രചന : മോഹൻദാസ് എവർഷൈൻ ✍
ഒത്തിരിനേരമായി ഞാൻ മുട്ടിവിളിക്കുന്നു
ഉറക്കത്തിലല്ല നിങ്ങളുറക്കം നടിക്കുന്നവർ
സ്വാർത്ഥമോഹത്തിന്റ ഭാണ്ഡം ചുമക്കുന്നു
മിഴിനീർവറ്റിമനം മരുഭൂവാക്കിയ ജന്മങ്ങൾ.
ഇര തിന്ന തീയുടെ കനൽ ബാക്കിയിലിന്ന്
കാലുകൾ പൊള്ളി മിഴികൾ നീറ്റുന്നു നമ്മൾ
കരളിലൊരു കടൽത്തിരയടങ്ങാതെയും
കരയിലൊരു തണലൊട്ടു കനിയാതെയും
സഹതാപചൂണ്ടയിൽ കോർക്കുവാനായി
ഇരയുടെ പിന്നാമ്പുറങ്ങളിൽ പതിയിരിക്കും
ചെന്നായ്ക്കൂട്ടങ്ങൾ അന്തിക്ക് കള്ള്പോൽ
നുരയുന്നു പതയുന്നു ലഹരികൾ പുലമ്പുന്നു.
ഇരകൾക്ക് മതജാതിമതിലുകളൊന്നുമില്ല
സിരകളിൽ ക്ഷതമേറ്റഭിമാനം പിടയുന്നുണ്ട്
ചിതറിയ സ്വപ്‌നങ്ങളുള്ളിൽ തേങ്ങുന്നുണ്ട്,
ചോരയൂറ്റുവാൻ കൊതുകുകൾ പാറുന്നുണ്ട്.
ഇരകൾ പെരുകുന്നെണ്ണമില്ലാതെയെങ്കിലും
വിസ്മരിച്ചീടുന്നു ദിനരാത്രം കൊഴിഞ്ഞീടവെ,
തിരശീലതാഴ്ത്തുവാൻ പാശംതിരയുമിരയെ
വെയിലത്ത് നിർത്തി നാം വേവിച്ചെടുക്കുന്നു.
ഇനിയുണരുന്ന നേരത്തറിയാതെയെങ്കിലും
കല്ലെറിയുവാൻ തോന്നുകിലൊന്നോർക്കുക
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയുക
കരളിലെ ചെളിയിൽ പാദങ്ങൾ പുതയാതെ.