യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിൻ പ്രഖ്യാപനം നടത്തിയത്. ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. രണ്ട് പ്രദേശങ്ങളിലും സമാധാനം ഉറപ്പ് വരുത്താൻ പുടിൻ ഉത്തരവിട്ടു. 2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടുന്ന വിമത വിഭാഗമാണ് ഡൊണെറ്റ്സ്കും ലുഹാൻസ്കും.
രാജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട് സംസാരിച്ച പുടിൻ, റഷ്യയുടെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് യുക്രൈൻ എന്ന് വിശേഷിപ്പിച്ചു. കിഴക്കൻ യുക്രൈൻ പുരാതന റഷ്യൻ ഭൂമിയാണെന്ന് പുടിൻ പറഞ്ഞു. തന്റെ തീരുമാനത്തെ റഷ്യൻ ജനത പിന്തുണയ്ക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു.
വളരെക്കാലം മുമ്പ് എടുക്കേണ്ടിയിരുന്ന ഒരു തീരുമാനം ഇപ്പോൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു, ഡൊണെറ്റ്സിക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നു” പുടിൻ പ്രസംഗത്തിൽ വ്യക്തമാക്കി.റഷ്യയുടെ നീക്കം സമാധാന ചർച്ചകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.