രചന : അമ്പലപ്പുഴ രാജഗോപാൽ ✍

നിങ്ങൾ എനിയ്ക്കൊരു അവാർഡ് തരൂ , പകരം –
ഞാൻ നിങ്ങൾക്ക് സർക്കാർചെലവിൽ –
ഒരു സ്വീകരണം തരാം .
നിങ്ങൾ എനിയ്ക്കൊരു ഗംഭീര സ്വീകരണം തരൂ ,
പകരംഞാൻ നിങ്ങൾക്കൊരു അവാർഡ് തരാം .

നിങ്ങൾ എന്നെ വാനോളം പുകഴ്ത്തൂ , പകരം –
ഞാൻ നിങ്ങളെ മലയോളം പുകഴ്ത്താം .
നിങ്ങളെന്നെ വാത്മീകിയോട് ഉപമിക്കൂ , പകരം –
ഞാൻ നിങ്ങളെ എഴുത്തച്ഛനോടുപമിയ്ക്കാം .

നിങ്ങളെന്നെ ‘മഹാത്മാവേ’ എന്നുവിളിക്കൂ , പകരം
ഞാൻ നിങ്ങളെ ‘മഹാനായ നേതാവേ, എന്നുവിളിയ്ക്കാം .
നിങ്ങളെന്നെ നിരന്തരം പ്രശംസിക്കൂ , പകരം
ഞാൻ നിങ്ങളെ വല്ലാതെയങ്ങ് അനുമോദിയ്ക്കാ൦ .

‘കാലഹരണപ്പെട്ടവരുടെ ‘ ഗ്രന്ഥങ്ങൾ നിങ്ങൾ-
നിരന്തരം എന്റെ പേരിൽ പ്രസിദ്ധീകരിക്കൂ , പകരം –
നിങ്ങൾക്കു ഞാൻ കൈനിറയെ ‘സമ്മാനങ്ങൾ’ –
വൈതാളിക്കാരെക്കൊണ്ട് സ്പോൺസർ ചെയ്യിയ്ക്കാം .

നിങ്ങൾ എനിക്കൊരു അവാർഡ് തരൂ , പകരം –
ഞാൻ നിങ്ങളുടെപേരിൽ ആരുമറിയാതെ
നികുതിപ്പണംകൊണ്ട് വിദഗ്ധമായി –
കൈനനയാതെ ഒരവാർഡ് തരപ്പെടുത്താം .

നിങ്ങളെന്നെ നാലാളുകാൺകെ –
വിലകൂടിയ ഒരു പൊന്നാടയണിയിയ്ക്കു ,
പകരം, ഞാൻ നിങ്ങൾക്കു വിലകൊടുക്കാതെതന്നെ
ഒരു വലിയ ഹാരമണിയിക്കാം ;
കാരണം,ഖജനാവ് എന്റെ കൈവശമാണല്ലോ .

നിങ്ങൾ മറ്റുള്ളവർക്കുമുന്നിൽ എന്റെ മുഖശ്രീ –
അതുല്യമെന്നു പറയൂ , പകരം ഞാൻ –
നിങ്ങളെ മുഖസ്തുതികൊണ്ട് വല്ലാതെ പൊതിയാം.
നാണം കെട്ടാലും , നാട് മുടിഞ്ഞാലും , പകരം –
പണം നാണക്കേട് മാറ്റുമെന്നല്ലോ നമ്മുടെ പ്രമാണം ?!

നമ്മുടെ ഈ “പകരത്തിനു പകരം” , കണ്ടുകൈയ്യടിച്ച് –
ജനം ആർത്തുചിരിച്ചുചിരിച്ച് മതിമറക്കട്ടെ ! ; പകരം –
നമുക്ക് അതുകണ്ട് ഓർത്തുചിരിച്ചുചിരിച്ച് –
അടുത്ത സുഖവാസകേന്ദ്രത്തിലേക്കു പോകാം !

അമ്പലപ്പുഴ രാജഗോപാൽ

By ivayana