രചന : സന്തോഷ് പെല്ലിശ്ശേരി ✍
മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.
ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..
പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.
നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ സൂപ്രണ്ട് ജെയിംസാണ്.
” നമസ്കാരം ജെയിംസ്..”
“സാർ നമസ്കാരം.. മറക്കല്ലേട്ടോ സാർ.. ഇന്നാണ് ആ പുറംമ്പോക്ക് ഒഴിപ്പിക്കൽ ലാസ്റ്റ് ഡേറ്റ്.. നേരത്തെ എത്തുമോ..?”
ഓ… ഞാൻ അക്കാര്യം മറന്നു പോയിരുന്നു.
പുറമ്പോക്കുകാർക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് കൊടുത്തിട്ട് കുറേയായി.കാലാവുധി പല പ്രാവശ്യം നീട്ടിയും കൊടുത്തു. ഇനിയും ഒഴിയാതെ കുറച്ചു പേരുണ്ട്. എനിക്കാണെങ്കിൽ മുകളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാകുന്നുമില്ലായിരുന്നു..
“സാർ…?”
ജെയിംസിന്റെ ശബ്ദം…
” ങ്ഹാ… ജെയിംസ്… ഓക്കെയോക്കെ.. നമുക്ക് പത്തിന് തന്നെ ഇറങ്ങാം…”
ജെയിംസിനൊപ്പം ഫയലുമായി ജീപ്പിൽ കയറുമ്പോൾ ഡ്രൈവർ ജോയി പറഞ്ഞു.
“സാർ, അവിടെയിനി ഒരു വീടും കൂടിയെ ഉള്ളു സാർ.. പ്രളയത്തോടെ ഏറെക്കുറേ ആളുകൾ പോയി. അവര് പിന്നെ വന്നില്ല.”
” അവിടെയുള്ളത് ആ ചങ്കൻ ജോസഫാവാനേ വഴിയുള്ളൂ..
അവനേയും ഒഴിപ്പിക്കാതെ പറ്റില്ലല്ലോ..
പോലീസിനെ വിളിക്കണോ സാർ “- ജെയിംസ് വീണ്ടും തുടർന്നു. – “എത്ര അവധി കൊടുത്തതാ… അവന്റെയൊരു അഹങ്കാരമേ… “
” വേണ്ട വേണ്ടാ…
അതൊക്കെ അവിടെ ചെന്നിട്ട് വിളിക്കാം…
പോവാം ജോയി… “
ചാലക്കുടി പള്ളിയുടെ മുൻപിലെത്തിയപ്പോൾ ജോയി വണ്ടി ഒതുക്കി നിർത്തി.
ഇനി നടക്കണം. ഇരുഭാഗത്തുമുള്ള കനാൽ ബണ്ടിൽ അവിടെ ഉണ്ടായിരുന്ന കൂരകളുടെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്… പ്രളയം ചവുട്ടി മെതിച്ച് കടന്നുപോയപ്പോൾ തകർന്ന ജീവിതങ്ങളുടേയും സ്വപ്നങ്ങളുടേയും അവശിഷ്ടക്കൂമ്പാരങ്ങൾ…!
അകലേ നിന്ന് തന്നെ കാണാം ,ഒരു കുട്ടിക്കലുങ്കിനോട് ചേർന്ന് ഒരു കൊച്ചു കുടിൽ..
അല്പം ചെരിഞ്ഞാണ് കുടിൽ നിൽക്കുന്നത് ..
മുറ്റത്ത് കുറേ ചെടികളും അവയിൽ നിറയെ പൂക്കളും…
അവിടെ ആ കൊച്ചുമുറ്റത്ത് തനിച്ചിരുന്ന് കല്ലുകളും കടലാസുമൊക്കെയായി കളിച്ചു കൊണ്ടിരിക്കുന്നു ഉദ്ദേശം അഞ്ചു വയസുള്ള ഒരു സുന്ദരി പെൺകുട്ടി…
ഒരു വെള്ള അടിയുടുപ്പ് ഇട്ടിരിക്കുന്ന ആ കൊച്ചുകുട്ടി
കാല്പെരുമാറ്റം കേട്ട് തലയുയർത്തി നോക്കി..
ഞങ്ങളെ കണ്ടപ്പോൾ
” അമ്മേയെന്ന് ” വിളിച്ചുകൊണ്ട് ആ കുഞ്ഞ് അകത്തേയ്ക്ക് ഓടി…
നരച്ച നിറമുള്ള ഒരു സാരിയുടുത്ത ,അധികം പ്രായമില്ലാത്ത ഒരു പെൺകുട്ടി കുടിലിന്റെ പുറത്തേയ്ക്കിറങ്ങി വന്നു.. തന്റെ നനഞ്ഞ കൈകൾ സാരിയുടെ തലപ്പിൽ തുടച്ചു കൊണ്ടവൾ ചോദിച്ചു.. – “ആരാ സാറേ… മനസിലായില്യാട്ടാ… “
” ഹും.. ഞങ്ങൾ മുനിസിപ്പാലിറ്റീന്നാ.. നോട്ടീസ് കിട്ടിയില്ലാർന്നൊ…? ” – ഉച്ചത്തിൽ ജെയിംസിന്റെ മറു ചോദ്യം കേട്ട് അവളൊന്ന് പരുങ്ങി.
” അയ്യോ.. ഉവ്വുവ്വ… കിട്ട്യാർന്നു… വാ.. സാറമ്മാരേ…കേറി വാ.. ” – അവൾ ഭവ്യതയോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഒരു ചെറിയ കുടിൽ..! ഒരറ്റത്തായി ഒരു മണ്ണെണ്ണ സ്റ്റൗവും കുറച്ച് അടുക്കള പാത്രങ്ങളും..
മറ്റൊരു മൂലയിൽ പായും തലയിണയുമെല്ലാം ചുരുട്ടി വച്ചിരിക്കുന്നു…
വാതിലിന്നഭിമുഖമായി ഇട്ടിരിക്കുന്ന കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ട്…
ഉദ്ദേശം 45 വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..
” സാറന്മാരേ.. ആൾക്ക് വയ്യാത്തതാട്ടൊ..
ഇങ്ങോട്ടിരി … ” – അവൾ ഒരു ചെറിയ മരബെഞ്ച് മുന്നോട്ട് നീക്കിയിട്ടിട്ട് തുടർന്നു.- ” മ്മടെ പ്രളയണ്ടായപ്പൊ ആളോളെ രക്ഷിക്കാനും ഒക്കെയായി ആള് പാഞ്ഞ് നടക്കാർന്നു, ഊണൂല്യാ.. ഒറക്കോല്യാണ്ട്… ഞാനും മോളും കുന്നത്തെ ഉസ്കൂളില് കേമ്പിലും പെട്ടു… ” – അവൾ തന്റെ പ്രിയതമന്റെ അരികിലായി പതിയെ ഇരുന്നു. അയാളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകൾ മാടിയൊതുക്കിക്കൊണ്ട് അവൾ വിതുമ്പി.
ഒരു നിമിഷത്തിന് ശേഷം അവൾ തുടർന്നു.” പ്രളയത്തിന്റെ മൂന്നാമത്തെ ദെവസം മ്മടെ കൂടപ്പുഴ അമ്പലത്തിന്റടുത്ത് പാതി മുങ്ങിപ്പോയ വീട്ടില് ഒര് അപ്പാപ്പനേം അമ്മാമ്മേനേം രക്ഷിക്കാൻ പോയതാ.. വീടിന്റെ ഒരു സൈഡ് ഇടിഞ്ഞുവീണ് പരിക്ക് പറ്റീ.. അപ്പത്തന്നെ ആശൂത്രിലൊക്കെ കൊണ്ടോയി… പക്ഷെ തളർന്നു പോയി സാറമ്മാരെ… “
ജെയിംസ് എന്റെ മുഖത്തു നോക്കി ഇതൊന്നും ശ്രദ്ധിക്കേണ്ടന്ന അർത്ഥത്തിൽ കണ്ണിറുക്കിക്കാണിച്ചു.
” ആൾടെ അടുത്ത് എപ്പഴും ആള് വേണം.. അതോണ്ടാ ഞാൻ ഓഫീസിലേക്ക് വരാഞ്ഞത്…
കുറച്ച് യൂണിയൻകാര് ചേട്ടൻമാരാണ് ഓരോരോ ആവശ്യങ്ങൾക്കൊക്കെ സഹായിച്ചോണ്ടിരുന്നത്. എല്ലായ്പ്പഴും എങ്ങിനാ അവരെ ബുദ്ധിമുട്ടിക്യാ…”
ജയിംസ് ഇടയ്ക്ക് കയറി പറഞ്ഞു…
” ദേ.. ഇതൊന്നും ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല… ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഓർഡർ അനുസരിച്ചേ പറ്റൂ.. “
അവളതൊന്നും കേൾക്കാത്ത പോലെ ആ കൊച്ചുപെൺകുട്ടിയെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് തുടർന്നു.. ” ഒരു തുണ്ട് ഭൂമിയോ സഹായിക്കാൻ ബന്ധുക്കളോ ഞങ്ങക്കില്ലാ സാറേ.. മോൾക്ക് അഞ്ച് വയസ് കഴിഞ്ഞു.. ഉസ്കൂളില് ചേർത്തിട്ടില്യാ.. ” – തൊണ്ടയിടറിയിട്ടാവണം അവളൊന്ന് നിർത്തി.. –
” അവളുടെ പ്രായക്കാര് കുട്യോള് പുതിയ ചെരുപ്പും ഉടുപ്പുമൊക്കെ ഇട്ട് ഇതിലേ പോണ കാണുമ്പോ എന്റെ മോള് നോക്കി നിൽക്കും സാറേ… അത് കാണുമ്പൊ എന്റെ ചങ്ക് തകരാണ്…
ഏട്ടന് ജോലീം കൂലീമൊക്കെ ഉണ്ടാർന്നപ്പൊ എങ്ങനെ കഴിഞ്ഞതാ ഞങ്ങള്….!
ഇപ്പൊ ഏട്ടന്റെ മരുന്നും കഴിഞ്ഞിരിക്കാണ്..
ഈ വലിയ സങ്കടക്കടലിന്റെയൊക്കെ അപ്പുറത്തിരിക്കണ നമ്മടെയൊക്കെ ദൈവങ്ങൾക്ക് കണ്ണില്ല്യlവോ സാറമ്മാരേ…. ” – അവളൊന്ന് തേങ്ങി…
ഒരു തോരാത്ത മഴ പോലെ
ചറപറാന്ന് അവൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ
ഞാനാ ചെറുപ്പക്കാരനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു…
തീരെ ചലിക്കാനാകാതെ ,
ക്ഷീണിച്ച് എല്ലും തോലുമായ ആ കോലത്തിന്റെ മുഖത്ത് വെളിച്ചം നിറഞ്ഞിരുന്നു..
ആ കരുവാളിച്ച ചുണ്ടുകൾ മെല്ലെ വിതുമ്പുന്ന പോലെ എനിക്ക് തോന്നി..
പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും അ കണ്ണുകളിൽ നിന്ന് കണ്ണീർമണികൾ ഉതിരുന്നുണ്ടായിരുന്നു..
പഴ്സെടുത്ത് ഏതാനും നോട്ടുകൾ ആ നിസ്സഹായതയുടെ കട്ടിലിൽ വച്ചിട്ട് ഞാൻ ഇറങ്ങി നടന്നു…
താമസം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരോട് , ക്ഷേമമന്വേഷിക്കാൻ വന്ന സഹോദരങ്ങളോടെന്ന പോലെ വിഷമങ്ങൾ പങ്കുവച്ച ആളെ ഞാനൊന്നു കൂടി തിരിഞ്ഞു നോക്കി.
യാതൊന്നുമറിയാതെ ,
നിറം മങ്ങിയ ഒരു പ്ലാസ്റ്റിക് പാവയുടെ മുടി കോതിയൊതുക്കിക്കൊണ്ടിരിക്കുന്ന ആ കൊച്ചു പെൺകുട്ടിയെ വാരിപ്പുണർന്ന് കൊണ്ട് തന്റെ പ്രിയതമന്റെ അരികിലിരുന്ന് തേങ്ങുകയായിരുന്നു അവൾ…
ഡ്രൈവർ ജോയിയോട് വണ്ടിയെടുക്കാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുമ്പോൾ
പിറകിൽ നിന്ന് ജെയിംസിന്റെ സാറേ എന്നുള്ള വിളിയും തുടർന്ന് അവ്യക്തമായ പിറുപിറുക്കലും കേൾക്കാമായിരുന്നു…!
പ്രളയ സമയത്ത്
രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേരം ജീവൻ നഷ്ടപ്പെട്ടവർക്കും
പരിക്ക് പറ്റിയവർക്കും
സമർപ്പണം…!