രചന : ധന്യ ഗുരുവായൂർ ✍

എല്ലായിടത്തുമെന്നപോലെ
കുന്നംകുളത്തും
ഒരു വേശ്യയുണ്ടായിരുന്നു

പുസ്തകങ്ങളെന്നാൽ
ജീവനായവൾ
വായനയെന്നാൽ
ഹരമായവൾ

കുമ്മായമടർന്നുവീണ
ലോഡ്ജുമുറികളിലെ
അരണ്ടവെളിച്ചത്തിൽ
ഒളിച്ചും പതുങ്ങിയും വരുന്ന
ആൺകോലങ്ങൾ
കാമത്തിന്റെ ദാഹംതീർക്കുമ്പോൾ
പുസ്തകങ്ങൾ ഉറക്കെയുറക്കെ
വായിച്ചു രസിക്കുന്നവൾ.
‘നീയെന്നെയൊന്നു ശ്രദ്ധിക്കെ’ന്ന്
ആർത്തിമൂത്തവർ പറയുമ്പോൾ
പുച്ഛത്തോടെ
അട്ടഹസിക്കുന്നവൾ
പറ്റില്ലെങ്കിൽ കടന്നുപൊയ്ക്കൊള്ളാൻ ആക്രോശിക്കുന്നവൾ

അവൾക്കുറപ്പായിരുന്നു
പകലുണ്ടെങ്കിൽ
രാത്രിയുണ്ടാകുമെന്ന്
മാന്യന്മാർ മുഖപടമഴിക്കുമെന്ന് .
മാംസം തേടി
കഴുകന്മാർ വരുമെന്ന്…

നീയെന്തിന്
പുസ്തകങ്ങളെ ഇത്രമേൽ
സ്നേഹിക്കുന്നതെന്ന്
ഒരാളുമവളോട് ചോദിച്ചില്ല

പഠിക്കാൻ മിടുക്കിയായിരുന്നവളെ
സ്കൂളിലേക്ക് പോകുമ്പോൾ
പ്രണയം നടിച്ച്
തട്ടിയെടുത്ത് വിറ്റുകളഞ്ഞ
ഒരുവനോടുള്ള പ്രതികാരമവൾ
വായിച്ചു വായിച്ചു തീർത്തു

ഒരു ദിനം
ആവർത്തനങ്ങളുടെ
ഉയർച്ചതാഴ്ച്ചയ്ക്കപ്പുറം
പണമെണ്ണി വാങ്ങിക്കുമ്പോൾ
ആ മുഖമെന്നോ കണ്ടുമറന്നപോലെ..

ഉമ്മറത്തെ തൂണിന്റെ മറവിൽ
അച്ചുത്തി കളിച്ചിരുന്ന
അവളുടെ കുഞ്ഞനിയൻ
വളർന്നു വളർന്നു
ഇത്രത്തോളം വളർന്നങ്ങുപോയി .

പിറ്റേന്ന്
കുന്നംകുളത്തെ
ബസ്സ്സ്റ്റാൻഡിന് മുകളിൽനിന്ന്
വേദനകളെല്ലാം
കാറ്റിൽ പറത്തിയവൾ
താഴേക്ക് പറന്നു.

ചോരനനവ് പടർന്ന
പുസ്തകം മാത്രമവളെ
നോക്കിനോക്കി കരഞ്ഞു…


(വാക്കനാൽ)

By ivayana