…
വീട്ടിനകത്തു നിന്ന് ജനലിലൂടെ കിഴക്കോട്ട് നോക്കി
തലേ ദിവസം കാറ്റത്തു വീണ മരചില്ലകൾ ചെറുതായി ഒടിച്ച്, അടുത്തു നിൽക്കുന്ന ഉണങ്ങിയ വാഴപോള എടുത്ത് അവൾ കെട്ടുകയാണ്.
കത്തിക്കാനായിരിക്കും. കൈയ്യിൽ ഒരു കുട്ടയുമുണ്ട്, അയാൾ നോക്കി നിന്നു.
തെങ്ങു കയറ്റക്കാർ കയറാത്ത പൊക്കമുള്ള ചില്ലിതെങ്ങ്, അതിനടിയിൽ വീണു കിടക്കുന്ന ഉണക്ക തേങ്ങകൾ,
അവൾ അതെല്ലാം കുട്ടയിലാക്കി തലയിൽ വച്ചു, ഒരു കൈയ്യിൽ വിറക് കെട്ട് തൂക്കിപിടിച്ചു കൊണ്ട് നേരെ കിഴക്കോട്ട്.

ഭാരമുണ്ടെന്ന് തോന്നുന്നു. കെട്ട് താഴെ വച്ചു കൈ മാറി വീണ്ടും നടന്നു.
അവൾ പോയികഴിഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി, അയാൾ മുറ്റത്തേക്കിറങ്ങി വീണ്ടും കിള തുടങ്ങി.
ഒരു പാട് പണി ചെയ്യാനുണ്ട്..! …ആരെയെങ്കിലും വിളിച്ചാൽ അവർ തോന്നിയ പോലെ എന്തെങ്കിലും ചെയ്തിട്ട് പോകും, വലിയ കൂലിയും , ഇന്നു വന്നാൽ നാളെ വരില്ല, ശല്യമാണ്.

തെങ്ങ് കയറാൻ സമയമായെന്നു തോന്നുന്നു. വാഴക്ക് രണ്ട് കുറ്റിയിട്ട് കെട്ടി, ഈ പ്രാവശ്യം കായ വളരെ ചെറുതാണ്, വല്ലതും കിട്ടിയാലായി..!..
അന്ന് രാവിലെ അയാൾ എഴുന്നേറ്റു..! .. ഉറക്കം പോയില്ല, ക്ഷീണം തോന്നി, വീണ്ടും കിടന്നു. ഇന്നലെ വാവായിരുന്നു എന്നു തോന്നുന്നു.
ശാന്തമായ അന്തരീക്ഷം ഇന്ന് ഏതായാലും മഴ ഇല്ല. പണി ചെയ്തു തീർക്കണം ! തലേദിവസത്തെ ചോറ് ചൂടാക്കി കഞ്ഞിയായിട്ട് കഴിച്ചാലോ.?..
അയാൾ അടുക്കളയിലേക്ക് നടന്നു.

എന്തോ പൊട്ടുന്ന പോലെ സ്വരം കേട്ടു.
അയാൾ ജനലിലൂടെ കിഴക്കോട്ട് നോക്കി, ആളി കത്തുന്ന തീനാമ്പുകൾ, ഉയരുന്ന പുക, കൈയ്യിൽ ചൂലുമായി അവൾ ഉണക്ക ഇലകൾ അടിച്ചു കൂട്ടുകയാണ്.
പതിവില്ലാതെ രാവിലെ പണി തുടങ്ങിയിരിക്കുകയാണ്, ഇന്ന് ഇനി എങ്ങനെയാ പുറത്തിറങ്ങുന്നേ…? .. അയാൾ തിരിച്ചു പോയി കിടന്നു.

അവളോട് ഇവിടെ വരേണ്ട എന്ന് പറഞ്ഞാലോ.?…അല്ലെങ്കിൽ വേണ്ട..! എന്തെങ്കിലും ചെയ്യട്ടെ…! ….ചാരം വാരി തെങ്ങിൻെറ കടക്കൽ ഇടാമല്ലോ….!!..
അയാൾ എഴുന്നേറ്റ് വേഗം പ്രഭാതകൃത്യങ്ങൾ നടത്തി
ഭക്ഷണം കഴിച്ചു. പടിഞ്ഞാറു വശത്ത് പണി തുടങ്ങിയാൽ അവൾ കാണില്ല.
ചേമ്പിൻെറ ചുറ്റിലും വൃത്തിയാക്കി, വീണുകിടന്ന പാളകൾ വേലിയിൽ തൂക്കിയിട്ടു.
കിഴക്കു ഭാഗത്തുനിന്നും ഇപ്പോഴും പുക വരുന്നുണ്ട്, അവൾ ഇടക്കിടക്ക് തന്നെ നോക്കുന്നുണ്ടോ? അയാൾക്ക് സംശയം. വീണ്ടും പണി തുടങ്ങി.
കുറച്ചു കഴിഞ്ഞ് മുൻവശത്ത് ആരോ വിളിക്കുന്നതു പോലെ തോന്നി.! ..അയാൾ നടന്നു.
ഓ….!…അവളാണ്…!!….
വാക്കത്തി ഒന്നു വേണമല്ലോ….!..

മുൻ വശത്തെ തെങ്ങിൽ കൊത്തി വച്ചിരിക്കുന്ന വാക്കത്തി അയാൾ ചൂണ്ടി കാണിച്ചു.
അവൾ അതെടുത്തു കൊണ്ട് തിരിച്ചു നടന്നു
അയാൾ വീടനകത്തു കയറി , അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഒളിഞ്ഞ് നോക്കി.!!..
തെക്കു വശത്ത് ചാഞ്ഞു കിടന്നിരുന്ന വാഴക്കുല വെട്ടി നിലത്തുവച്ചു, എന്നിട്ട് വാഴ വെട്ടി കഷണം കഷണമാക്കി കൂട്ടിയിട്ടു.
ഒരു ചെറിയ കുലയാണ്, ആരും കൊണ്ടുപോകയില്ല. പഴുത്തു തുടങ്ങിയിട്ടുണ്ട്. അയാൾ മനസ്സിൽ വിചാരിച്ചു..!
അവൾ വാക്കത്തിയുമായി വരുന്നുണ്ട്. അയാൾ നിലത്ത് പതുങ്ങിയിരുന്നു.
ദേ..!….വാക്കത്തി ഇവിടെ വച്ചിട്ടുണ്ട്..!.പിന്നേയ്, കുളത്തിൽ ഒരോലമടൽ വീണു കിടപ്പുണ്ട്..!..എന്ന് ഉറക്കെ പറഞ്ഞു. അയാൾ അനങ്ങാതെ ഇരുന്നു.
അവൾ പോയി..! …അയാൾക്ക് സമാധാനമായി.
പിന്നാമ്പുറത്ത് പണി തുടർന്നു.

ചേമ്പിന് വളം വക്കാൻ സമയമായി..!..കുറച്ച് ചാണാൻ വേണ്ടിവരും, കഴിഞ്ഞ കൊല്ലം വാങ്ങിച്ചത്, തികയുമോ എന്നറിയില്ല.
കുളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു.!
തേങ്ങയായിരിക്കും,!! ഇപ്പോൾ അങ്ങോട്ട് പോയാൽ അവളെ കാണും ! ,..വേണ്ട പിന്നെയാകട്ടെ..!….
വീണ്ടും വെള്ളം അനങ്ങുന്ന സ്വരം.
അയാൾ വീടിനകത്തു കയറി വടക്കു വശത്തുള്ള കോലായിൽ നിന്ന് കുളത്തിലേക്ക് നോക്കി..!

അവൾ കുളത്തിൽ കഴുത്തിനു വെള്ളത്തിൽ നിൽക്കുകയാണ് കൈയ്യിൽ ഓലമടലുമായി കരയിലേക്ക് കയറാൻ ശ്രമിക്കുകയാണ്.
ഈ പെണ്ണിനെ കൊണ്ട് വലിയ പാടായല്ലോ!..
ഏതായാലും കുളത്തിൽ അധികം വെള്ളമില്ല. കയറി പൊയ്ക്കോളും.!. അയാൾ സമാധാനിച്ചു.
ഇനി അവൾക്ക് വല്ലതും പറ്റുമോ,? അയാൾക്ക് സംശയം, അയാൾ പോകാതെ അവിടെതന്നെ നോക്കി നിന്നു.
അതിനിടെ അവൾ ഓലമടലുമായി മുകളിലേക്ക് കയറി വന്നു. മുഴുവൻ നനഞ്ഞു വെള്ളമൊലിക്കുന്നു.

എല്ലാ പെണ്ണുങ്ങളും ബ്ലൗസിനടിയിൽ ബോഡീസിട്ട് വലിച്ചു മുറുക്കി കെട്ടി വയ്ക്കും. ഇവൾക്ക് ബോഡിസും , അടിവസ്ത്രങ്ങൾ ഒന്നും ഇല്ലെന്ന് തോന്നുന്നു. മാറിടവും ചന്തിയും കഷ്ടം !!
അയാൾ മരം വെട്ടുവാൻ വരുന്ന റോക്കിയെ ഓർത്തു പോയി.
നെഞ്ചത്ത് തടിച്ച മസിലുകൾ കൈകൾ അനക്കുമ്പോൾ എവിടെയെല്ലാമാണ് ഉരുണ്ടു വരുന്നത്..! ….ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ, മസിലൊന്നുമില്ല. ഒരു ബലമില്ലാത്ത ശരീരം.
അയാൾ വീണ്ടും പണി സ്ഥലത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ മുൻവശത്തെ മുറ്റത്തു നിന്നും വിളി കേട്ടു.. അവളുടെ സ്വരമാണ്.

ഇനി എന്ത് ചെയ്യും താൻ അങ്ങോട്ട് ചെന്നില്ലെങ്കിൽ അവൾ തന്നെ അന്വേഷിച്ച് വീട്ടിനകത്തേക്ക് വന്നാലോ……?.
അയാൾ മുൻവശത്തേക്ക് നടന്നു.
ഇവിടെ എവിടെയാണ് മറപ്പുര, എൻെറ വസ്ത്രം ഒന്നു പിഴിഞ്ഞു് ഉടുക്കണം…!. അയാളെ കണ്ടപ്പോൾ അവൾ ചോദിച്ചു.
അയാൾ ഇല്ല, ഇല്ല, എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു.
അവൾ ചുറ്റുപാടും നോക്കി..!. പിന്നെ തലയിൽ കെട്ടിയിരുന്ന നീണ്ട തോർത്ത് അഴിച്ചു,
മുടി കെട്ടഴിഞ്ഞ് പിന്നിലേക്ക് വീണു.

അയാൾ അകത്തു കയറി അവൾ പോയോ എന്ന് ജനലിൽ കൂടി നോക്കി.
അവളുടെ നീണ്ട നനഞ്ഞ മുടി കണ്ടു, അയ്യേ..!…നനഞ്ഞ മുടി അയാൾക്ക് ഒട്ടും ഇഷ്ടമില്ല.
മുടി അൽപ്പം വളർന്ന് ചെവിയിൽ മുട്ടിയാൽ അയാൾ ഉടനെ ബാർബർ ഷോപ്പിൽ പോയി മുടി വെട്ടിക്കും.
അവൾ തോർത്ത് തോളിൽ കൂടി മാറു മറക്കുന്ന വിധത്തിൽ ചുറ്റി നടന്നു പോവുകയാണ് കായകുലയും കൈയ്യിലുണ്ട്, നേരെ കിഴക്കോട്ട്..!..
അയാൾക്ക് സന്തോഷമായി…ഇന്ന് ഇനി അവൾ വരില്ല.
അയാൾ പണി നിർത്തി വസ്ത്രം മാറി വരാന്തയിലെത്തി..!
മഴ വരാനുള്ള ലക്ഷണമാണ്. ക്ഷീണം തോന്നി, ചാരു കസേരയിൽ കിടന്നു. അറിയാതെ ഉറങ്ങിപ്പോയി…!

ഇതിനിടക്ക് തല്ലികൊട്ടി മഴ പെയ്തു. അയാൾ അറിഞ്ഞതേ ഇല്ല.
ഉറക്കത്തിൽ അയാൾ സ്വപ്നം കണ്ടു.
വടക്കേ വരാന്തയിലിരിക്കുന്നു. അയാൾക്കിഷ്ടമുള്ള അയൽവക്കത്തെ പൂവൻ കോഴി, കഴുത്തിൽ തിളങ്ങുന്ന ചുവപ്പും നീലയും ഓറഞ്ചും നിറത്തിലുള്ള മനോഹരമായ തൂവലുകൾ,
അയാൾ അതിന് തിന്നാൻ അരി ഇട്ടു കൊടുത്തു.

പൂവൻ തല ഉയർത്തി നോക്കി എന്നിട്ട് പറയുന്നു……..നിൻെറ ഓശാരമൊന്നും എനിക്കു വേണ്ട….എനിക്ക് തന്നെത്താൻ തീറ്റ കണ്ടുപിടിക്കാൻ അറിയാം…..എന്നിട്ട് നടന്ന് നടന്ന് തെങ്ങിൻെറ തടത്തിലേക്ക് പോയി.
എന്തോ മറന്നപോലെ തിരിച്ചു വന്നു, അടുത്തു നിന്നിരുന്ന മദ്ധ്യവയസ്ക പിടക്കോഴിയുടെ മുകളിലേക്ക് കയറി………നീ എന്തുവേണമെങ്കിലും ചെയ്തിട്ടു പോടാ എന്നും പറഞ്ഞ് കോഴി കുനിഞ്ഞ് ഇരുന്നു കൊടുത്തു.
അതും കഴിഞ്ഞു പൂവൻ വിശാലമായി ഒന്ന് കൂവി, അയാൾ ചെവി പൊത്തി പിടിച്ചു. പെട്ടെന്ന് കണ്ണ് തുറന്നു പോയി….!
മുറ്റത്തു മുഴുവനും വെള്ളം..! .മഴമാറി.. അയാൾ ചിരിച്ചു.!..

പതുക്കെ മുറ്റത്തേക്കിറങ്ങി. ഇലഞ്ഞിമരത്തിൻെറ അടിയിൽ നിന്നു.
ഒരു തുള്ളി വെള്ളം അയാളുടെ നെറുകയിൽ വീണു. മുകളിലേക്ക് നോക്കി, ഇളം കാറ്റിൽ ആടിയ കൊമ്പിൽ നിന്നും പല തുള്ളികൾ മൂക്കിലും കഴുത്തിലമെല്ലാം വീണു, അയാൾ ചിരിച്ചു.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റു, കിഴക്കേ പറമ്പിൽ പോകണം, ആ പെണ്ണ് തീ കത്തിച്ചതല്ലെ. .ആ ചാരം വാരി വാഴക്കിടണം.
അയാൾ തൻെറ പ്രിയപ്പെട്ട ചെടിയുടെ അടുത്തേക്ക് നടന്നു,
ഇന്നലെ മഴ പെയ്തതാണ്, വെള്ളം വേണ്ടായിരിക്കും.
അയ്യോ ചെടി കാണാനില്ല,
ഇതെവിടെപ്പോയി.? .അയാൾ നിലത്തിരുന്നു പോയി. എഴുന്നേറ്റ് ചുറ്റും നടന്നു നോക്കി…ഇല്ല….! ഇനി ആരെങ്കിലും കട്ടു കൊണ്ട് പോകുമോ…?…

അയാൾക്ക് ആധിയായി. എത്ര വർഷമായി താൻ അതിനെ പൊന്നു പോലെ നോക്കുന്നു. അവസാനം, അയാൾക്ക് സഹിച്ചില്ല.
കുളത്തിനടുത്തേക്ക് നടന്നു. കാല് വേരിൽ തട്ടി വേദനിച്ചു. എന്തു ചെയ്യണമെന്നറിയില്ല. പരവശം പോലെ..!
കുളക്കരയിലെ ഓലമടൽ അയാൾ കണ്ടു.
അവളോട് ചോദിച്ചാലോ ? ഒരു പക്ഷേ അവൾക്കറിയാമോ….??… ചോദിക്കണം..!..
അവളുടെ പേരറിയില്ല, എവിടെയാണ് താമസിക്കുന്നതെന്നും. അയാൾ കിഴക്കോട്ട് നടന്നു.

കുറേ ചെന്നപ്പോൾ പശുവിനെ തീറ്റിക്കുന്ന ഒരു മനുഷ്യനെ കണ്ടു.
ചേട്ടാ, ഇവിടെ വിറകു പെറുക്കാൻ വരുന്ന ഇരുനിറമുള്ള പെൺകുട്ടി എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമോ..?.
ഇല്ലല്ലോ..!..ഞാൻ അറിയില്ല.
അയാൾ നടന്നു. പിന്നെ ഓട്ടമായി..!…. ..തോടിനടുത്തെത്തി…. വഴി രണ്ടായി പിരിയുകയാണ്…എങ്ങോട്ട് പോകണമെന്ന് അറിയില്ല.
അടുത്ത് ഒരു ചെറിയ വീട് കണ്ടു. മുന്നിലിരുന്ന് ഓല മിടയുന്ന പ്രായമായ സ്ത്രീ.
അയാൾ അങ്ങോട്ട് നടന്നു. അവരോട് പെൺകുട്ടിയെ പറ്റി ചോദിച്ചു
ശാമയായിരിക്കും…! ..ശ്യാമള.!!.. അവർ പറഞ്ഞു
എനിക്ക് പേരറിയില്ല, അവർ എവിടെയാണ് താമസിക്കുന്നത്..?

ആ പാടത്തിനപ്പുറത്ത് കാണുന്ന ചെറിയ കുടിലാണ്. ദാ കാണുന്ന വരമ്പത്തു കൂടി നടന്നാൽ അവിടെയെത്തും. കൈ ചൂണ്ടി കാണിച്ചു കൊണ്ട് അവർ പറഞ്ഞു
അയാൾ നടന്നു, ഒരു തോടിറങ്ങി കുടിലിന് മുൻപിലെത്തി…. മുന്നിൽ ആരോ ഇരുപ്പുണ്ട്,
വീട്ടുകാരെ…! .അയാൾ വിളിച്ചു.
ആരാ…?. എവിടെന്നാ ? തള്ള ചോദിച്ചു.
ശാമയുടെ വീടാണോ…?..
ഉം ! അവർ മൂളി. ശാമെ !! അവർ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
മുത്തശ്ശി,, ദാ വരുന്നേ……
അയാൾ അകത്തേക്ക് നോക്കി….?…
അവൾ ഇറങ്ങി വന്നു.
അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..!

മഞ്ഞ ബ്ലൗസും പാവാടയുമുടുത്ത് മുടി മുന്നിലേക്കിട്ട് ചെറു പുഞ്ചിരിയുമായി അവൾ ഇറങ്ങി വന്നു. ചന്ദനത്തിൻെറ മണം…!.
എന്താ..?
അവളുടെ ശബ്ദം കേട്ട് അയാൾ പതുക്കെ ഞെട്ടി.!
അയാൾ, അവളെ പിന്നേയും നോക്കി..!!
..മുടിയിഴകൾക്കിടയിൽ ചെത്തി പൂക്കൾ. ഒരു വശം അൽപം തടിച്ച ചുണ്ട്, മേൽ ചുണ്ടിന് മുകളിൽ മിനുസമുളള രോമങ്ങൾ. ചിരിക്കുമ്പോൾ ഒരുവശത്ത് നുണക്കുഴി…!..
അയാൾ കണ്ണെടുക്കാതെ നോക്കുന്നതു കണ്ട് അവൾ ചിരിച്ചു.
ഇവൾ തന്നെയാണോ കുളത്തിൽ വീണത്, അയാൾക്ക് സംശയം.
മോളെ എന്തേലും കുടിക്കാൻ കൊട്, ഇരിക്കാൻ പറ! മുത്തശ്ശി.

എൻെറ.!…..എൻെറ, ചെടി കണ്ടോ.?..അയാൾ ഒരു കണക്കിന് വിക്കി വിക്കി പറഞ്ഞു.
അതാണോ…!.. പുളിമരത്തിൻെറ അടുത്തുള്ള അടയ്ക്കാമരത്തിൽ ഞാൻ ഒരു തൂവാനം കെട്ടി അതിനടിയിൽ വച്ചിട്ടൊണ്ട്,
മഴ പെയ്യുമ്പോൾ വെള്ളം കിട്ടാനാ..!. അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ കൂടെ വരണോ..?
വേണ്ട ! വേണ്ട. എന്നു പറഞ്ഞു കൊണ്ട് അയാൾ വേഗം നടന്നു.
വീട്ടിലെത്തി ചെടി കണ്ടു,
സമാധാനമായി. കുറേ നേരം നോക്കി നിന്നു,

കിളുന്ത് ഇലകൾക്കിടയിൽ ഒരു ചെറിയ മൊട്ട്……. ഓ ഇനി എത്ര ദിവസം വേണമോ ആവോ, പൂ വിരിയാൻ…!.. അയാൾ അടുക്കളയിൽ ചെന്ന്, വെള്ളമെടുത്തു കുടിച്ചു.
പിന്നീട് വരാന്തയിൽ കസേരയിൽ പോയിരുന്നു.
പെണ്ണുങ്ങൾ സുന്ദരിമാരാണ്, അയാൾ മനസ്സിൽ പറഞ്ഞു.. കാർത്തിയാനിയും , ശാമ… ശ്യാമള അയാൾ ഉറക്കെ വിളിച്ചു.
അവളുടെ ചിരി, വെളുത്ത പല്ലുകൾ, നുണക്കുഴി.!.
വാഴകടക്കൽ എന്തോ കൊത്തി തിന്നുന്ന പൂവൻകോഴി, അയാൾ വേഗം പോയി അരിയെടുത്തു കൊണ്ടു വന്ന് മുറ്റത്തിട്ടു,
കോഴി വേഗം വന്ന് കൊത്തി തിന്നാൻ തുടങ്ങി,

എവിടെ നിന്നോ വന്ന ഒരു ചെറുപ്പക്കാരത്തി പിടക്കോഴി തീററ തുടങ്ങി, പൂവൻ കോഴി ബഹളമുണ്ടാക്കി,
പിട കാര്യമാക്കിയില്ല. അവന് ദ്വേഷ്യം വന്നു, പിടയെ ഓടിച്ചിട്ടു. രക്ഷയില്ലാതെ പിടക്കോഴി ശബ്ദമുണ്ടാക്കി കൊണ്ട് പറന്നു, പൂവനും…..
അവസാനം പൂവൻ പിടക്കോഴിയുടെ പുറത്തു കയറി തലക്കിട്ട് നാലഞ്ച് കൊത്തു കൊടുത്തു,
തൻെറ കൂർത്ത നഖങ്ങൾ പിടയുടെ പുറത്ത് അമർത്തി, പിട അനങ്ങാതെ ഇരുന്നു കൊടുത്തു.

പൂവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അടുത്ത പറമ്പിലേക്ക് പോയി. അയാൾ ചിരിച്ചു.
പിറ്റെ ദിവസം രാവിലെ അയാൾ ചെടിയുടെ അടുത്തു ചെന്നു. എവിടെ നിന്നോ വന്ന പുളിയുറുമ്പുകൾ ചെടിയിൽ ഇലകളിലും മൊട്ടിലും.
കഷ്ടമായല്ലോ ഇനി എന്തു ചെയ്യും.
അയാൾ അവിടെ വീണു കിടന്നിരുന്ന തണുങ്ങിൻെറ പാള മുറിച്ച് അതിൽ വെള്ളം നിറച്ച് ചെടിചട്ടി അതിൽ വച്ചു.
ഒന്നു രണ്ടു ഉറുമ്പുകൾ കൈയ്യിൽ കടിച്ചു, അയാൾ അതിനെ സർവ്വ ശക്തിയുമെടുത്ത് അടിച്ചു ശരിയാക്കി..

വെള്ളത്തിൽ വീണ ഉറുമ്പുകൾ രക്ഷപെടാനുള്ള ശ്രമം തുടങ്ങി, അയാൾ പൊട്ടിചിരിച്ചു. ഉറമ്പുകൾ പോകാൻ വേണ്ടി കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞു. ശ്യാമളയെ പിന്നെ കണ്ടില്ല.
അവളുടെ മഞ്ഞ ബ്ലൗസ്, മെലിഞ്ഞ കൈതണ്ടകൾ. ആ നോട്ടം,….. അയാൾ ഓർത്തു.
അന്നു ചെടി കണ്ടപ്പോൾ അയാൾ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു.
പൂ വിരിയുകയാണ്. ഒരിതൾ.! ..മഞ്ഞനിറം !
അയാൾക്കിഷ്ടമാണ്, ശ്യാമളയുടെ ബ്ലൗസിൻെറ നിറം
.കുറച്ചു നേരം നോക്കി നിന്നു..പിന്നെ ഇലഞ്ഞി മരത്തിനടുത്തേക്ക് നടന്നു.
ദൂരെ തെക്കു ഭാഗത്ത് ഒരു മനുഷ്യൻ, ഇങ്ങോട്ട് നോക്കി കൊണ്ട് നിൽക്കുന്നു.
ഒരു പക്ഷേ അയാൾക്ക് പൂവിൻെറ പേര് അറിയാമായിരിക്കും.
അയാൾ അദ്ദേഹത്തെ കൈകാട്ടി വിളിച്ചു.
അദ്ദേഹം അടുത്തു വന്നു..!!… നനഞ്ഞ ചന്ദനത്തിൻെറ മണം. അയാൾക്ക് ആ മണം ഇഷ്ടമാണ്.

അച്ഛൻെറ പ്രായം കാണുമായിരിക്കും. വെളുത്ത വസ്ത്രം, ആദ്യമായി കാണുകയാണ്.
എൻെറ പൂവ് വിരിയുവാൻ തുടങ്ങി, എനിക്ക് പേരറിയാൻ പാടില്ല.. ദാമു പറഞ്ഞു.
രണ്ടു പേരും ചെടിയുടെ അടുത്തേക്ക് നടന്നു.
ദാമു ചിരിച്ചു കൊണ്ട് പറഞ്ഞു. ദാ പകുതി വിരിഞ്ഞു. സ്വർണ്ണം പോലെ മഞ്ഞ നിറം.!!….
ഇത് സ്നേഹത്തിൻെറ പുഷ്പമാണ്…!!
….അപരിചിതൻ പറഞ്ഞു. ഒന്നു രണ്ടു മണിക്കൂറിനകം മുഴുവൻ വിടരും.!!.. നമുക്കു കാത്തിരിക്കാം. അയാൾ പറഞ്ഞു
ദാമു കസേര കൊണ്ടു വന്നു, ഇലഞ്ഞി മരത്തിന് കീഴെ ഇട്ട് അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു.
കുടിക്കാനെന്തെങ്കിലും ? നല്ല പഴുത്ത പഴമുണ്ട് എടുക്കട്ടെ..
ആയിക്കോട്ടെ..!!….. വെള്ളം മതിയാകും അയാൾ പറഞ്ഞു
ദാമു വെള്ളവും പഴവും കൊണ്ടു വന്ന് ആദ്ദേഹത്തിന് കൊടുത്തു.
ഇയാൾ ആരായിരിക്കും, നല്ല ഐശ്വര്യമുള്ള മുഖവും പെരുമാറ്റവും, ശ്യാമള വന്നിരുന്നെങ്കിൽ…!!!….

അദ്ദേഹം പഴം കഴിച്ചു. പിന്നെ സാവധാനം വെള്ളം കുടിച്ചു തീർത്തു.
വെയിൽ പോയി. മഴ വരാൻ പോകുകയാണോ ?.
ദാമു മുകളിലേക്ക് നോക്കി, കാർമേഘങ്ങൾ ഒന്നും ഇല്ലല്ലോ..!!.
പ്രകൃതി തണുത്ത പോലെ. !..തൻെറ പറമ്പിൽ പക്ഷികൾ വരാറില്ല. അയൽ വക്കത്തെ പൂവൻ മാത്രം…!!… എന്താണാവോ ഇങ്ങിനെ..??..
ഇപ്പോൾ പൂ വിരിഞ്ഞു കാണും.!!. അദ്ദേഹം പറഞ്ഞു.
എന്നിട്ട് എഴുന്നേറ്റു.
ദാമു നമുക്ക് പോകാൻ സമയമായി..!!!..
എങ്ങോട്ട്..???.
എൻെറ പിന്നാലെ പോന്നോളു.!
അയാൾ നടന്നു, പിറകേ ദാമുവും….!
ഞാൻ മരണ ദേവനാണ്, നിന്നെ കൊണ്ടു പോകാനാണ് വന്നത്..!
ഞാൻ ആ ചെടി എടുത്തോട്ടേ…?…
നിനക്ക് തിരിച്ചു പോകാൻ കഴിയില്ല, തിരിഞ്ഞു നോക്കാനും ! ഒരു പക്ഷേ അടുത്ത ജന്മത്തിൽ. !!

ദാമു നിശ്ശബ്ദനായി. യാത്ര തുടർന്നു . ഏതോ ശക്തി തന്നെ ആവാഹിച്ചു കൊണ്ടു പോകുന്നതു പോലെ …
ചന്ദനത്തിൻെറ മണം,
അദ്ദേഹം തിരിഞ്ഞു നോക്കാതെ മൃദുവായി പറഞ്ഞു.
ദാമു നിനക്കറിയാമോ.? ..ശ്യാമള കഴിഞ്ഞ ജന്മത്തിൽ നിൻെറ പ്രിയപ്പെട്ട ഭാര്യയായിരുന്നു..!.
അയാളുടെ ചുണ്ടുകൾ വിതുമ്പി..!. കണ്ണുനീർ ധാരയായി ഒഴുകി , അയാളുടെ പാദങ്ങൾ നനഞ്ഞു.!!

സണ്ണി കല്ലൂർ

By ivayana