രചന : കിഴിൽപറ്റ മണി ✍

അത്രി
സപ്തര്‍ഷികളില്‍ ഒരാളായ അത്രി ബ്രഹ്മാവിന്റെ മാനസപുത്രനായിരുന്നു. അത്രിയുടെ കഥ പറയാത്ത പുരാണങ്ങലില്ല; ഇതിഹാസങ്ങളില്ല. പരാശരമുനി രാക്ഷസന്മാരെ ഹനിക്കാന്‍ നടത്തിയ യാഗത്തില്‍ നിന്ന് അത്രി മഹര്‍ഷി പരാശരനെ പിന്തിരിപ്പിച്ച്ച്ച ഒരു കഥ പറഞ്ഞ് കൊണ്ട് അത്രിയുടെ കഥ തുടങ്ങാം:

മുനിമാര്‍ക്കിടയിലും ശത്രുത നിലനിന്നിരുന്നതിന്റെ തെളിവാണ് വിശാമിത്രനും വസിഷ്ഠനും തമ്മിലുള്ള ശത്രുതയുടെ കഥ. വസിഷ്ടന്റെയും വിശ്വാമിത്രന്റെയും സമകാലികനായ ഒരു രാജാവായിരുന്നു കന്മാഷപാദ മഹാരാജാവ്. ഒരിക്കല്‍ അദ്ദേഹം നായാട്ടിനായി വസിഷ്ഠ പുത്രന്‍ ശക്തി തപസ്സ് ചെയ്തുകൊണ്ടിരുന്ന കാട്ടിലെത്തി. മുനിയല്ലല്ലോ; മുനിപുത്രനല്ലേ. വേണ്ടത്ര ആദരവ് മുനികുമാരനോട് കാട്ടാന്‍ രാജാവ് തയ്യാറായില്ല. ശക്തിയുണ്ടോ വിടുന്നു. ആട് കിടന്നിടത്ത് ഒരു രോമമെങ്കിലും കാണുമെന്ന് ഒരു ചൊല്ലില്ലേ. വസിഷ്ഠന്റെ തേജസ്സിന്റെ ഒരംശം മുനി കുമാരനിലും ഉണ്ടാകുമല്ലോ. ശക്തി കന്മഷപാദ മഹാരാജാവിനെ ‘നീയൊരു രാക്ഷസനായിത്തീരട്ടെ’ എന്ന് ശപിച്ചു.

തേജസ്സിയായ കന്മാഷപാദ മഹാരാജാവ് താമസിയാതെ ദംഷ്ട്രധാരിയായ ഒരു ഭീകര രാക്ഷസ്സനായി മാറി. രാക്ഷസനുണ്ടോ മുനിയെന്നും മുനികുമാരനെന്നും. തന്നെ ശപിച്ച മുനികുമാരന്‍ തന്നെയാകട്ടെ ആദ്യത്തെ ഇര എന്ന് കല്‍പ്പിച്ച്‌ രാക്ഷസന്‍ ശക്തിയെ പിടിച്ചങ്ങ് വിഴുങ്ങി. വസിഷ്ഠന്റെ ശത്രുവായ വിശ്വാമിത്രന് രാക്ഷസന്റെ ഈ പ്രവൃത്തി നന്നേ ബോധിച്ചു. വസിഷ്ഠന്റെ പുത്രന്മാരെ ഒന്നൊന്നായി വിശ്വാമിത്രന്‍രാക്ഷസനു കാട്ടിക്കൊടുത്തു. രാക്ഷസന്‍ എല്ലാവരെയും അകത്താക്കി. രാക്ഷസന്റെ കൈയില്‍പ്പെടാതെ ശക്തിയുടെ ഭാര്യ അദൃശ്യന്തിയും വസിഷ്ഠനും ഒരാശ്രമത്ത്തില്‍ ഒളിച്ചു പാര്‍ത്തു.

ഗര്‍ഭിണിയായ അദൃശ്യന്തി താമസിയാതെ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടി വളര്‍ന്നു മഹാനായ പരാശരമുനിയായി. തന്റെ അച്ചന്റെ മരണത്തിന് കാരണക്കാരനായ കന്മാഷപാദനെയും രാക്ഷസ സമൂഹത്തേയും ഹനിക്കാനായി പരാശരന്‍ ഒരു യജ്ഞം നടത്തി. ഒടുവില്‍ അത്രിമുനി അവിടെ ചെന്ന് രാക്ഷസന്മാരുടെ ഉന്മൂലനാശത്തില്‍ നിന്നും അവരെ രക്ഷിച്ചു എന്നാണ് കഥ.

ഒരിക്കല്‍ അത്രി മഹര്‍ഷിയും ഭാര്യ അനസൂയയും വനവാസത്തിനു പോകാന്‍ തീരുമാനിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയിട്ട് വേണം വന വാസത്തിനു പുറപ്പെടാന്‍. പുത്രന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും നല്‍കാനായി കുറെ ധനം സമ്പാദിക്കണം. വൈന്യ രാജാവിനെ ചെന്നു കണ്ട് കുറെ പണം ചോദിയ്ക്കാന്‍ അനസൂയ ഭര്‍ത്താവിനോട് പറഞ്ഞു. അത്രി വൈന്യനെ ചെന്ന് കണ്ടു. ആദ്യ രാജാവ് വൈന്യനാണെന്ന് പറഞ്ഞു അത്രി വൈന്യനെ പുകഴ്ത്തി. വൈന്യന്‍ സമ്മതിച്ചില്ല. ഇന്ദ്രനാണ്‌ ആദ്യ രാജാവെന്ന് വൈന്യന്‍ തര്‍ക്കിച്ചു. ഈ തര്‍ക്കം ഒടുവില്‍ തീര്‍ത്തത് സനല്‍ക്കുമാര മഹര്‍ഷിയാണ്. വേണ്ടത്ര ധനം കൊടുത്ത് വൈന്യന്‍ അത്രിയെ സന്തോഷിപ്പിച്ച്ചയച്ച്ചു. അത്രി അത് ശിഷ്യന്മാര്‍ക്കും പുത്രന്മാര്‍ക്കും പങ്കു വെച്ച ശേഷം ശിഷ്ട ജീവിതം തപസ്സ് ചെയ്യുന്നതിനായി അനസൂയയോടൊപ്പം വനവാസത്തിനു പോയി.

അത്രി മഹര്‍ഷിയേയും ഗംഗാ ദേവിയേയും ബന്ധിപ്പിച്ച് ഒരു കഥയുണ്ട്. ഒരിക്കല്‍ അത്രി മഹര്‍ഷി കാമദ വനത്തില്‍ തപസ്സിരിക്കുന്ന കാലത്ത് വനത്തില്‍ മഴ പെയ്യാതായി. മുനി ഭാര്യ അനസൂയ മണല്‍ കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി അതിനെ യഥാവിധി പൂജിക്കാന്‍ തുടങ്ങി. അത് കണ്ട് മുനി അവളോട്‌ കുറച്ചു ജലം കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ഒരിടത്തും ജലം കിട്ടാതെ അനസൂയ വലഞ്ഞു. ഒടുവില്‍ ഗംഗാ ദേവി പ്രത്യക്ഷയായി അനസൂയയോട്‌ ഭൂമിയില്‍ ഒരു ദ്വാരമിടാന്‍ ആവശ്യപ്പെട്ടു. അനസൂയ അപ്രകാരം ചെയ്തു.

ആശ്ചര്യം! അവിടെ നിന്ന് ജലം ധാരധാരയായി പ്രവഹിക്കാന്‍ തുടങ്ങി. ഗംഗാ ദേവി പ്രസാദിച്ചു നല്‍കിയ ജലം അനസൂയ അത്രിക്ക് കൊടുത്തു. ജലത്തിന്റെ ഉത്ഭവം ആരാഞ്ഞ മുനിയോട് അനസൂയ കഥയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. അത്രി ഗംഗാ ദേവിയെ അനുസ്മരിച്ചു. ഗംഗാ ദേവി പ്രത്യക്ഷപ്പെട്ടു അത്രിക്ക് ദര്‍ശനമരുളി. ഗംഗാദേവിയോട് മേലില്‍ ഭൂമി വിട്ടു പോകരുതെന്ന് അനസൂയ പ്രാര്‍ത്ഥിച്ചു. ഒരു വര്‍ഷത്തെ ഭത്തൃ പരിചരണ ഫലവും തപ: ശക്തിയും തനിക്കു തന്നാല്‍ താനിനി ഭൂമി വിട്ടു പോകില്ലെന്ന് ഗംഗാദേവി ഉറപ്പു കൊടുത്തു. അനസൂയ അത് സമ്മതിച്ചു. ഗംഗയെ കൈവിട്ടു പോകുമെന്ന് ഭയന്ന ശിവന്‍ ലിംഗരൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. മുനിയുടെ അപേക്ഷയനുസരിച്ച്ചു ലിംഗ രൂപത്തിലുള്ള ശിവന്‍ ശിലയായി മാറി അത്രിക്ക് പൂജ ചെയ്യാന്‍ സൌകര്യമൊരുക്കി.

ത്രിമൂര്‍ത്തികള്‍ അത്രിക്ക് പുത്രന്മാരായി പിറന്ന ഒരു കഥയുണ്ട്:
പണ്ടുപണ്ട് ശീലാവതി എന്ന പേരില്‍ ഒരു പതിവൃതയായ ഒരു കുലീന സ്ത്രീരത്നം ജീവിച്ചിരുന്നു. ഭര്‍ത്താവായ ഉഗ്രശ്രവസ്സ് രോഗിയും വൃദ്ധനും സ്ത്രീലംപടനുമായിരുന്നു. കട്ടക്ക് കാലും നീട്ടിയിരുന്ന ഉഗ്രശ്രവസ്സിന് ആഗ്രഹങ്ങള്‍ ഇനിയും ബാക്കി.
“തനിക്കു ഒരു വേശ്യാ സ്ത്രീയെ കാണണം. കണ്ടാല്‍ മാത്രം മതി”.
ഭര്‍ത്താവിന്റെ ആഗ്രഹമല്ലേ. ഒരു പക്ഷെ അവസാന ആഗ്രഹമായാലോ. ആഗ്രഹങ്ങള്‍ ബാക്കി വച്ചു മരണപ്പെട്ടാല്‍ മോക്ഷം ലഭിച്ച്ചില്ലെങ്കിലോ. ഇങ്ങനെയൊരിടത്ത് ഭര്‍ത്താവിനെ എത്തിക്കാന്‍ പറഞ്ഞാല്‍ ആളുകള്‍ പരിഹസിക്കില്ലേ? ഏതു ഭാര്യയാണ് ഇത് അനുസ്സരിക്കുക.

സന്തോഷത്തോടെ ശീലാവതി തന്നെ ആ ജോലി ഏറ്റെടുത്തു. എല്ലും തോലുമായി മാറിയ ഉഗ്രശ്രവസ്സിനെയും തോളിലേറ്റി ശീലാവതി വേശ്യാഗൃഹത്തിലേക്ക് യാത്രയായി. വഴിയോര കാഴ്ചകള്‍ കണ്ട് ബാല്യകാല സ്മരണകള്‍ അയവിറക്കിയപ്പോള്‍ ഉഗ്രശ്രവസ്സിനു ബാല്യം വീണ്ടും കൈവന്ന പോലെ തോന്നി. വഴിക്ക് വെച്ച് മൌനവ്രതക്കാരനായ അണിമാണ്ടവ്യനെ കണ്ടു. വായ തുറക്കാത്തതിനുള്ള ശിക്ഷയായി രാജകിങ്കരന്മാര്‍ കള്ളന്മാര്‍ക്കൊപ്പം ശൂലമുനയില്‍ കൊരുത്തിട്ടിരിക്കുകയാണ് മുനിയെ. ശൂലമുനയില്‍ തൂങ്ങി ‘റ’ പോലെ കിടക്കുന്ന അണിമാണ്ടവ്യനെ കണ്ട ഉഗ്രശ്രവസ്സിന് സങ്കടമല്ല ചിരിയാണ് വന്നത്. അയാളുടെ വായ തുറപ്പിക്കാന്‍ ശീലാവതിയുടെ തോളത്തിരുന്നു ഉഗ്രശ്രവസ്സ് എന്തോ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു.

അണിമാണ്ടവ്യന്‍ മൌനം ഭഞജ്ജിച്ച്ചു! “നാളെ സൂര്യോദയത്തിനു മുന്‍പ് നിന്റെ തല പൊട്ടിത്തെറിക്കട്ടെ”.
ഇത് കേട്ട ശീലാവതി ഞെട്ടി. ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി ശീലാവതി പറഞ്ഞു:
“സൂര്യന്‍ ഇനി ഉദിക്കാതെ പോകട്ടെ”.
ശീലാവതി പതിവ്രതയാണ്. പാതിവ്രത്യത്തിന് തപസ്സിനെക്കാള്‍ ശക്തിയുണ്ടത്രേ. ഏതായാലും പിറ്റേന്ന് പ്രഭാതം കണി കാണാനുള്ള ഭാഗ്യം ആര്‍ക്കും ഉണ്ടായില്ല. സൂര്യന്‍ ഉദിച്ചില്ല! ഒടുവില്‍ ത്രിമൂര്‍ത്തികള്‍ ശീലാവതിയുടെ കൂട്ടുകാരിയായ അത്രിപത്നിയെക്കണ്ട് ഉഗ്രശ്രവസ്സിന് അണിമാണ്ടവ്യന്‍ കൊടുത്ത ശാപം പിന്‍വലിക്കാം പകരം സൂര്യന്‍ ഉദിക്കില്ലെന്ന ശാപം ശീലാവതിയെക്കൊണ്ട് അനസൂയ പിന്‍വലിപ്പിക്കണമെന്ന് അഭ്യര്‍ത്ധിച്ച്ചു. ശീലാവതി അപ്രകാരം ചെയ്തു.

പ്രത്യുപകാരമായി ഞങ്ങള്‍ എന്താണ്ചെയ്യേണ്ടത് എന്ന് ത്രിമൂര്‍ത്തികള്‍ ആരാഞ്ഞു.
‘ത്രിമൂര്‍ത്തികള്‍ തനിക്ക് മക്കളായി പിറക്കണം’ എന്ന് അത്രിപത്നി അനസൂയ ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ത്രിമൂര്‍ത്തികള്‍ സമ്മതിച്ച് അനസൂയയെ അനുഗ്രഹിച്ചു. അതിന്‍പ്രകാരം മഹാവിഷ്ണു ദത്ത ത്രേയനായും, ശിവന്‍ ദുര്‍വാസാവായും, ബ്രഹ്മാവ്‌ ചന്ദ്രനായും അനസൂയയുടെ ഗര്‍ഭത്തില്‍ പിറന്നു. അങ്ങനെ ത്രിമൂര്‍ത്തികളുടെ പിതൃസ്ഥാനം അത്രിമുനിക്ക് കൈ വരികയും ചെയ്തു.

By ivayana