മൻസൂർ നൈന✍

കൊച്ചി കൊച്ചങ്ങാടിയിലെ കാഴ്ചകൾക്കായി കാമറയുമായി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം . കൊച്ചിയിലെ വളരെ തിരക്കേറിയ ഒരു തെരുവ് , കച്ചവട സ്ഥാപനങ്ങളാലും കമ്പിനികളാലും സജീവമായ വീഥി , ചരക്കുകളുമായി എത്തിയ ലോറികളുടെ നീണ്ട നിര തന്നെ കാണാം , രാവിലെയും വൈകിട്ടും നൂറ് കണക്കിന് തൊഴിലാളികൾ നടന്ന് നീങ്ങുന്നത് കാണാം , രാജകീയമായ പ്രൗഡിയിൽ തല ഉയർത്തി നിന്നിരുന്ന തറവാടുകളും ഇവിടെ കാണാം . ‘ കോച്ചൊമാർ ‘ എന്ന് വിളിക്കപ്പെടുന്ന ജൂതന്മാരുടെ അങ്ങാടി പിന്നീട് ‘ കൊച്ചങ്ങാടിയായി ‘ എന്നത് ചരിത്രം പറയുന്നു .

ശീതികരിക്കപ്പെട്ട മത്സ്യം ( Frozen Fish ) ഇന്ത്യയിൽ നിന്ന് ആദ്യമായി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത് കൊച്ചിയിലെ കൊച്ചങ്ങാടിയിൽ നിന്നാണ് . മാധവൻ നായരുടെ ‘കൊച്ചിൻ കമ്പിനി ‘ യാണ് ആദ്യമായി ഈ സംരംഭം ഇന്ത്യയിൽ തുടങ്ങി വെച്ചത് . നിരവധി കമ്പിനികൾ കൊച്ചങ്ങാടിയെ ചലിപ്പിച്ചിരുന്നു . ഫുഡ് കോർപ്പറേഷന്റെ ‘ കല്ല് ഗോഡൗണും ( ഈ സ്ഥലം നൈനാ കുടുംബത്തിന്റെതായിരുന്നു ) , മത്സ്യ സംഭരണശാലയായ ‘മത്സ്യഫെഡും ‘ ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നു . എം.പി.യായിരുന്ന സാലെ മുഹമ്മദ് ഇബ്രാഹിം സേട്ടിന്റെ IMA (Indo Marine Agencies ) , ടോയൊസീഫുഡ്സ് , ആബാദ് ഗ്രൂപ്പ് , ചെമ്മീൻസ് , KEK (K E Keshavan ) , Hazrath Seafoods , Beena Seafoods , അടയ്ക്കാ കച്ചവടക്കാരുടെ സംയുക്ത സംരംഭമായ Camco (ഈ കെട്ടിടമിപ്പോൾ അൻസാർ മസ്ജിദാണ് , ഇതും നൈനാമാരുടെ തറവാടുകളിൽ ഒന്നായിരുന്നു ) അങ്ങിനെ നിരവധി. കൂട്ടത്തിൽ എന്റെ പിതാവ് ഷാഫി നൈനയുടെ ചെമ്മീൻ പരിപ്പിന്റെ (Dried Shrimps) കയറ്റുമതി സ്ഥാപനമായ Tropical Traders ഉം .

കൊച്ചങ്ങാടിയുടെ തെരുവുകൾ ഇന്നും എനിക്ക് ഗൃഹാതുരത്വം ഉണർത്തുന്നതാണ് .
ചെമ്പിന്റെ തിളക്കമുള്ള കൊച്ചിയിലെ ചെമ്പിട്ട പള്ളി……..
നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യം കൊണ്ടും പൗരാണിക ശില്പ മാതൃക കൊണ്ടും കേരളത്തിലെ ഏറ്റവും പ്രശസ്തമായ പള്ളികളിൽ ഒന്നാണ് കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളി . ഇതിന്റെ മേൽക്കൂര ഓട് മാതൃകയിൽ ചെമ്പ് തകിടിനാൽ മേഞ്ഞതാണ് . ഈ പളളിഇപ്പോൾ പുരാവസ്തു വകുപ്പ് ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മതങ്ങൾക്കപ്പുറം മാനവ സ്നേഹത്തിന്റെ ബാങ്കോലി മുഴങ്ങുന്ന ചെമ്പിട്ടപ്പള്ളി ……………..

കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരുമായി ഉണ്ടായ യുദ്ധത്തിൽ പട നയിച്ച് കൊച്ചിയിലെത്തിയവരാണ് കുഞ്ഞാലി നൈനയും മൂന്ന് സഹോദരന്മാരും .
യുദ്ധം കഴിഞ്ഞ ശേഷം തിരികെ പോകാനൊരുങ്ങിയ കുഞ്ഞാലി നൈനയോടും സഹോദരന്മാരോടും കൊച്ചിയിൽ തന്നെ തങ്ങാൻ കൊച്ചി രാജാവ് അഭ്യർത്ഥിച്ചു , എന്നാൽ ഇവിടെ തങ്ങൾക്ക് ആരാധനകൾ നിർവ്വഹിക്കാൻ തൊട്ടടുത്തായി പള്ളികളില്ലെന്നും അതിനാൽ തങ്ങൾക്ക് തിരികെ പോയേ പറ്റൂ എന്നും പറഞ്ഞപ്പോൾ ഇവരോടുള്ള സ്നേഹത്താൽ ഹിന്ദു മത വിശ്വാസിയായ രാജാവ നൽകിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഇന്നത്തെ ചെമ്പിട്ട പള്ളിയെന്നത് ചരിത്രം പറയുന്നു .

ഇത് പ്രശസ്ത സഞ്ചാര സാഹിത്യകാരനും , ചരിത്രകാരനുമായ എസ്.കെ പൊറ്റക്കാട് , പി.പി ഉമർകോയ , കെ. എ കൊടുങ്ങല്ലൂർ , എൻ. പി മുഹമ്മദ് എന്നിവർ ചേർന്ന് തയ്യാറാക്കിയ കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ ‘മുഹമ്മദ് അബ്ദുറഹ്മാൻ ‘ എന്ന ഗ്രന്ഥത്തിൽ സ്പഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു .

കൊച്ചി രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് നൈനാമാർ , കൊച്ചി രാജ്യത്ത് പുതിയ രാജാവിനെ വാഴിക്കുമ്പോൾ അരിയിട്ട് വാഴിക്കുന്ന ആ ചടങ്ങിൽ മുസ്ലിം സമുദായത്തിലെ നൈനാമാർ പ്രത്യേക ക്ഷണിതാക്കളുമായിരുന്നു . പുതിയ രാജാവിനെ വാഴിക്കുന്ന ചടങ്ങിൽ മുസ്ലിം സമുദായത്തിലെ നൈനാമാർ മംഗള പത്രം നൽകും ( മംഗള പത്രത്തിന്റെ പകർപ്പ് ഇന്നും ചിലർ സൂക്ഷിച്ചിരിക്കുന്നു ).
കൊച്ചി രാജാക്കന്മാരും നൈനാമാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 1914 – 1919 കാലത്ത് കൊച്ചിയുടെ ദിവാനായിരുന്ന JW Bhore തന്റെ Record of Administration Cochin State -ൽ വ്യക്തമായി രേഖപ്പെടുത്തുന്നു .

നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന അറേബ്യൻ /പേർഷ്യൻ വാസ്തുശില്പ രീതിയിലുള്ള നിർമ്മാണങ്ങളാണ് പള്ളിയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്നത് എന്നതിനാൽ അറേബ്യയിൽ നിന്നെത്തിയവരാണ്
നൈനാമാർ എന്നതിന് ചരിത്രപരമായ ചില അടയാളങ്ങളായി ഇത് മാറുന്നു . ഇറാഖിലെ ‘ നീനവ ‘ പ്രദേശത്ത് നിന്ന് കച്ചവടത്തിനായി ഇന്ത്യയിലെത്തി തമിഴ് നാട്ടിലെ കായൽ പട്ടണത്ത് താമസമുറപ്പിക്കുകയും പിന്നീട് അവിടെ നിന്നും കേരളത്തിലെത്തിയവരാണ് നൈനാമാർ എന്നാണ് പഴയ തലമുറയിൽ നിന്നുള്ള കേട്ടുകേൾവി .

എന്നാൽ ഇന്ന് ചരിത്രത്തിലൂടെ തെളിയുന്നുനൈനാമാർ അറേബ്യയിൽ നിന്നും കായൽപ്പട്ടണത്തേക്കും പിന്നെ അവിടെ നിന്നും കച്ചവടാവശ്യാർത്ഥം കൊച്ചിയിലെത്തിയവരാണെന്നും . നിർമ്മാണം കൊണ്ടും കാല പഴക്കം കൊണ്ടും ചരിത്രത്തിൽ ഇടം നേടിയ ചെമ്പിട്ട പള്ളിയുടെ പ്രശസ്തി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമാണ് . . പക്ഷെ ഈ പള്ളിയുടെ കാലഗണന നിശ്ചയിക്കാൻ തക്ക തെളിവുകൾ ഇതുവരെ ലഭ്യമല്ല .

ഈ പള്ളിയിലെ വുളു(അംഗസ്നാനം) ചെയ്യുന്ന സ്ഥലം (ഹൗള് ) കരിങ്കല്ല് കൊണ്ട് നിർമ്മിച്ചിട്ടുള്ളതിനാൽ ഏത് ചൂട് കാലത്തും ഇതിലെ വെള്ളത്തിന് നല്ല തണുപ്പായിരിക്കും .വർഷങ്ങൾക്ക് മുൻപ് വലിയൊരു പണ്ഡിതൻ ഇവിടെയുണ്ടായിരുന്നു നൈനയായിരുന്ന അദ്ധേഹത്തെ
നൈനാമാർക്കിടയിൽ ‘ഖത്തീബ് മാമ ‘ എന്ന് വിളിച്ചിരുന്നു ‘അജജീന ‘ എന്ന ഖത്തീബ് മാമ തേജ്വസിയായ പണ്ഡിതനായിരുന്നു . ഇവിടെ വർഷങ്ങളോളം എന്നാൽ ഏകദേശം അരനൂറ്റാണ്ടിലേറെ ചെമ്പിട്ട പള്ളിയിൽ ആരാധനകൾക്ക് നേതൃത്വം നൽകിയിരുന്ന (ഖത്തീബ്) വ്യക്തിയാണ് അബ്ദുർ റഹ്മാൻ മുസ്ലിയാർ പൊതു സമ്മതനായ നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ധേഹം .

ഈ പള്ളിയുടെ സമീപത്താണ് ആണ്ടാർ കുളം എന്ന ‘ആണ്ടാങ്കുളം ‘ എന്റെ ചറുപ്പത്തിലെ ഞങ്ങൾ കേട്ട് വളർന്ന കഥകളിലൊന്ന് ഈ കുളത്തെ കുറിച്ചുള്ള കെട്ട് കഥകളിലൊന്നാണ് , ഈ കുളത്തിൽ ഒരു കപ്പലുണ്ടെന്നും ആ കപ്പലിൽ ഒരു സുന്ദരിയായ സ്ത്രീയുണ്ടെന്നും .
ഒരിക്കൽ കുളം വറ്റിക്കുന്ന സന്ദർഭത്തിൽ കപ്പലും കപ്പലിലെ സുന്ദരിയെയും കാണാൻ ഞങ്ങൾ കുട്ടികൾ ആകാംഷയോടെ ചുറ്റും കൂടി നിന്നിരുന്നു .
‘ ചന്ദന പള്ളി , മമ്മുസർക്ക പള്ളി , മൊയ്തീൻ പള്ളി പിന്നെ സൈനുദ്ധീൻ മഖ്ദൂം പള്ളിയും

ഈ പള്ളികളെല്ലാം മുസ്ലിം സമുദായത്തിലെ നൈനമാരുടെ ഭരണത്തിൻ കീഴിലായിരുന്നു , ചന്ദന പള്ളിക്ക് ഏകദേശം 2 നൂറ്റാണ്ടിനടുക്കെ പ്രായം വരും ഇവിടെ വർഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് അബു മുസ്ലിയാർ . ഈ പള്ളിക്കും സുന്ദരമായ ഒരു കുളമുണ്ട് ‘ ‘ചന്ദന പളളി കുളം’ .
മൊയ്തീൻ പള്ളിയും , മമ്മു സർക്ക പളളിയും ഏകദേശം ഈ പഴക്കം തന്നെ വരും . മമ്മു സർക്ക പള്ളി നൈനാമാരിൽപ്പെട്ട ‘ ‘മമ്മു സർക്ക ‘ എന്ന വ്യക്തി 1834 -ൽ സ്ഥാപിച്ചതാണ് ഇദ്ധേഹത്തിന്റെ പേര് ‘ മമ്മു സുർക്ക ‘ എന്നും ‘ മമ്മു സർക്ക ‘ എന്നാണെന്നും രണ്ട് അഭിപ്രായമുണ്ട് . ഈ പള്ളിയുടെതും വിശാലമായ ഒരു കുളമാണ് .
മൊയ്തീൻ പള്ളി ‘ ബാവോ നൈന ‘ എന്നയാൾ കൈക്കാരനായിരുന്ന കാലത്ത് ചെമ്പിട്ട പള്ളിയുടെ ഭരണത്തിൻ കീഴിലാക്കി ഈ പള്ളിക്കും ഏകദേശം 2 നുറ്റാണ്ടോളം പ്രായം കണക്കാക്കാം .


ചരിത്ര പുരുഷൻ ‘സൈനുദ്ധീൻ മഖ്ദൂം ‘ ഒന്നാമൻ ജനിച്ച കൊച്ചിയിലെ കൊച്ചങ്ങാടി
അറബ് വംജരായ സൈനുദ്ധീൻ മഖ്ദൂമിന്റെ കുടുംബം തമിഴ് നാട്ടിലെ കായൽ പട്ടണത്തിന് സമീപം ‘മഅബര് ‘ ദേശത്ത് താമസമാക്കുകയും പിന്നീട് കൊച്ചിയിൽ എത്തി ചേരുകയുമായിരുന്നു അതിനാൽ ഇവരെ ‘മഅബരികൾ ‘ എന്നും വിശേഷിപ്പിച്ചിരുന്നു ഇങ്ങനെ എത്തിയവരാണ് നൈനാമാരെന്ന് നേരത്തെ പറഞ്ഞുവല്ലൊ . സൈനുദ്ധീൻ മഖ്ദൂമും നൈനമാരും തമ്മിലുള്ള ബന്ധം കൂടുതൽ പഠന വിധേയമാക്കേണ്ടിയിരിക്കുന്നു . ഏതായാലും കൊച്ചുണ്ടാടിയിലെ ‘സൈനുദ്ധീൻ മഖ്ദൂമിന്റെ ‘ ഈ പള്ളിയുടെ ഭരണ ചുമതല നൈനാമാരിലായിരുന്നു .

ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മത നേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത വ്യക്തിയാണ് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി. കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച് പൊന്നാനിയിൽ വെച്ചാണ് ഇദ്ധേഹം മരണപ്പെട്ടുന്നത് . ‘സൈനുദ്ധീന്റെ മഖദൂമിന്റെ ‘ ഈ പളളി 16 ആം നൂറ്റാണ്ടിലാണ് പണി കഴിപ്പിച്ചതെന്ന് ചരിത്രം .

‘ സ്വതന്ത്ര്യ സമര സേനാനികളാൽ ധന്യമായ കൊച്ചങ്ങാടി ………. ‘
പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടിയുടെ പിതാവ് സൈനുദ്ധീൻ നൈന ഇന്ത്യയുടെ മോചനത്തിനായി വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ വീര പോരാളിയായിരുന്നു .
സൈനുദ്ധീൻ നൈനയ്ക്ക് കാര്യമായ തോതിൽ ഔപചാരിക വിദ്യഭ്യാസം ലഭിച്ചിട്ടില്ല അത് ഒരു പോരായ്മയാണെന്ന് തിരിച്ചറിവുണ്ടായതിനെ തുടർന്ന് അദ്ധേഹം നാലഞ്ച് ഭാഷകൾ നന്നായി വശമാക്കിയിരുന്നു . ചായക്കടയും പ്രസ്സും നടത്തിയിട്ടുണ്ട് .


വിവാഹം കഴിഞ്ഞ് ആറാം നാൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിച്ച ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ഇദ്ധേഹം അറസ്റ്റ് വരിക്കുകയും ചെയ്തു .
ഇ. മൊയ്തു മൗലവി പറയുന്നു നമ്മുടെ നാട് ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരാളാണ് സൈനുദ്ധീൻ നൈന കാരണം പുതിയൊരു ദാമ്പത്യ ബന്ധത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവാവും കാണിക്കാൻ തയ്യാറാകാതിരുന്ന തന്റേടമാണ് സൈനുദ്ധീൻ നൈന പ്രകടിപ്പിച്ചത് ( 15/08/ 1987 വാരാദ്യ മാധ്യമത്തിൽ വന്ന ഇ. മൊയ്തു മൗലവിയുടെ ലേഖനത്തിൽ നിന്ന് ) . പി . കേശവദേവും , വൈക്കം മുഹമ്മദ് ബഷീറും സൈനുദ്ധീൻ നൈനയുടെ ഉറ്റ മിത്രങ്ങളായിരുന്നു .

വൈക്കം മുഹമ്മദ് ബഷീറിന്റെ പത്രാധിപത്യത്തിൽ സൈനുദ്ധീൻ നൈന ‘ഉജജീവനം ‘ എന്ന മാസിക ആരംഭിച്ചു , സായുധ വിപ്ലവത്തിനുള്ള ലേഖനം എഴുതിയതിനെ തുടർന്ന് ബഷീർ പോലീസിന്റെ നോട്ടപ്പുള്ളിയായി എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ ബഷീറിനെ ഉപദേശിച്ച നൈന വണ്ടി ചിലവിന് കൊടുക്കാൻ പണമില്ലാഞ്ഞതിനെ തുടർന്ന് സൈനുദ്ധീൻ നൈന തന്റെ വാച്ചഴിച്ച് ബഷീറിന് നൽകി ആ വാച്ച് വിറ്റ് കിട്ടിയ പണം കൊണ്ടാണ് പിന്നീടുള്ള ബേപ്പൂർ സുൽത്താന്റെ അഖിലേന്ത്യാ പര്യാടനം നടന്നത് . 1952 – ൽ സൈനുദ്ധീൻ നൈനയുടെ വിയോഗത്തിന് മുൻപ് വരെ അദ്ധേഹം നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു .

‘അഞ്ചുമൻ എ ഇസ്ലാം ‘ എന്ന സംഘടനയിലൂടെ മുസ്ലിംകളെ വിദ്യഭ്യാസപരമായും സാംസ്കാരികമായും പുരോഗതിയിലേക്ക് എത്തിക്കാൻ അദ്ധേഹം പരിശ്രമിച്ചു .
കൊച്ചങ്ങാടിയിലെ മറ്റൊരു സ്വതന്ത്ര സമര സേനാനി ബഷീർ നൈനയാണ് നല്ല നിറം കൊണ്ടുംആകാര സൗഷ്ടവം കൊണ്ടും തലയെടുപ്പുള്ള വ്യക്തി ആരെയും കൂസാത്ത പ്രകൃതി അതായിരുന്നു ബഷീർ നൈന .

മുസ്ലിംകൾ മുടി വളർത്തുന്നതിനെ നിഷിദ്ധമായി ( ഹറാമായി ) കണ്ട കാലത്ത് മുടി വളർത്തുന്നതിനെതിരെ ഒരു മുസ്ലിയാർ
‘വഅള് ‘ (മതപ്രഭാഷണം ) നടത്തി കൊണ്ടിരിക്കെ സ്റ്റേജിലേക്ക് കയറി ചെന്ന് അതിനെ ചോദ്യം ചെയ്ത വ്യക്തിയാണ് ബഷീർ നൈന .
‘ കൊട്ടാരം സമാനമായ നൈനമാരുടെ തറവാടുകളാൽ ചുറ്റപ്പെട്ടിരുന്ന കൊച്ചങ്ങാടി ‘
തെക്കെ വീട് , വടക്കേ വീട് , വേലിക്കകത്തെ വീട് , തളത്തിലെ വീട് , പുതിയ വീട് , ചോലക്കാ വീട് , അപ്പുറത്തെ വീട് , കിഴക്കെ നാച്ചിയ വീട് , പടിഞ്ഞാറെ നാച്ചിയ വീട് .


വിശാലമായ സ്ഥലങ്ങളും നാല് കെട്ട് തറവാടുകളും കൊണ്ട് സമ്പന്നമായിരുന്നു കൊച്ചങ്ങാടി .നൈന സമുദായത്തിലെ പെണ്ണുങ്ങളെ ‘ താച്ചിമാർ ‘ എന്നാണ് വിളിക്കുക ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നവരാണ് താച്ചിമാർ .
നൈനാമാരാകട്ടെ സൽക്കാര പ്രിയരായിരുന്നു വിഭവസമൃദമായ തീൻമേശകളായിരുന്നു നൈനാമാരുടേത് , വ്യത്യസ്ഥ വിഭവങ്ങൾ കൊണ്ട് സമ്പന്നം .
പേർഷ്യൻ വിഭവമായ ‘എല്ലൂരി മുസ്മൻ ‘ ഒരു എല്ല് പോലും അവശേഷിപ്പിക്കാതെയുള്ള അതിന്റെ രഹസ്യം ഇന്നും നിലനിൽക്കുന്നു . എന്റെ ഉമ്മ ( താച്ചി ) വളരെ
രഹസ്യമായാണ് ഇതുണ്ടാക്കാറ് ഇപ്പോൾ അത് എന്റെ മൂത്ത സഹോദരിക്കറിയാം .

ചിലർ ഈ വിഭവം തയ്യാറാക്കിയതായി അറിയുന്നു . മുഗൾ ചരിത്രകാരൻ അബു ഫാസിലിന്റെ ‘അയ്നി അക്ബരി ‘ എന്ന എന്ന ഗ്രന്ഥത്തിൽ ഈ വിഭവം അക്ബർ ചക്രവർത്തിയുടെ റോയൽ കോർട്ടിൽ വിളമ്പിയിരുന്നതായി പറയുന്നു . പേർഷ്യ , അറേബ്യ , ഇന്ത്യ എന്നി രാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്ന പേർഷ്യൻ വ്യാപാരി ഷെയ്ക്ക് അഹമ്മദ് ഖ്വാമിയാണ് ഈ വിഭവത്തിന്റെ അണിയറക്കാരൻ എന്ന് പറയപ്പെടുന്നു . ഈ വിഭവം ഇന്ന് കൊച്ചിക്കും സ്വന്തമാണ് അറബ് – പേർഷ്യൻ ബന്ധങ്ങളുടെ പിന്മുറക്കാരായ നൈനാമാരിലൂടെ .


പടിഞ്ഞാറെ നാച്ചിയ വീട് പ്രശസ്തരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ തറവാട് .
ആദ്യമായി കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ , പ്രശസ്ത സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് തലമുതിർന്ന നേതാവുമായിരുന്ന അച്ചുതമേനോൻ , സാഹിത്യകാരന്മാരായ കേശവദേവ് , വൈക്കം മുഹമുദ് ബഷീർ തുടങ്ങിയ പ്രശസ്തർ ഈ തറവാട്ടിലെത്തിയിട്ടുണ്ട് , കൊച്ചിയുടെ ‘ ഭായി ‘ എന്ന പ്രിയപ്പെട്ട പാട്ടുകാരൻ മെഹ്ബൂബ് നാച്ചിയ വീടിന്റെ കോലായിലിരുന്ന് പാടും ആ പാട്ടുകൾക്ക് ആ തറവാട് ഇന്നും സാക്ഷിയായി നിൽക്കുന്നു , എപ്പൊഴൊ ഒരിക്കൽ ഭായിചന്ദനപള്ളിയിൽ ബാങ്ക് വിളിച്ചിട്ടുണ്ട് ആ ബാങ്കിന് വല്ലാത്ത കുളിർമയായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് .


‘ താച്ചാ ‘ എന്ന് വിളിക്കുന്ന എന്റെ ഉമ്മയുടെ ഗ്രാന്റ് മദർ കഥകളുടെ രാജകുമാരിയായിരുന്നു ‘ആയിരത്തൊന്ന് രാവ് ‘ എന്ന അറബി കഥ പോലെ താച്ചാ കഥകൾ പറഞ്ഞ് കൊണ്ടെയിരിക്കും ജമാൽ കൊച്ചങ്ങാടി പറയാറുണ്ട് തന്നിലെ കഥാകാരനെ തൊട്ടുണർത്തിയത് താച്ചയിൽ നിന്ന് ചെറുപ്പത്തിൽ താൻ കേട്ട ഇത്തരം കഥകളായിരുന്നു എന്ന് .


നൈനമാരുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല ……..
‘ പെരുന്നാൾ രാവിൽ ‘ കൊച്ചിയിലെ സൽക്കാര പ്രിയ ‘ അമ്മായി ‘ മുക്ക് ……
ഏതൊ അമ്മായിയുടെ പേരിൽ അറിയപ്പെട്ട ഈ ‘അമ്മായി മുക്കിലെ ‘ പൊരുന്നാൾ തലേന്ന് കേരളത്തിൽ മറ്റെവിടെയും കാണാത്ത തിരിക്കാണ് , താൽക്കാലികമായി കെട്ടിയുയർത്തുന്ന കടകളും , അലങ്കാരങ്ങളും , പിന്നെ അലങ്കാരങ്ങൾക്ക് മാറ്റ് കൂട്ടാൻ കുറെ മൊഞ്ചന്മാരും മൊഞ്ചത്തികളും .

ദൂരദിക്കുകളിൽ നിന്ന് വരെ ആദിവസം ആളുകൾ ഇവിടെ എത്തിച്ചേരും
അമ്മായി മുക്കിലെ മുഹമ്മദാലി എന്ന മമ്മാലിക്കയുടെ ചായ കട പ്രശസ്തമാണ് . പ്രഭാത പ്രാർത്ഥനയും (സുബഹ് നമസ്കാരം ) കഴിഞ്ഞ് മമ്മാലിക്കയുടെ ചായക്കടയിൽ നിന്ന് വെളിച്ചെണ്ണ പത്തിരിയൊ , സവാള വടയൊ ,
ചക്കരയപ്പമൊ കഴിച്ച് ചായയും കുടിച്ചാലെ ഒന്ന് തൃപ്തിയാകൂ .
ഇനി കൊച്ചങ്ങാടിയിൽ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള യാത്ര ……..

By ivayana